പിതാവിനു പിന്നാലെ വനിത ക്രിക്കറ്റർ സ്മൃതി മന്ദാനയുടെ പ്രതിശ്രുത വരനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
text_fieldsസ്മൃതി മന്ദാനയും പലാശ് മുഛലും
മുംബൈ: വിവാഹദിവസം പിതാവിന് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹ ചടങ്ങുകൾ മാറ്റിവെച്ചിരുന്നു.
സംഗീതസംവിധായകന്‍ പലാശ് മുഛലുമായുള്ള സ്മൃതിയുടെ വിവാഹം ഞായറാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. ഒരുക്കങ്ങൾക്കിടയിൽ രാവിലെ പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെയാണ് താരത്തിന്‍റെ പിതാവ് ശ്രീനിവാസ് മന്ദാനക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെയാണ് വിവാഹചടങ്ങുകൾ അനിശ്ചിതമായി നീട്ടിവെച്ച വിവരം താരത്തിന്‍റെ മാനേജര്‍ തുഹിന്‍ മിശ്ര മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നത്.
നിലവിൽ സാംഗ്ലിയിലെ സര്‍വിത് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. സ്മൃതിയുടെ പ്രതിശ്രുത വരൻ പലാശിനെയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. വൈറൽ അണുബാധയും അസിഡിറ്റി പ്രശ്നങ്ങളും കാരണം ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്നാണ് പലാശിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം.
പ്രാഥമിക ചികിത്സ തേടിയശേഷം അദ്ദേഹം ആശുപത്രി വിടുകയും ചെയ്തു. സമൃതിയുടെ പിതാവിന്‍റെ ആരോഗ്യസ്ഥിതി പ്രത്യേക മെഡിക്കൽ സംഘം നിരീക്ഷിച്ചുവരികയാണെന്ന് കുടുംബ ഡോക്ടർ നമൻ ഷാ മാധ്യമങ്ങളോട് പറഞ്ഞു. പിതാവ് ആരോഗ്യം വീണ്ടെടുത്തശേഷമായിരിക്കും താരത്തിന്‍റെ വിവാഹ ചടങ്ങുകൾ. മന്ദാനയുടെ ജന്മനാടായ സാംഗ്ലിയിലെ സാംഡോളിലുള്ള ഫാം ഹൗസിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്.
രാവിലെ പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെയാണ് ശ്രീനിവാസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. അദ്ദേഹം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരോഗ്യ നില വഷളായതോടെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. വിവാഹ ആഘോഷങ്ങൾ ദിവസങ്ങൾക്കു മുമ്പേ തുടങ്ങിയിരുന്നു. ഹൽദി ആഘോഷത്തിന്‍റെ ഭാഗമായി വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമംഗങ്ങളും സ്മൃതിയും വാദ്യമേളങ്ങൾക്കൊപ്പം ഒന്നിച്ച് നൃത്തം ചെയ്യുന്ന വിഡിയോകളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. റിച്ച ഘോഷ്, ശ്രേയങ്ക പാട്ടീൽ, റേണുക സിങ്, ശിവാലി ഷിൻഡെ, റാധ യാദവ്, ജെമിമ റോഡ്രിഗസ് തുടങ്ങിയവർ നൃത്തം ചെയ്യുന്നതിന്‍റെ വിഡിയോ ശഫാലി വർമ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
പലാശ് മുഛലുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ വാർത്ത സ്മൃതി തന്നെയാണ് പുറത്തുവിട്ടത്. പ്രഫഷണല്‍ ഗായകനും സംഗീത സംവിധായകനുമാണ് 28കാരനായ പലാഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

