ഏഷ്യ കപ്പ് വിജയിയെയും ടൂർണമെന്‍റിലെ താരത്തെയും പ്രവചിച്ച് മുൻ ഇന്ത്യൻ താരം
text_fieldsമുംബൈ: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് വിജയികളെയും റണ്ണേഴ്സ് അപ്പ് ടീമിനെയും പ്രവചിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഈമാസം ഒമ്പതിന് യു.എ.ഇയിലാണ് ടൂർണമെന്‍റ് ആരംഭിക്കുന്നത്. രണ്ടു ഗ്രൂപ്പുകളിലായി എട്ടു ടീമുകളാണ് മത്സരിക്കുന്നത്.
ഗ്രൂപ്പ് എയിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്കൊപ്പം പാകിസ്താൻ, ഒമാൻ, യു.എ.ഇ ടീമുകളാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് ടീമുകളാണ് ഗ്രൂപ്പ് ബിയിൽ. ടൂർണമെന്‍റിൽ ഇന്ത്യ കിരീടം നിലനിർത്തുമെന്നും അഫ്ഗാനിസ്ഥാൻ റണ്ണേഴ്സ് അപ്പാകുമെന്നും ചോപ്ര തന്‍റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു. ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ ടൂർണമെന്‍റിലെ റൺവേട്ടക്കാരനാകുമെന്നും ചോപ്ര പ്രവചിക്കുന്നു.
വിക്കറ്റ് വേട്ടക്കാരനായി ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തിയുടെ പേരാണ് പറയുന്നത്. ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ ടൂർണമെന്‍റിലെ താരമായി തെരഞ്ഞെടുക്കപ്പെടുമെന്നും താരം പറയുന്നു. ട്വന്‍റി20 ഫോർമാറ്റിൽ നടക്കുന്ന ഏഷ്യ കപ്പിന്‍റെ മൂന്നാം പതിപ്പാണിത്. 2016ൽ ആദ്യമായി നടന്ന ട്വന്‍റി20 ഫോർമാറ്റിൽ എം.എസ്. ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ കിരീടം നേടി. 2022ൽ പാകിസ്താനെ പരാജയപ്പെടുത്തി ശ്രീലങ്കയാണ് ചാമ്പ്യന്മാരായത്.
ഈമാസം 10ന് ആതിഥേയരായ യു.എ.ഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 14ന് ചിരവൈരികളായ പാകിസ്താനുമായി ഏറ്റുമുട്ടും. 19ന് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സൂര്യകുമാർ യാദവും സംഘവും ഒമാനെ നേരിടും. 2024 ട്വന്‍റി20 ലോകകപ്പിനുശേഷം ആദ്യമായാണ് ഇന്ത്യയുടെ പേസ് കുന്തമുന ജസ്പ്രീത് ബുംറ ഇന്ത്യക്കുവേണ്ടി ട്വന്‍റി20 കളിക്കുന്നത്. ശുഭ്മൻ ഗില്ലാണ് വൈസ് ക്യാപ്റ്റൻ.
ഇന്ത്യൻ സ്ക്വാഡ്: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേശ് ശർമ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ, ഹർഷിത് റാണ, റിങ്കു സിങ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

