കോഹ്ലിയല്ല! ഏകദിന ക്രിക്കറ്റിലെ ‘കിങ്’ 25കാരനായ ബാറ്ററെന്ന് മുൻ ഇന്ത്യൻ താരം
text_fieldsമുംബൈ: ചാമ്പ്യൻസ് ട്രോഫിയിൽ ബംഗ്ലാദേശിനെതിരെ വിജയത്തോടെ തുടങ്ങാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് രോഹിത് ശർമയും സംഘവും. ബൗളിങ്ങിൽ മുഹമ്മദ് ഷമിയുടെ അഞ്ചു വിക്കറ്റും ബാറ്റിങ്ങിൽ ശുഭ്മൻ ഗില്ലിന്‍റെ സെഞ്ച്വറിയുമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ഏകദിനത്തിൽ എട്ടാമത്തെ സെഞ്ച്വറിയാണ് ഗിൽ ദുബൈയിൽ കുറിച്ചത്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ തകർപ്പൻ ബാറ്റിങ്ങിന്‍റെ തനിയാവർത്തനം തന്നെയായിരുന്നു ബാംഗ്ലദേശിനെതിരെയും പുറത്തെടുത്തത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഒരു സെഞ്ച്വറിയും രണ്ടു അർധ സെഞ്ച്വറിയുമാണ് താരം നേടിയത്. ഇതിന്‍റെ തുടർച്ചയെന്നോണം ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 101 റൺസുമായി പുറത്താകാതെ നിന്നു. ഏകദിനത്തിൽ താരത്തിന്‍റെ ഏറ്റവും വേഗത കുറഞ്ഞ (125 പന്തുകളിൽ) സെഞ്ച്വറിയാണെങ്കിലും അതിന്‍റെ തിളക്കത്തിന് ഒട്ടുംകുറവുണ്ടായിരുന്നില്ല.
ഗില്ലിന്‍റെ ബാറ്റിങ്ങിനെ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര വാനോളം പുകഴ്ത്തി രംഗത്തെത്തി. ഗില്ലിന്‍റെ ഏറ്റവും മികച്ച ഏകദിന സെഞ്ച്വറിയെന്നാണ് ചോപ്ര നേട്ടത്തെ വിശേഷിപ്പിച്ചത്. ആരാധകർക്ക് ഗിൽ രാജകുമാരനാണെങ്കിലും ശരിക്കും അദ്ദേഹം രാജാവ് തന്നെയാണെന്ന് കൂടി പറഞ്ഞുവെക്കുകയാണ് ചോപ്ര. ‘ഇത് ഗില്ലിന്‍റെ ഏറ്റവും മികച്ച ഏകദിന ഇന്നിങ്സായിരുന്നോ? താരത്തിന്‍റെ എട്ടാമത്തെ ഏകദിന സെഞ്ച്വറിയും ഒരു ഐ.സി.സി ടൂർണമെന്‍റിലെ ആദ്യ സെഞ്ച്വറിയുമാണിത്. കടുത്ത സമ്മർദം അനുഭവിക്കുന്നതിനാൽ തന്നെ ഐ.സി.സി ടൂർണമെന്‍റുകളിലെ സെഞ്ച്വറി നേട്ടം വലിയ സംഭവമാണ്. ഇരട്ട സെഞ്ച്വറി നേടിയ താരമാണെങ്കിലും ഏകദിനത്തിലെ ഗില്ലിന്‍റെ ഏറ്റവും മികച്ച സെഞ്ച്വറി ബംഗ്ലാദേശിനെതിരെ കുറിച്ചതാണ്’ -ചോപ്ര തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
രാജകുമാരൻ എന്നാണ് ആരാധകർ വിളിക്കുന്നത്, എന്നാൽ, ഗിൽ രാജാവിനെക്കാൾ ഒട്ടും കുറഞ്ഞവനല്ല. ഏകദിന ക്രിക്കറ്റിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. 250 മത്സരങ്ങളെങ്കിലും കളിക്കുകയാണെങ്കിൽ എക്കാലത്തെയും മികച്ച ഏകദിന ബാറ്ററാകും. തീർച്ചയായും പറയാം, ഗില്ലിന്‍റെ കരിയറിലെ ഏറ്റവും മികച്ച സെഞ്ച്വറി തന്നെയാണിതെന്നും ചോപ്ര കൂട്ടിച്ചേർത്തു.
ഏകദിന ക്രിക്കറ്റിൽ മറ്റൊരു നാഴികക്കല്ലിനു തൊട്ടരികിലാണ് ഗിൽ. നിലവിൽ 51 ഇന്നിങ്സുകളിൽനിന്ന് താരത്തിന്‍റെ സമ്പാദ്യം 2688 റൺസാണ്. അടുത്ത അഞ്ചു ഇന്നിങ്സുകളിൽ 312 റൺസ് കൂടി നേടിയാൽ ഏകദിനത്തിൽ അതിവേഗം 3000 റൺസ് ക്ലബിലെത്തുന്ന താരമാകും. നിലവിൽ 57 ഇന്നിങ്സുകളിൽ ഹാഷിം അംലയുടെ പേരിലാണ് റെക്കോഡ്. ഞായറാഴ്ച പാകിസ്താനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന മത്സരവും ദുബൈയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

