ടെസ്റ്റ് റാങ്കിങ്ങിൽ വീണ്ടും ഒന്നാമൻമാരായി ഇന്ത്യ
text_fieldsന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ പരമ്പര 1-0ത്തിന് സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.
മുംബൈ ടെസ്റ്റിന്റെ നാലാം ദിനം 372 റൺസിനാണ് ഇന്ത്യ ജയം പിടിച്ചെടുത്തത്. കാൺപൂരിൽ നടന്ന ആവേശകരമായ ഒന്നാം ടെസ്റ്റ് സമനിലയിൽ പിരിഞ്ഞിരുന്നു. ജൂൈലയിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനോടായിരുന്നു പരാജയപ്പെട്ടത്.
ഒന്നാം സ്ഥാനക്കാരായ ഇന്ത്യക്ക് 124 റേറ്റിങ് പോയിന്റുണ്ട്. ന്യൂസിലൻഡ് (121), ആസ്ട്രേലിയ (108), ഇംഗ്ലണ്ട് (107), പാകിസ്താൻ (92), ദക്ഷിണാഫ്രിക്ക (88), ശ്രീലങ്ക (83), വെസ്റ്റിൻഡീസ് (75), ബംഗ്ലാദേശ് (49), സിംബാബ്വേ (31) എന്നീ ടീമുകളാണ് തുടർസ്ഥാനങ്ങളിൽ.
42 പോയിന്റുമായി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ മൂന്നാമതാണ് ഇന്ത്യ. രണ്ട് മത്സരങ്ങളിൽ രണ്ടും ജയിച്ച ശ്രീലങ്കയാണ് പട്ടികയിൽ ഒന്നാമത്. പാകിസ്താൻ രണ്ടാമതാണ്.
മുംബൈ ടെസ്റ്റിന്റെ നാലാം ദിനം അഞ്ചിന് 140 റൺസെന്ന നിലയിൽ പാഡുകെട്ടിയിറങ്ങിയ കിവികൾ 167ന് ഇന്നിങ്സ് അവസാനിപ്പിച്ചു. ഇന്ത്യക്കായി ജയന്ത് യാദവും ആർ. അശ്വിനും നാലുവിക്കറ്റ് വീതം വീഴ്ത്തി. അക്സർ പേട്ടൽ ഒരു വിക്കറ്റെടുത്തു.

