‘ട്രോഫി വേണമെങ്കിൽ തരാം, ഇന്ത്യൻ ക്യാപ്റ്റൻ എ.സി.സി ഓഫിസിൽ വന്ന് ഏറ്റുവാങ്ങണം’
text_fieldsദുബൈ: ഏഷ്യ കപ്പിൽ ചാമ്പ്യന്മാരായ ടീം ഇന്ത്യക്ക് ട്രേഫി കൈമാറുന്നതിലെ അനിശ്ചിതത്വം തുടരുന്നതിനിടെ പുതിയ ഉപാധിയുമായി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) മേധാവി മൊഹ്സിൻ നഖ്‌വി രംഗത്ത്. ഇന്ത്യക്ക് ട്രോഫി വേണമെങ്കിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ദുബൈയിലെ എ.സി.സി ഓഫിസിൽ വന്ന് തന്‍റെ കൈയിൽനിന്ന് ഏറ്റുവാങ്ങാമെന്ന് നഖ്‌വി വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന എ.സി.സി യോഗത്തിൽ, ട്രോഫി ഇന്ത്യയിലേക്ക് അയച്ചുനൽകണമെന്ന ബി.സി.സി അധികൃതരുടെ ആവശ്യം നിരസിച്ചാണ് നഖ്‌വി ഇക്കാര്യം വ്യക്തമാക്കിയത്.
ട്രോഫി സംബന്ധിച്ച വിഷയം യോഗത്തിന്‍റെ അജണ്ടയിലില്ലെന്ന് പരിഹസിച്ചാണ് നഖ്‌വി മറുപടി പറയാൻ ആരംഭിച്ചത്. ബി.സി.സി.ഐ ആവശ്യം നിരസിച്ച എ.സി.സി ചെയർമാൻ ഇന്ത്യൻ ക്യാപ്റ്റൻ നേരിട്ട് എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ട്രോഫി കൈമാറാത്തതുമായി ബന്ധപ്പെട്ട് ഐ.സി.സിക്ക് പരാതി നൽകുമെന്ന് ബി.സി.സി.ഐ മുന്നറിയിപ്പ് നൽകി. ടൂർണമെന്‍റിൽ ഇന്ത്യയും പാകിസ്താനും മൂന്നുതവണ മുഖാമുഖം വന്നെങ്കിലും സൗഹാർദപരമായിരുന്നില്ല അന്തരീക്ഷം.
ഗ്രൂപ്പ് ഘട്ടത്തിൽ പാക് ക്യാപ്റ്റൻ സൽമാൻ ആഘക്ക് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ഹസ്തദാനം നൽകാതിരുന്നതു മുതലാണ് വിവാദങ്ങൾക്ക് തുടക്കമായത്. പിന്നാലെ പ്രകോപനപരമായ ആംഗ്യങ്ങൾ പാകിസ്താൻ താരങ്ങളിൽനിന്നും ഉണ്ടായി. ഫൈനലിനു ശേഷം നഖ്‌വിയിൽനിന്ന് ട്രോഫി ഏറ്റുവാങ്ങാനും ഇന്ത്യൻ താരങ്ങൾ തയാറായില്ല. ഇന്ത്യയുടെ ജയം പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് സമർപ്പിക്കുന്നതായും സൂര്യകുമാർ പറഞ്ഞിരുന്നു. ടൂർണമെന്‍റിലെ വിവാദങ്ങൾ കെട്ടടങ്ങാൻ ഇനിയും സമയം വേണ്ടിവരുമെന്നാണ് നഖ്‌വിയുടെ പ്രതികരണം വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

