എഡ്ജ്ബാസ്റ്റണിൽ തീപടർത്തി ഡിവില്ലിയേഴ്സ് (60 പന്തിൽ 120); പാകിസ്താനെ തോൽപിച്ച് ദക്ഷിണാഫ്രിക്കക്ക് ലെജൻഡ്സ് ലോക ചാമ്പ്യൻഷിപ്പ് കിരീടം
text_fieldsലണ്ടൻ: പ്രായം വെറുമൊരു നമ്പറാണെന്ന് ഒരിക്കൽ കൂടി തെളിയിച്ച് മുൻ ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട് ബാറ്റർ എബി ഡിവില്ലിയേഴ്സ്. ലെജൻഡ്സ് ക്രിക്കറ്റ് ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഡിവില്ലിയേഴ്സ് നേടിയ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ പാകിസ്താൻ ചാമ്പ്യൻസിനെ തോൽപിച്ച് ദക്ഷിണാഫ്രിക്ക ചാമ്പ്യൻസിന് കിരീടം.
ഒമ്പത് വിക്കറ്റിനാണ് പ്രോട്ടീസിന്‍റെ ജയം. 60 പന്തിൽ ഏഴു സിക്സും 12 ഫോറുമടക്കം 120 റൺസെടുത്ത് ഡിവില്ലിയേഴ്സ് പുറത്താകാതെ നിന്നു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു. ഓപ്പണർ ഷർജീൽ ഖാൻ അർധ സെഞ്ച്വറി നേടി. 44 പന്തിൽ നാലു സിക്സും ഒമ്പതു ഫോറുമടക്കം 76 റൺസെടുത്തു. 19 പന്തിൽ 36 റൺസുമായി ഉമർ അമീൻ പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കക്കായി ഹർദൂസ് വിൽജോൺ, വെയിൻ പാർണൽ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങിൽ 19 പന്തുകൾ ബാക്കി നിൽക്കെയാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലെത്തിയത്. 16.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 197 റൺസ്. ഓപ്പണറായ ഹാഷിം അംല വേഗത്തിൽ മടങ്ങിയെങ്കിലും ജെ.പി ഡുമിനിയെ കൂട്ടുപിടിച്ച് ഡിവില്ലിയേഴ്സ് നടത്തിയ വെടിക്കെട്ടാണ് ടീമിന് കിരീടം സമ്മാനിച്ചത്. 47 പന്തുകളിലാണ് 41കാരനായ എബിഡി മൂന്നക്കത്തിലെത്തിയത്. 28 പന്തിൽ രണ്ടു സിക്സും നാലു ഫോറുമടക്കം 50 റൺസുമായി ഡുമിനി പുറത്താകാതെ നിന്നു. സെമിയിൽ ത്രില്ലർ പോരിൽ ആസ്ട്രേലിയയെ തകർത്താണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തിയത്.
സെമിയിൽനിന്ന് ഇന്ത്യ പിന്മാറിയതോടെ പാകിസ്താൻ നേരിട്ട് ഫൈനലിൽ എത്തുകയായിരുന്നു. പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന്റെ പങ്കും ഭീകരതയെ പിന്തുണക്കുന്ന അയൽ രാജ്യത്തിന്റെ നിലപാടിനോടുള്ള പ്രതിഷേധവും കളത്തിൽ പ്രകടിപ്പിച്ചാണ് ഇന്ത്യൻ താരങ്ങൾ സെമി മത്സരം ബഹിഷ്കരിച്ചത്. നേരത്തെ ലീഗ് റൗണ്ടിലും ഇന്ത്യ പാകിസ്താനെതിരായ മത്സരത്തിൽനിന്ന് പിന്മാറിയിരുന്നു.
World Championship of Legends
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

