ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പായി രോഹിത് ശർമ്മ പാകിസ്താൻ സന്ദർശിച്ചേക്കും
text_fieldsന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന് മുമ്പായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ പാകിസ്താനിലേക്ക് സന്ദർശനം നടത്തിയേക്കും. ഇതാദ്യമായിട്ടായിരിക്കും രോഹിത് പാകിസ്താൻ സന്ദർശിക്കുക. എന്നാൽ, സുരക്ഷ മുൻനിർത്തി ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ യു.എ.ഇയിലാണ് നടക്കുന്നത്.
ഐ.സി.സിയുടെ പാരമ്പര്യം അനുസരിച്ച് ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ ക്യാപ്റ്റൻമാർ അതിഥേയ രാജ്യത്തുവെച്ച് വാർത്തസമ്മേളനം നടത്തുകയും ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയും ചെയ്യും. ഇത്തരത്തിൽ വാർത്താസമ്മേളനത്തിനും ഫോട്ടോഷൂട്ടിനും വേണ്ടിയായിരിക്കും രോഹിത് പാകിസ്താൻ സന്ദർശിക്കുക.
1996ന് ശേഷം ഇതാദ്യമായാണ് ഒരു ഐ.സി.സി ടൂർണമെന്റിന് പാകിസ്താൻ ആതിഥേയത്വം വഹിക്കുന്നത്. എന്നാൽ, രാഷ്ട്രീയകാരണങ്ങളാൽ ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിലെ പാകിസ്താനിൽ നടക്കുന്ന മത്സരങ്ങളിൽ കളിക്കില്ല. ഇന്ത്യയുടെ മത്സരങ്ങൾ ദുബൈയിലാണ് നടക്കുന്നത്. 2027 വരെ ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾ നിഷ്പക്ഷ വേദിയിലാവും നടക്കുക.
ഇന്ത്യ-പാകിസ്താൻ മത്സരത്തിനുള്ള നിഷ്പക്ഷ വേദിയായി യു.എ.ഇയെ തെരഞ്ഞെടുത്തുവെന്ന് പാകിസ്താൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അറിയിച്ചിരുന്നു. രാഷ്ട്രീയവിവാദങ്ങൾക്കിടെ രോഹിത് പാകിസ്താൻ സന്ദർശിക്കുകയാണെങ്കിൽ അത് ചരിത്ര സന്ദർശനമാവുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

