Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു, ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടു'; അഭിഷേക് പോറലിനെതിരെ പരാതി നൽകിയത് മെഡിക്കൽ വിദ്യാർഥിനി

text_fields
bookmark_border
മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു, ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടു; അഭിഷേക് പോറലിനെതിരെ പരാതി നൽകിയത് മെഡിക്കൽ വിദ്യാർഥിനി
cancel

കൊൽക്കത്ത: വിവാഹവാഗ്ദാനം നൽകി മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ ഐ.പി.എൽ താരത്തിന്റെ കേസിൽ വാദം കേൾക്കുന്നത് കൽക്കട്ട ഹൈകോടതി സെപ്റ്റംബർ 14ലേക്ക് മാറ്റി. ബംഗാൾ ക്രിക്കറ്റ് താരവും ഡൽഹി ക്യാപിറ്റൽസ് കളിക്കാരനുമായ അഭിഷേക് പോറലിനെയാണ് തിങ്കളാഴ്ച രാത്രി ഹൂഗ്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, മർദനം തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

അറസ്റ്റിന് ശേഷമുള്ള തുടർനടപടികൾക്കും അന്വേഷണത്തിനുമായി ബംഗാൾ സർക്കാർ സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ ബെഞ്ച് കേസ് മാറ്റിവെച്ചത്. ചിൻസുരയിലെ ജില്ല കോടതിയിൽ ഹാജരാക്കിയ താരത്തെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

കർണാടക സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനിയാണ് താരത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി പൊലീസിനെ സമീപിച്ചത്. 2023 ജനുവരി മുതൽ ഇരുവരും തമ്മിൽ പരിചയമുണ്ടെന്നും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതായും പരാതിയിൽ പറയുന്നു. കുടുംബങ്ങൾ തമ്മിൽ ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു. ഇരുവരും ഒന്നിച്ച് വിദേശയാത്രകൾ നടത്തിയിട്ടുണ്ടെന്നും എന്നാൽ പിന്നീട് അഭിഷേക് ബന്ധത്തിൽ നിന്ന് പിന്മാറിയെന്നുമാണ് ആരോപണം.

ഡൽഹിയിൽ വെച്ച് തന്നെ ക്രൂരമായി പീഡിപ്പിക്കുകയും മുറിയിൽ പൂട്ടിയിട്ട് ഭക്ഷണം നൽകാതെ പട്ടിണിക്കിടുകയും ചെയ്തതായി യുവതിയുടെ പരാതിയിലുണ്ട്. ഇതിന് പിന്നാലെ ഇവർക്ക് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു. തങ്ങളുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് താരം ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു.

ജൂൺ 23നാണ് യുവതി മൊഗ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഒന്നര വർഷം മുൻപ് സമാനമായ രീതിയിൽ പ്രശ്നങ്ങളുണ്ടായപ്പോൾ പൊലീസിനെ സമീപിച്ചിരുന്നെങ്കിലും കേസെടുത്തിരുന്നില്ല. ജൂണിലെ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് ചന്ദനനഗറിലെ താരത്തിന്റെ വീട്ടിൽ പലതവണ എത്തിയെങ്കിലും കണ്ടെത്താനായില്ല.

തുടർന്ന് യുവതി കൽക്കട്ട ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജിയിലാണ് ജൂലൈ 20ന് താരത്തെ അറസ്റ്റ് ചെയ്യാൻ കോടതി പൊലീസിന് കർശന നിർദേശം നൽകിയത്. പരാതിക്കാരിയുടെ ചിത്രങ്ങൾ പ്രചരിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പോറലിന്റെ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടിരുന്നു. കേസിൽ പോറലിന്റെ സുഹൃത്തായ മറ്റൊരു പ്രതിയെക്കൂടി പൊലീസിന് പിടികൂടാനുണ്ട്.

2021-22 സീസണിൽ ബംഗാളിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച അഭിഷേക് പോറൽ, 2023 മുതലാണ് ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗമാകുന്നത്. ബംഗാൾ ടീമിനായി 32 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 23 ലിസ്റ്റ് എ മത്സരങ്ങളിലും പാഡണിഞ്ഞിട്ടുണ്ട്. അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് താരം നേരത്തെ പ്രതികരിച്ചിരുന്നു. അറസ്റ്റിന് ശേഷം പോറലോ കുടുംബമോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Abhishek Porel Arrest Case
Next Story