സൈലന്റ് നായകന് വൈബ്രന്റ് വരവേൽപ്പ്: രഹാനെയെ രാജകീയമായി ആനയിച്ച് അയൽവാസികൾ VIDEO
text_fieldsമുംബൈ: ആസ്ട്രേലിയൻ മണ്ണിൽ ചരിത്രവിജയം നേടി മടങ്ങിയെത്തിയ ഇന്ത്യൻ നായകൻ അജിൻക്യ രഹാനെക്ക് ഗംഭീരവരവേൽപ്പ്. പൂക്കളെറിഞ്ഞും ചുവന്നപരവതാനിവിരിച്ചും വാദ്യോപകരണങ്ങൾ മുഴക്കിയുമാണ് രഹാനെയെ വീട്ടിലേക്ക് വരവേറ്റത്.
രഹാനെ താമസിക്കുന്ന മുംബൈയിലെ റസിഡൻഷ്യൻ കോംപ്ലക്സിലെ അയൽവാസികളാണ് ഗംഭീര സ്വീകരണം ഒരുക്കിയത്. ആരവങ്ങൾക്കിടയിലൂടെ കുഞ്ഞിനെയും എടുത്ത് ശാന്തനായി നടന്നുവരുന്ന രഹാനെയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പറപറക്കുന്നുണ്ട്. 'ആലാ രേ ആല അജിൻക്യ ആലാ' എന്നുതുടങ്ങുന്ന വരികളും ചിലർ പാടി.
ദാദറിൽ റുപാറെൽ കോളജിന് സമീപത്ത് ഭാര്യ രാഥിക ധോപാവ്കർക്കും രണ്ടുവയസ്സുകാരിയായ മകൾ ആര്യക്കുമൊപ്പമാണ് രഹാനെ താമസിക്കുന്നത്. ഒന്നാം ടെസ്റ്റിലെ തോൽവിക്ക് ശേഷം മുൻനിശ്ചയിച്ച പ്രകാരം ഗർഭിണിയായ ഭാര്യയുടെ അടുത്തേക്ക്് ക്യാപ്റ്റൻ വിരാട് കോഹ്ലി മടങ്ങിയതോടെയാണ് രഹാനെ ഇന്ത്യയുടെ നായകസ്ഥാനം ഏറ്റെടുത്തത്. പരിക്കിൽ ഉലഞ്ഞ ഇന്ത്യയെ ഒരു പിടി യുവതാരങ്ങളെയും കൊണ്ട് കിരീടം ചൂടിച്ച രഹാനെയുടെ നായകമികവ് ലോകമെമ്പാടും വലിയ പ്രശംസ നേടിയിരുന്നു.

