ഒരു ചുവടകലെ കിരീടം
text_fieldsമുംബൈ: ആവേശപ്പോരിൽ ന്യൂസിലൻഡിനെ കീഴടക്കി ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെത്തിയ ഇന്ത്യക്ക് കിരീടത്തിലേക്ക് ഒരു ചുവട് കൂടി. ഞായറാഴ്ച അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആസ്ട്രേലിയയെ ഫൈനലിൽ നേരിടാനൊരുങ്ങുന്ന ടീം കിരീടത്തിൽ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും തകർപ്പൻ ഫോമിലെത്തിയ ടീം തുടർച്ചയായ പത്ത് വിജയങ്ങളോടെയാണ് കലാശക്കളിക്ക് ഒരുങ്ങുന്നത്. ജൈത്രയാത്ര ഫൈനലിലും തുടർന്നാൽ പുതു ചരിത്രമാകും.
മത്സരശേഷം കളിക്കളത്തിലെത്തി സചിൻ ടെണ്ടുൽക്കർ വിരാട് കോഹ്ലിയെ അഭിനന്ദിച്ചു. ഡേവിഡ് ബെക്കാമും വിവിയൻ റിച്ചാർഡ്സും അരവിന്ദ ഡിസിൽവയും വിരേന്ദ്ര സെവാഗും അഭിനന്ദനമറിയിച്ചു.
ലോകകപ്പ് ഫൈനലിനായി അഹമ്മദാബാദിലെത്തിയ വിരാട് കോഹ്ലി ടീം ബസിൽ
സെമി വിജയം അത്യാഹ്ലാദത്തോടെയാണ് ടീം ഇന്ത്യ ആഘോഷിച്ചത്. ഡ്രസിങ് റൂമിൽ പരസ്പരം അഭിനന്ദിച്ചും കെട്ടിപ്പിടിച്ചും താരങ്ങളും കോച്ചുമാരും ബുധനാഴ്ചയിലെ രാവിനെ ഹൃദയത്തോടു ചേർത്തു. സചിൻ ടെണ്ടുൽകറുടെ റെക്കോഡ് തകർത്ത കോഹ്ലിയെ ബാറ്റിങ് കോച്ച് വിക്രം റാത്തോഡ് ആലിംഗനം ചെയ്തു. മറ്റു കോച്ചിങ് സ്റ്റാഫുകൾക്കും നിറചിരിയോടെ വിരാടിന്റെ കെട്ടിപ്പിടിത്തം. നിർണായകമായ 80 റൺസ് നേടിയ ശുഭ്മാൻ ഗില്ലിനെയും കിവീസ് ബാറ്റർമാർ ഭീതിപ്പെടുത്തിയ സമയത്ത് റണ്ണൊഴുക്ക് പിടിച്ചുനിർത്തിയ കുൽദീപ് യാദവിനെയും അഭിനന്ദിക്കുന്ന തിരക്കിലായിരുന്നു കോച്ച് രാഹുൽ ദ്രാവിഡ്. സീനിയർ താരം ആർ. അശ്വിൻ ഷമിയുടെ കൈയിൽ സ്നേഹമുത്തം നൽകി. ആരാധകർക്ക് നൽകാനായി ബാറ്റുകളിൽ കൈയൊപ്പ് ചാർത്തി ഷമി. ഇതിനിടയിലാണ് ടീമിലില്ലാത്ത യുസ്വേന്ദ്ര ചാഹൽ പ്രത്യക്ഷപ്പെട്ടത്. നിറചിരിയോടെ സ്വീകരിച്ച കോഹ്ലി ചാഹലിനെ നേഞ്ചോടു ചേർത്തു. മത്സരം കാണാൻ ചാഹലുമുണ്ടായിരുന്നു. ഇഷാൻ കിഷനും ജസ്പ്രീത് ബുംറക്കും സൂര്യകുമാർ യാദവിനും ശ്രേയസ് അയ്യർക്കും ചാഹലിന്റെ വക അഭിനന്ദനം. വിശ്രമത്തിനുശേഷം ടീം ഹോട്ടലിലേക്ക് രോഹിത് ശർമയെയും സംഘത്തെയും മുംബൈ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളും മറ്റ് സംഘാടകരും യാത്രയയച്ചു. ബസിനു ചുറ്റും ആർപ്പുവിളികളും മൊബൈൽ കാമറയുമായി ആരാധകർ തിങ്ങിനിറഞ്ഞു. പാതിരാവായിട്ടും പലരും താരങ്ങളെ കാണാനായി കാത്തിരിക്കുകയായിരുന്നു. ടീം ഹോട്ടലിലും ആരാധകർ അഭിവാദ്യമർപ്പിക്കാനെത്തിയിരുന്നു.
അഹമ്മദാബാദിൽ വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് വരുന്ന രവീന്ദ്ര ജദേജ
ബുധനാഴ്ച വൈകീട്ട് ടീം അഹ്മദാബാദിലേക്ക് തിരിച്ചു. സന്ധ്യയോടെ അഹ്മദാബാദിലെ സർദാർ പട്ടേൽ വിമാനത്താവളത്തിലിറങ്ങി. ഹോട്ടൽ ഐ.ടി.സി നർമദയിൽ താമസിക്കുന്ന ടീം ഇന്ന് പരിശീലനത്തിനിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

