'ഈ പിച്ച് എങ്ങനെ പ്രതികരിക്കുമെന്ന് പ്രവചിക്കാനാവില്ല'; ഇന്ത്യ-പാക് മത്സരത്തിന് മുമ്പ് രോഹിത്
text_fieldsന്യൂയോർക്ക്: ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ പോരാട്ടം നടക്കുന്ന നസ്സാവുവിലെ ഗ്രൗണ്ടിലെ പിച്ചിന്റെ അപ്രവചനീയ സ്വഭാവത്തെ കുറിച്ച് പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. പിച്ചൊരുക്കിയ ക്യൂറേറ്ററിന് പോലും അതെങ്ങനെ പ്രതികരിക്കുമെന്ന് പറയാനാവില്ലെന്ന് രോഹിത് പറഞ്ഞു.
ഇത് ഞങ്ങളുടെ ഹോം ഗ്രൗണ്ടല്ല. ഇവിടെ ചില മത്സരങ്ങൾ ഞങ്ങൾ കളിച്ചിട്ടുണ്ട്. എന്നാൽ, ചില ട്രെയിനിങ് സെഷനുകൾ മഴമൂലം നടത്താൻ പറ്റാത്ത സാഹചര്യവുമുണ്ടായി. പിച്ചിനെ കുറിച്ച് പറയുകയാണെങ്കിൽ ക്യൂറേറ്ററിന് പോലും അതിന്റെ സ്വഭാവം പ്രവചിക്കാനാവില്ല. ഓരോ ദിവസവും ഓരോ രീതിയിലാണ് അത് പ്രതികരിക്കുന്നതെന്ന് രോഹിത് വ്യക്തമാക്കി.
നേരത്തെ ഇന്ത്യ-അയർലാൻഡ് മത്സരത്തിൽ പിച്ചിലെ ബൗൺസ് രോഹിത് ശർമ്മക്കും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന് ചെറിയ പ്രശ്നം സൃഷ്ടിച്ചിരുന്നു. എന്നാൽ, ഇന്ത്യക്കായി കളിക്കുമ്പോൾ ഇതൊന്നും പ്രശ്നമല്ലെന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യത്തിന് രോഹിത്തിന്റെ മറുപടി. ദക്ഷിണാഫ്രിക്കയിലും ആസ്ട്രേലിയയിലുമെല്ലാം ഇത്തരം സാഹചര്യത്തിൽ കളിച്ചിട്ടുണ്ട്. ബ്രിസ്ബേനിൽ ആസ്ട്രേലിയക്കെതിരെ ടെസ്റ്റ് മത്സരം കളിച്ചപ്പോഴും മാനസികമായി സമ്മർദമുണ്ടായിരുന്നു. അന്നും ബാറ്റ്സ്മാൻമാർക്ക് ബൗൺസ് പ്രശ്നം സൃഷ്ടിച്ചിരുന്നു. എന്നാൽ, പ്രതിസന്ധികളെ മറികടക്കാൻ കഴിഞ്ഞുവെന്നും രോഹിത് പറഞ്ഞു.
പന്ത് ഏതു വഴിക്കും പോകുന്ന അപകടകരമായ പിച്ചാണ് നസ്സാവുവിലേതെന്ന് നേരത്തെ തന്നെ വിമർശനം ഉയർന്നിരുന്നു. മൂന്ന് മത്സരങ്ങളിൽ രണ്ട് ടീമുകൾ മാത്രമാണ് ടീം സ്കോർ നൂറു കടത്തിയത്. മുൻ താരങ്ങളടക്കം ഈ പിച്ചിനെ രൂക്ഷമായാണ് വിമർശിച്ചത്. പിച്ചിനെതിരായ ആരോപണം ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിലും (ഐ.സി.സി) സമ്മതിക്കുന്നുണ്ട്.
ആദ്യ കളിയിൽ അയർലൻഡിനെ ആധികാരികമായി തോൽപ്പിച്ചാണ് രോഹിത് ശർമ നയിക്കുന്ന ഇന്ത്യയുടെ വരവ്. പുതുമുഖങ്ങളും ആതിഥേയരുമായ യു.എസ്.എയോട് തോറ്റതിന്റെ ക്ഷീണം കുറക്കാനാകും ബാബർ അസമിന്റെ നേതൃത്വത്തിലുള്ള പാകിസ്താൻ ശ്രമിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

