സെമി ഫൈനല്‍ സാധ്യത തേടി അഫ്ഗാനിസ്താൻ നെതർലൻഡ്സിനെതിരെ
text_fieldsനെതർലാൻഡ്സ് ,അഫ്ഗാനിസ്ഥാൻ ടീമുകൾ
ലഖ്നോ: ഇക്കുറി ലോകകപ്പിൽ അട്ടിമറികളിലൂടെ ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ രണ്ടു ടീമുകൾ വെള്ളിയാഴ്ച മുഖാമുഖം. ആറിൽ മൂന്നു മത്സരങ്ങളും ജയിച്ച് സെമിഫൈനൽ സ്വപ്നംകാണുന്ന അഫ്ഗാനിസ്താനും ദക്ഷിണാഫ്രിക്കയെ മറിച്ചിട്ട നെതർലൻഡ്സും തമ്മിലാണ് ഇന്നത്തെ പോരാട്ടം. മൂന്നു ലോക ചാമ്പ്യന്മാരെ വീഴ്ത്തിയവർ എന്ന നിലയിൽ അഫ്ഗാന് മുൻതൂക്കം കൽപിക്കപ്പെടുമ്പോഴും പ്രോട്ടീസിനെ ഞെട്ടിച്ച ഓറഞ്ചുപടയെ നിസ്സാരക്കാരായി കാണാൻ കഴിയില്ല.
ആറു പോയന്റുമായി ആറാം സ്ഥാനത്താണ് അഫ്ഗാനിസ്താൻ. ബംഗ്ലാദേശിനെതിരെ തോൽവിയോടെ തുടങ്ങിയ ഇവർ ഇന്ത്യയോടും കീഴടങ്ങിയെങ്കിലും തുടർന്ന് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയും മുൻ ജേതാക്കളായ പാകിസ്താനെയും ശ്രീലങ്കയെയും തകർത്തെറിഞ്ഞു. ഇടക്ക് ന്യൂസിലൻഡിനോട് പരാജയപ്പെട്ട ഹഷ്മത്തുല്ല ഷാഹിദിയും സംഘവും നേടിയതെല്ലാം ആധികാരിക ജയങ്ങളാണ്. സ്പിന്നർമാരുടെയും മുൻനിര ബാറ്റർമാരുടെയും മികവിലാണ് ഇന്നും പ്രതീക്ഷ. സ്കോട്ട് എഡ്വേഡ്സ് നയിക്കുന്ന നെതർലൻഡ്സ് ദക്ഷിണാഫ്രിക്കയെയും ബംഗ്ലാദേശിനെയും തോൽപിച്ച് നാലു പോയന്റ് സമ്പാദിച്ചിട്ടുണ്ട്.

