‘നിരവധി ട്രോളുകൾ ഏറ്റുവാങ്ങി, അതുപോലെ പ്രശംസയും’; ഇന്ത്യൻ ബാറ്ററെ കുറിച്ച് ആകാശ് ചോപ്ര
text_fieldsമുംബൈ: ഇന്ത്യൻ ആരാധകരിൽനിന്ന് ഒരുപോലെ ട്രോളുകളും പ്രശംസയും ഏറ്റുവാങ്ങിയ ക്രിക്കറ്ററാണ് കെ.എൽ. രാഹുലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ തകർപ്പൻ ഫോമിലാണ് രാഹുൽ.
പരമ്പരയിൽ 2-1ന് പിന്നിലുള്ള ഇന്ത്യക്ക് മാഞ്ചസ്റ്ററിലെ നാലാം ടെസ്റ്റ് നിർണായകമാണ്. ഇനിയുള്ള രണ്ടു ടെസ്റ്റുകളും ജയിച്ചാൽ മാത്രമേ പരമ്പര സ്വന്തമാക്കാനാകു. ആറു ഇന്നിങ്സുകളിൽനിന്ന് 375 റൺസാണ് രാഹുൽ നേടിയത്. 62.50 ആണ് ശരാശരി. ചോപ്ര തന്‍റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ഇന്ത്യൻ ഓപ്പണർ ആരാധകരിൽനിന്ന് അഭിനന്ദനവും വിമർശനവും ഒരുപോലെ ഏറ്റുവാങ്ങിയിട്ടുണ്ടെന്ന് പറയുന്നത്. ‘ചെറിയ രീതിയിൽ തെറ്റിദ്ധരിക്കപ്പെട്ട താരമാണ് കെ.എൽ. രാഹുൽ. നിരവധി തവണ ട്രോളുകൾ ഏറ്റുവാങ്ങി, അത്ര തന്നെയും പ്രശംസയും. കളിയിലെ വേഗതക്കുറവാണ് ട്രോളുകൾക്ക് കാരണം. ഇപ്പോഴും ആരാധകർ 2023 നവംബർ 19ൽ കുടുങ്ങിക്കിടക്കുകയാണ്. വിദേശ ടെസ്റ്റുകളിൽ അദ്ദേഹത്തിന്‍റെ പ്രകടനം മികച്ചതാണ്. ടെസ്റ്റ് കരിയറിൽ 10 സെഞ്ച്വറികളാണ് ഇതുവരെ നേടിയത്. ഇതിൽ ഒന്നുമാത്രമാണ് ഇന്ത്യൻ മണ്ണിൽ നേടിയത്’ -ചോപ്ര വിഡിയോയിൽ പറയുന്നു.
താരത്തിന്‍റെ ടെസ്റ്റ് പ്രകടനം ശരാശരിയേക്കാൾ താഴെയാണെങ്കിലും വിദേശ മണ്ണിൽ ഓപ്പണറായി മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. സെന രാജ്യങ്ങളിൽ (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ആസ്ട്രേലിയ) ഓപ്പണിങ് കഠിനമായ ജോലിയാണ്. പേരുകേട്ട താരങ്ങൾ പോലും ഇവിടെ പരാജയപ്പെടും. പക്ഷേ, രാഹുൽ സ്ഥിരമായി ഇവിടങ്ങളിൽ റൺ സ്കോർ ചെയ്യുന്നു. നിരവധി പരമ്പരകളിൽ താരത്തിന് മികച്ച തുടക്കം ലഭിച്ചിട്ടുണ്ട്, പിന്നാലെ ഫോം മങ്ങി. നിരവധി ടെസ്റ്റുകൾ കളിച്ചിട്ടും ശരാശരി 35 ആണെങ്കിൽ, തിർച്ചയായും പ്രശ്നങ്ങളുണ്ടാകുമെന്നും ചോപ്ര കൂട്ടിച്ചേർത്തു.
പരമ്പരയിൽ ഈ ഫോം തുടരുകയാണെങ്കിൽ മികച്ച താരങ്ങളുടെ കൂട്ടത്തിലേക്ക് രാഹുൽ എത്തുമെന്നും ചോപ്ര വ്യക്തമാക്കി. 61 ടെസ്റ്റുകൾ കളിച്ച രാഹുൽ 3632 റൺസാണ് നേടിയത്. 35.26 ആണ് ശരാശരി. അതേസമയം, ഇംഗ്ലണ്ടിനെതിരായ മൂന്നാം മത്സരത്തിന് ബുധനാഴ്ച ഇറങ്ങുന്ന ഇന്ത്യൻ ടീം ആശങ്കയുടെയും സമ്മർദത്തിന്റെയും മുൾമുനയിലാണ്.
2-1ന് മുന്നിലുള്ള ആതിഥേയർക്ക് അഞ്ച് മത്സര പരമ്പര സ്വന്തമാക്കാൻ ഒറ്റ ജയം മതി. താരങ്ങളുടെ പരിക്കാണ് ഇന്ത്യയെ വലക്കുന്നത്. ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡി, പേസർമാരായ അർഷ്ദീപ് സിങ്, ആകാശ് ദീപ് എന്നിവരാണ് പരിക്കിന്റെ പിടിയിലുള്ളത്. മൂന്നുപേരും കളിക്കില്ലെന്ന് ഉറപ്പാണ്. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനും ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും അദ്ദേഹം ഫിറ്റ്നസ് വീണ്ടെടുത്തത് ആശ്വാസമായി.
പേസ് ബൗളിങ് ഓൾ റൗണ്ടറായ നിതീഷ് പരമ്പരയിൽനിന്ന് തന്നെ പുറത്തായിട്ടുണ്ട്. അർഷ്ദീപിന് പുറമെ ആകാശിനും നാലാം ടെസ്റ്റിൽ കളിക്കാനാവില്ലെന്ന് ഗിൽ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ സുപ്രധാന മാറ്റങ്ങൾ പ്രതീക്ഷിക്കാം. മൂന്ന് ടെസ്റ്റുകളിൽ മാത്രം കളിപ്പിക്കാൻ തീരുമാനിച്ച പേസർ ജസ്പ്രീത് ബുംറ ഇന്ന് ഇറങ്ങും. രണ്ടാം ടെസ്റ്റിൽ ബുംറക്ക് വിശ്രമം അനുവദിച്ചിരുന്നു.
ആകാശിന് പകരമാര് എന്ന ചോദ്യത്തിന് ഉത്തരം രണ്ടാണ്. പുതുമുഖം അൻഷുൽ കംബോജോ പ്രസിദ്ധ് കൃഷ്ണയോ. അൻഷുൽ അരങ്ങേറ്റത്തിന്റെ വക്കിലാണെന്ന് ഗിൽ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് ടെസ്റ്റുകളിലും കളിച്ചിട്ടും ഒരു അർധശതകം പോലും നേടാൻ കഴിയാത്ത മലയാളി ബാറ്റർ കരുൺ നായരെ മാറ്റില്ലെന്നാണ് ക്യാപ്റ്റന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. ബാറ്ററായ സായ് സുദർശനാണ് നിതീഷിന് പകരം മുൻഗണനാ ലിസ്റ്റിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

