‘140 കോടിയിൽ വിമർശിക്കുന്നത് ‘വെറും’ 30 ലക്ഷം പേർ’; ഗംഭീർ ഏറ്റവും നല്ല മനുഷ്യനും മെന്‍ററുമെന്ന് അഫ്ഗാൻ താരം
text_fieldsഗൗതം ഗംഭീർ
ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റ് പരമ്പയിൽ ഇന്ത്യ സമ്പൂർണ പരാജയമേറ്റതിനു പിന്നാലെ വിവിധ കോണുകളിൽനിന്ന് വ്യാപക വിമർശനമാണ് പരിശീലകൻ ഗൗതം ഗംഭീറിനുനേരെ ഉയരുന്നത്. ടീമിൽ അടിക്കടി ഗംഭീർ നടത്തുന്ന പരീക്ഷണങ്ങളിൽ വിമർശനം നേരിടുന്നതിനൊപ്പം അദ്ദേഹം സ്വജനപക്ഷവാദിയാണെന്നും സംസാരമുണ്ട്. ഡ്രസ്സിങ് റൂമിലെ അന്തരീക്ഷം മോശമാണെന്നും സീനിയർ താരങ്ങളുമായുള്ള അഭിപ്രായ ഭിന്നത പരിഹരിക്കാൻ ബി.സി.സി.ഐ നേരിട്ട് ഇടപെടുന്നതായും റിപ്പോർട്ട് വന്നിട്ടുണ്ട്. നാട്ടിൽ അവസാനം കളിച്ച ഏഴിൽ അഞ്ച് ടെസ്റ്റ് മത്സരവും ഇന്ത്യ തോറ്റതോടെയാണ് ഗംഭീറിനെതിരെ വിമർശനം രൂക്ഷമായത്.
എന്നാൽ ഇതിൽനിന്ന് ഭിന്നമായി ഗംഭീറിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് അഫ്ഗാനിസ്താൻ താരം റഹ്മാനുല്ല ഗുർബാസ്. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഗംഭീറിന്‍റെ മെന്‍റർഷിപ്പിനു കീഴിൽ കളിച്ച താരമാണ് ഗുർബാസ്. 2024 ഐ.പി.എൽ കിരീടം നേടിയ കൊൽക്കത്ത ടീമിൽ ഗുർബാസ് അംഗമായിരുന്നു. ഗംഭീറിനെതിരെ ഉയരുന്ന വിമർശനങ്ങൾ അനാവശ്യമാണെന്നാണ് താരത്തിന്‍റെ പക്ഷം. “140 കോടി ജനമുള്ള രാജ്യമാണ് ഇന്ത്യ. ഇരുപതോ മുപ്പതോ ലക്ഷം പേർ ഗംഭീറിനെതിരായിരിക്കാം. ശേഷിക്കുന്നവർ ഗംഭീറിനും ടീം ഇന്ത്യക്കുമൊപ്പമാണ്. അതിനാൽ വിമർശകരെ വകവെക്കേണ്ടതില്ല” -പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ ഗുർബാസ് പറഞ്ഞു.
“എന്‍റെ കരിയറിൽ കണ്ട ഏറ്റവും മികച്ച മനുഷ്യനും പരിശീലകനും മെന്‍ററുമാണ് ഗംഭീർ. അദ്ദേഹം കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതി എനിക്ക് ഏറെ ഇഷ്ടമാണ്. ഏകദിനത്തിൽ ചാമ്പ്യൻസ് ട്രോഫിയും ട്വന്‍റി20 ഏഷ്യകപ്പും ഇന്ത്യ നേടിയത് അദ്ദേഹം പരിശീലകനായിരിക്കെയാണ്. ഒരുപാട് പരമ്പരകളിൽ ടീം ജേതാക്കളായി. ഒരു പരമ്പരയിലെ തോൽവിയുടെ അടിസ്ഥാനത്തിൽ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല” -ഗുർബാസ് പറഞ്ഞു. കെ.കെ.ആറിൽ ഗംഭീർ ഒരുക്കുന്ന അന്തരീക്ഷം മനോഹരമാണെന്നും അഫ്ഗാൻ താരം പറയുന്നു. ഒന്നിലും കടുംപിടിത്തം കാണിക്കുന്നയാളല്ല ഗംഭീർ. എന്നാൽ അച്ചടക്കം നിർബന്ധമാണ്. ചില മത്സരങ്ങൾ തോൽക്കുന്നത് സ്വാഭാവികമാണെന്നും കളിക്കാരെ മനുഷ്യരായി പരിഗണിക്കണമെന്നും ഗുർബാസ് കൂട്ടിച്ചേർത്തു.
ഏകദിന മത്സരങ്ങൾക്ക് മുമ്പായി രോഹിതും വിരാടും ടീമിനൊപ്പം ചേർന്നതോടെ ഡ്രസ്സിങ് റൂം അന്തരീക്ഷം ആകെ മാറുന്നതായി ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇരുവരുമായി ഗംഭീറിന്റെ ബന്ധം ഉലഞ്ഞതായാണ് സൂചനകൾ. ഇവർക്കിടയിലെ മഞ്ഞുരുക്കി, ടീമിൽ ഐക്യം തിരികെയെത്തിക്കാൻ ബി.സി.സി.ഐയും ഇടപെടുന്നുണ്ട്. ഇരുവരുടെയും ഭാവിയിൽ വ്യക്തത വരുത്തുന്നതിനായി മത്സരങ്ങൾക്കിടയിൽ ബോർഡ് യോഗവും വിളിക്കുന്നതായാണ് സൂചന. ചീഫ് സെലക്ടറും, കോച്ചുമായുള്ള കൂടികാഴ്ചയിൽ 2027 ലോകകപ്പിലെ ഭാവിയും, ഏകദിന ടീമിലെ ഇവരുടെ റോളും എന്തെന്നതിൽ വ്യക്തത വരുത്തും. ടെസ്റ്റ് പരമ്പര തോൽവിക്കും, വിരാടിന്റെ ഞായറാഴ്ചത്തെ സെഞ്ച്വറിക്കും പിന്നാലെ സാമൂഹമാധ്യമങ്ങളിലെ ആക്രമണവും ബോർഡിനെ ഞെട്ടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

