ഐ.പി.എല്ലിൽ കെ.കെ.ആറിനെ അജിങ്ക്യ രഹാനെ നയിക്കും; വെങ്കടേഷ് അയ്യർ ഉപനായകൻ
text_fieldsകൊൽക്കത്ത: പുതിയ ഐ.പി.എൽ സീസണിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ (കെ.കെ.ആർ) വെറ്ററൻ താരം അജിങ്ക്യ രഹാനെ നയിക്കും. ഓൾ റൗണ്ടർ വെങ്കടേഷ് അയ്യരാണ് ഉപനായകൻ. മാർച്ച് 22നാണ് ഐ.പി.എൽ തുടങ്ങുന്നത്.
കഴിഞ്ഞ നവംബറിൽ നടന്ന ഐ.പി.എൽ മെഗാ താരലേലത്തിൽ ഒന്നര കോടി രൂപക്കാണ് മുംബൈ താരത്തെ കെ.കെ.ആർ ടീമിലെത്തിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയെ വിജയകരമായി നയിച്ചതിന്‍റെ ആത്മവിശ്വാസവുമായാണ് താരം ഐ.പി.എല്ലിൽ ടീമിനെ നയിക്കാനെത്തുന്നത്. ഇറാനി കപ്പിലും സെയ്ദ് മുഷ്താഖ് അലി ട്രോഫിയിലും മുംബൈക്ക് കിരീടം നേടി കൊടുത്തിരുന്നു. നേരത്തെ, 2022 സീസണിൽ രഹാനെ കൊൽക്കത്തക്കൊപ്പം കളിച്ചിരുന്നു.
സെയ്ദ് മുഷ്താഖ് അലി ട്വന്‍റി20യിൽ റൺ വേട്ടക്കാരനിൽ ഒന്നാമനായിരുന്നു രഹാനെ. എട്ടു ഇന്നിങ്സുകളിൽനിന്ന് അഞ്ചു അർധ സെഞ്ച്വറികളുമായി 469 റൺസാണ് താരം അടിച്ചുകൂട്ടിയത്. മെഗാ ലേലത്തിനു മുന്നോടിയായി ഒഴിവാക്കിയ വെങ്കടേഷിനെ അതേ ലേലത്തിൽ തന്നെ റെക്കോഡ് തുകയായ 23.75 കോടി രൂപക്കാണ് കെ.കെ.ആർ വിളിച്ചെടുത്തത്. ലീഗിലെ ഏറ്റവും വിലയേറിയ മൂന്നാമത്തെ താരമാണ്.
‘ഐ.പി.എല്ലിലെ ഏറ്റവും വിജയകരമായ ടീമുകളിൽ ഒന്നായ കെ.കെ.ആറിന്‍റെ ക്യാപ്റ്റനാകുന്നതിൽ വലിയ അഭിമാനം തോന്നുന്നു. മികച്ചതും സന്തുലിതവുമായ ടീമാണിതെന്ന് കരുതുന്നു. എല്ലാവരുമായും സഹകരിച്ച് പ്രവർത്തിക്കാനും ടീമിന്‍റെ കിരീടം നിലനിർത്താനുള്ള വെല്ലുവിളി ഏറ്റെടുക്കാനും തയാറാണ്’ -രഹാനെ പ്രതികരിച്ചു.
അജിങ്ക്യ രഹാനെയെ പോലൊരു താരം ടീമിലുള്ളതിൽ വലിയ സന്തോഷമുണ്ടെന്ന് കെ.കെ.ആർ സി.ഇ.ഒ വെങ്കി മൈസൂർ പറഞ്ഞു. ശ്രേയസ് അയ്യരുടെ പകരക്കാരനായാണ് രഹാനെ ടീമിന്‍റെ നായകനാകുന്നത്. മെഗ ലേലത്തിനു മുന്നോടിയായാണ് കഴിഞ്ഞ സീസണിൽ ടീമിനെ കിരീടത്തിലേക്ക് നയിച്ച ശ്രേയസ്സിനെ കൊൽക്കത്ത കൈവിട്ടത്. മാർച്ച് 22ന് കൊൽക്കത്തയിൽ നടക്കുന്ന ഐ.പി.എൽ 2025 ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവാണ് കെ.കെ.ആറിന്‍റെ എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

