ഇന്ത്യ-പാക് മത്സരം ഒരുമിച്ചിരുന്നു കണ്ടാൽ 5000 രൂപ പിഴ; വിദ്യാർഥികൾക്ക് കർശന നിർദേശവുമായി കോളജ്
text_fieldsശ്രീനഗർ: ഏഷ്യ കപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരം ഒരുമിച്ചിരുന്ന് കാണരുതെന്ന് ശ്രീനഗറിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എൻ.ഐ.ടി) വിദ്യാർഥികൾക്ക് അധികൃതരുടെ മുന്നറിയിപ്പ്. മത്സരവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടരുതെന്നും കർശന നിർദേശം നൽകി.
സ്റ്റുഡന്‍റ്സ് വെൽഫയർ ഡീനാണ് ഇത്തരത്തിൽ ഉത്തരവിറക്കിയത്. മത്സരം നടക്കുമ്പോൾ വിദ്യാർഥികൾ അവരുടെ മുറികളിൽ തന്നെ ഇരിക്കണം. നിർദേശം ലംഘിക്കുന്നവർക്ക് 5000 രൂ പിഴ ചുമത്തുമെന്നും ഹോസ്റ്റലിൽനിന്ന് പുറത്താക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
'ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വിവിധ രാജ്യങ്ങൾ പങ്കെടുക്കുന്ന ക്രിക്കറ്റ് പരമ്പര നടക്കുന്ന കാര്യം വിദ്യാർഥികൾക്ക് അറിയാമല്ലോ. സ്‌പോർട്‌സ് ഒരു ഗെയിമായി എടുക്കണമെന്നും ഇൻസ്റ്റിറ്റ്യൂട്ടിൽ/ഹോസ്റ്റലിൽ ഒരു തരത്തിലുള്ള അച്ചടക്കരാഹിത്യവും സൃഷ്ടിക്കരുതെന്നും വിദ്യാർഥികൾക്ക് നിർദേശം നൽകുന്നു' -അധികൃതർ നൽകിയ നോട്ടീസിൽ പറയുന്നു.
മത്സരം കാണാനായി മറ്റു വിദ്യാർഥികളുടെ മുറിയിൽ പോകുകയോ, ഒരുമിച്ചിരിക്കുകയോ ചെയ്യരുത്. ഒരു പ്രത്യേക മുറിയിൽ കൂട്ടമായിരുന്ന് മത്സരം കാണുകയാണെങ്കിൽ, അവരെ ഹോസ്റ്റലിൽനിന്ന് പുറത്താക്കുമെന്നും വിദ്യാർഥികൾക്ക് കുറഞ്ഞത് 5,000 രൂപ പിഴ ചുമത്തുമെന്നും നോട്ടീസിൽ പറയുന്നു.
സമൂഹമാധ്യമങ്ങളിൽ മത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്നും മത്സരം നടക്കുന്ന സമയത്തോ, ശേഷമോ ഹോസ്റ്റൽ മുറികളിൽനിന്ന് പുറത്തിറങ്ങരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. 2016ൽ ട്വന്‍റി20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യ വെസ്റ്റിൻഡീസിനോട് തോറ്റതിനു പിന്നാലെ വിദ്യാർഥികൾ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. സ്ഥാപനം ദിവസങ്ങളോളം അടച്ചിടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

