ട്വന്‍റി20യിൽ അപൂർവ ‘ഡബിൾ’ നേടുന്ന ആദ്യ ഇന്ത്യൻ താരം; ചരിത്രം കുറിച്ച് ഹാർദിക് പാണ്ഡ്യ
text_fieldsഹാർദിക് പാണ്ഡ്യ
ധരംശാല: ദക്ഷിണാഫ്രിക്കക്കെതിരെ ഞായറാഴ്ച നടന്ന ട്വന്‍റി20 മത്സരത്തിൽ അനായാസമായാണ് ഇന്ത്യ വിജയത്തിലേക്ക് നടന്നുകയറിയത്. ബൗളർമാരുടെ മിന്നുംപ്രകടനത്തിലൂടെ പ്രോട്ടീസിനെ പിടിച്ചുകെട്ടിയ ടീം ഇന്ത്യ, ഏഴു വിക്കറ്റ് ജയമാണ് ധരംശാലയിൽ കുറിച്ചത്. ജയത്തോടെ ഇന്ത്യ പരമ്പരയിൽ മുന്നിലെത്തുകയും (2-1) ചെയ്തു. ടീമിന്‍റെ നേട്ടത്തോടൊപ്പം, താരങ്ങൾ വ്യക്തിഗത നാഴിക്കല്ല് പിന്നിടുന്നതിനും ധരംശാല സാക്ഷിയായി. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും സ്പിന്നർ വരുൺ ചക്രവർത്തിയുമാണ് അവരിൽ പ്രധാനികൾ.
മത്സരത്തിൽ നേടിയത് ഒരു വിക്കറ്റാണെങ്കിലും ടി20 കരിയറിൽ 100-ാം വിക്കറ്റാണ് ഹാർദിക് സ്വന്തമാക്കിയത്. കുട്ടിക്രിക്കറ്റിൽ 1,500 റൺസും 100 വിക്കറ്റും നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ഹാർദിക്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നേരത്തെ ഈ നേട്ടം കൈവരിച്ചിട്ടുള്ളത് ഷാക്കിബുൽ ഹസൻ (ബംഗ്ലാദേശ്), വിരൻദീപ് സിങ് (മലേഷ്യ), മുഹമ്മദ് നബി (അഫ്ഗാനിസ്താൻ), സിക്കന്ദർ റാസ (സിംബാബ്വെ) എന്നിവരാണ്. വനിതാ താരങ്ങളിൽ നിദ ദർ (പാകിസ്താൻ), എല്ലിസ് പെറി (ആസ്ട്രേലിയ), ജാനറ്റ് എംബാബസി (ഉഗാണ്ട), സോഫി ഡിവൈൻ (ന്യൂസിലാൻഡ്), ഹെയ്‍ലി മാത്യൂസ് (വെസ്റ്റിൻഡീസ്) എന്നിവരും ഈ ’ഡബിൾ’ സ്വന്തമാക്കിയവരാണ്.
അർഷ്ദീപ് സിങ്ങിനും ജസ്പ്രീത് ബുംറക്കും ശേഷം ട്വന്‍റി20യിൽ 100 വിക്കറ്റ് തികക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് ഹാർദിക്. ഈ വർഷമാദ്യം നടന്ന ഏഷ്യകപ്പിൽ ഒമാനെതിരെയാണ് അർഷ്ദീപ് 100 വിക്കറ്റ് തികച്ചത്. ധരംശാലയിൽ ദക്ഷിണാഫ്രിക്കയുടെ ട്രിസ്റ്റൻ സ്റ്റബ്സിനെ പുറത്താക്കിയാണ് ഹാർദിക് വിക്കറ്റ് നേട്ടം മൂന്നക്കത്തിലെത്തിച്ചത്. പ്രോട്ടീസ് ഇന്നിങ്സിലെ ഏഴാം ഓവറിൽ സ്റ്റബ്സിനെ ഹാർദിക്, വിക്കറ്റ് കീപ്പർ ജീതേഷ് ശർമയുടെ കൈകളിലെത്തിക്കുകയായിരുന്നു. നേരത്തെ കട്ടക്കിൽ നടന്ന ഒന്നാം ടി20യിൽ അർധ സെഞ്ച്വറിയടിച്ച ഹാർദിക് കളിയിലെ താരമായിരുന്നു.
അതേസമയം ധരംശാലയിലെ ബൗളിങ് പ്രകടനത്തിലൂടെ ടി20 കരിയറിൽ 50 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിടാൻ വരുൺ ചക്രവർത്തിക്കായി. 32-ാം മത്സരത്തിൽ 50 വിക്കറ്റ് പിന്നിട്ടതോടെ, ഈ നാഴികക്കല്ല് വേഗത്തിൽ പിന്നിടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാകാനും വരുണിനായി. ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവാണ് ഇക്കാര്യത്തിൽ മുന്നിലുള്ളത്. 30 മത്സരങ്ങളിലാണ് കുൽദീപ് 50 വിക്കറ്റുകൾ പിഴുതത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

