ദക്ഷിണാഫ്രിക്കൻ നായകൻ ആക്കർമാന് സെഞ്ച്വറി; ഇന്ത്യ ‘എ’ക്ക് ലീഡ്
text_fieldsസെഞ്ച്വറി നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ മാർക്വസ് ആകർമാൻ
ബംഗളൂരു: നായകൻ മാർക്വസ് ആക്കർമാൻ തകർപ്പൻ സെഞ്ച്വറി നേടിയിട്ടും എ ടീമുകളുടെ ചതുർദിന മത്സരത്തിൽ ഇന്ത്യക്കെതിരെ ലീഡ് വഴങ്ങി ദക്ഷിണാഫ്രിക്ക. ആദ്യ ഇന്നിങ്സിൽ 255 റൺസടിച്ച ഇന്ത്യക്കെതിരെ സന്ദർശകർ 221ന് പുറത്തായി.
രണ്ടാം വട്ടം പാഡുകെട്ടിയിറങ്ങിയ ആതിഥേയർ രണ്ടാം ദിനം കളി നിർത്തുമ്പോൾ മൂന്നു വിക്കറ്റിന് 78 എന്ന നിലയിലാണ്. രണ്ട് ദിനവും ഏഴ് വിക്കറ്റും ശേഷിക്കെ 112 റൺസ് മുന്നിലാണ് ഇന്ത്യ. 118 പന്തിൽ ആറ് സിക്സും 17 ബൗണ്ടറിയും പായിച്ച് 134 റൺസാണ് ആക്കർമാൻ സ്കോർ ചെയ്തത്. മറ്റാർക്കും ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങാനായില്ല. പേസർമാരായ പ്രസിദ്ധ് കൃഷ്ണയും (മൂന്ന് വിക്കറ്റ്) മുഹമ്മദ് സിറാജും ആകാശ്ദീപും (രണ്ട് വിക്കറ്റ് വീതം) ചേർന്നാണ് എതിരാളികളെ മെരുക്കിയത്. കുൽദീപ് യാദവും ഹർഷ് ദുബെയും ഓരോ വിക്കറ്റ് വീതമെടുത്തു.
രണ്ടാം വട്ടം അഭിമന്യു ഈശ്വരൻ (0), സായ് സുദർശൻ (23), ദേവ്ദത്ത് പടിക്കൽ (24) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. കെ.എൽ. രാഹുലും (26) കുൽദീപ് യാദവും (0) ആണ് ക്രീസിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

