ഫിഫ്റ്റിക്കൊപ്പം റെക്കോഡും അടിച്ചെടുത്ത് അഭിഷേക്; പിന്നിലായത് കോഹ്‌ലിയും റിസ്വാനും
text_fieldsഅഭിഷേക് ശർമ
ദുബൈ: ഏഷ്യാകപ്പിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും അർധ ശതകം നേടി ടീം ഇന്ത്യക്ക് മിന്നുംതുടക്കം സമ്മാനിച്ചിരിക്കുകയാണ് ഓപണർ അഭിഷേക് ശർമ. സൂപ്പർ ഫോറിലെ അവസാന പോരിൽ ശ്രീലങ്കക്കെതിരെ 22 പന്തിലാണ് താരം ഹാഫ് സെഞ്ച്വറി പിന്നിട്ടത്. 31 പന്തിൽ 61 റൺസ് നേടിയ താരം ഒമ്പതാം ഓവറിലാണ് പുറത്തായത്. ചരിത് അസലങ്കയെ ഉയർത്തിയടിച്ച അഭിഷേകിനെ ബൗണ്ടറി ലൈനിൽ കമിന്ദു മെൻഡിസ് പിടികൂടി പുറത്താക്കുകയായിരുന്നു. എട്ട് ഫോറും രണ്ട് സിക്സുമടങ്ങുന്നതാണ് ഇന്നിങ്സ്.
ഹാഫ് സെഞ്ച്വറിക്കൊപ്പം ഏഷ്യാകപ്പിലെ റെക്കോഡ് പുസ്തകത്തിലും ഇന്ത്യൻ ഓപണർ തിരുത്തൽ വരുത്തി. ഏഷ്യാകപ്പ് ടി20 ടൂർണമെന്‍റിന്‍റെ ഒറ്റ എഡിഷനിൽ ഏറ്റവുമധികം റൺസെന്ന റോക്കോഡാണ് അഭിഷേക് സ്വന്തം പേരിലാക്കിയത്. ആറ് ഇന്നിങ്സിൽനിന്ന് 309 റൺസാണ് അഭിഷേക് അടിച്ചുകൂട്ടിയത്. തൊട്ടുപിന്നിലുള്ളത് പാകിസ്താന്‍റെ മുഹമ്മദ് റിസ്വാനാണ്. 2022ൽ ആറ് ഇന്നിങ്സിൽനിന്ന് 281 റൺസാണ് റിസ്വാൻ നേടിയത്. ഇതേ പതിപ്പിൽ ഇന്ത്യയുടെ വിരാട് കോഹ്‌ലി അഞ്ച് ഇന്നിങ്സിൽ നേടിയ 276 റൺസാണ് മൂന്നാമതുള്ളത്.
അതേസമയം ഏഷ്യാകപ്പിൽ ശ്രീലങ്കക്കെതിരായ മത്സരത്തിൽ 12 ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 120 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 24 റൺസുമായി തിലക് വർമയും 12 റൺസുമായി സഞ്ജു സാംസണുമാണ് ക്രീസിൽ അഭിഷേകിന് പുറമെ ശുഭ്മൻ ഗിൽ (4), ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (12) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഗില്ലിനെ മഹീഷ് തീക്ഷണയും സൂര്യയെ വാനിന്ദു ഹസരങ്കയും പുറത്താക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

