ഇനി വയ്യ! 27ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ച് ആസ്ട്രേലിയൻ ക്രിക്കറ്റ് താരം
text_fieldsസിഡ്നി: ആസ്ട്രേലിയൻ ക്രിക്കറ്റ് താരം വിൽ പുക്കോവ്സ്കി രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചു. ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് 27ാം വയസ്സിലാണ് പ്രതിഭാധനനായ യുവ ബാറ്റർ കരിയർ അവസാനിപ്പിക്കുന്നത്. ബാറ്റിങ്ങിനിടെ പന്ത് തലയിലിടിച്ച് തുടർച്ചയായി പരിക്കേറ്റതോടെയാണ് താരം കളി മതിയാക്കിയത്. 2021ലെ സിഡ്നി ടെസ്റ്റിൽ ഇന്ത്യക്കെതിരെയാണ് താരം കരിയറിലെ ഒരേയൊരു ടെസ്റ്റ് കളിച്ചത്.
2019ൽ ഓസീസ് സ്ക്വാഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും അരങ്ങേറ്റത്തിനായി രണ്ടു വർഷം കാത്തിരിക്കേണ്ടി വന്നു. ഇന്ത്യക്കെതിരായ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 62 റൺസെടുത്തു. രണ്ടാം ഇന്നിങ്സിൽ പത്തു റൺസിനും പുറത്തായി. പിന്നീട് ആസ്ട്രേലിയൻ ടീമിൽ താരത്തിന് അവസരങ്ങൾ ലഭിച്ചില്ല. ഷെഫീൽ ഷീൽഡ് മത്സരത്തിനിടെ റിലെ മെറിഡിത്തിന്റെ പന്ത് തലയിൽകൊണ്ടാണു പുക്കോവ്സ്കിക്ക് ഒടുവിൽ പരിക്കേറ്റത്. കരിയറിൽ 13ാം തവണയാണ് അന്ന് താരത്തിന് തലക്ക് പരിക്കേൽക്കുന്നത്. പിന്നാലെ കഴിഞ്ഞവർഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്ന് താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
ബൗണ്‍സറുകൾ നേരിടുമ്പോൾ താരത്തിനു പരുക്കേൽക്കുന്നതു പതിവായതോടെയാണ് ക്രിക്കറ്റ് അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ചൊവ്വാഴ്ച റേഡിയോ അഭിമുഖത്തിനിടെയാണ് താരം അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിക്കുന്നത്. ഇനി ഒരു നിലക്കും തനിക്ക് കളിക്കാനാകില്ലെന്ന് പറഞ്ഞായിരുന്നു താരത്തിന്‍റെ പ്രഖ്യാപനം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 36 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 2350 റൺസ് നേടിയിട്ടുണ്ട്. ഏഴു സെഞ്ച്വറികൾ നേടിയ താരത്തിന്‍റെ ശരാശരി 45.19 ആണ്.
പുറത്താകാതെ നേടിയ 255 റൺസാണ് താരത്തിന്‍റെ ഏറ്റവും ഉയർന്ന സ്കോർ. ആസ്ട്രേലിയൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടിലും താരം പങ്കാളിയായി. കരിയർ അവസാനിപ്പിക്കുകയാണെന്നും ഇനി പരിശീലകന്റെ റോളിൽ ക്രിക്കറ്റിൽ തുടരുമെന്നും പുക്കോവ്സ്കി പ്രതികരിച്ചു. താരത്തോട് മെഡിക്കൽ സംഘവും ക്രിക്കറ്റ് അവസാനിപ്പിക്കാൻ നിർദേശം നൽകുകയായിരുന്നു.
ഇനി ക്രിക്കറ്റ് കളിക്കാൻ ഞാനില്ല. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാൻ അത്രയേറെ പ്രയാസത്തിലാണ്. നടക്കുകയെന്നതു പോലും വലിയ പോരാട്ടമാണ് -പുക്കോവ്സ്കി അഭിമുഖത്തിൽ പറഞ്ഞു. തലക്ക് പരിക്കേറ്റതിന്‍റെ ബുദ്ധിമുട്ടുകൾ ഇപ്പോഴും പൂർണമായി വിട്ടുപോയിട്ടില്ല. തലവേദന പതിവായി. ശരീരത്തിന്റെ ഇടതു ഭാഗം സ്വാധീനം കുറഞ്ഞപോലെയാണ്. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെന്നും പുക്കോവ്സ്കി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

