പന്തിനും സെഞ്ച്വറി, മലക്കംമറിഞ്ഞ് സെലബ്രേഷൻ; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്
text_fieldsസെഞ്ച്വറി നേടിയ റിഷഭ് പന്ത് മലക്കംമറിഞ്ഞ് ആഘോഷിക്കുന്നു
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ യശ്വസി ജയ്സ്വാളിനും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനും പിന്നാലെ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനും സെഞ്ച്വറി. മൂന്ന് സെഞ്ച്വറികളുടെ കരുത്തിൽ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയാണ്. രണ്ടാംദിനത്തിൽ ബാറ്റിങ് തുടരവേ 107 ഓവറിൽ അഞ്ച് വിക്കറ്റിന് 453 എന്ന നിലയിലാണ് ഇന്ത്യ.
146 പന്തുകളിൽനിന്നാണ് പന്ത് സെഞ്ച്വറി കണ്ടെത്തിയത്. ഇന്ത്യൻ വൈസ് ക്യാപ്റ്റന്‍റെ ഏഴാം ടെസ്റ്റ് സെഞ്ചറിയാണിത്. സ്പിന്നർ ശുഐബ് ബഷീറിനെ സിക്സർ പറത്തി സെഞ്ച്വറി തികച്ച പന്ത് പതിവുപോലെ ഗ്രൗണ്ടിൽ മലക്കംമറിഞ്ഞാണ് നേട്ടം ആഘോഷിച്ചത്. ഏറ്റവുമൊടുവിൽ 170 പന്തിൽ 131 റൺസോടെ ബാറ്റിങ് തുടരുകയാണ് പന്ത്. ഐ.പി.എല്ലിൽ പരാജയമായിരുന്ന താരത്തിന് ടെസ്റ്റിലെ മികച്ച പ്രകടനത്തിലൂടെ വിമർശകർക്ക് മറുപടി നൽകാനായി. ആറ് സിക്സറുകളാണ് പന്ത് ഇതുവരെ പറത്തിയത്.
ഇന്നലെ സെഞ്ച്വറി തികച്ച ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്‍റെ വിക്കറ്റാണ് ഇന്ന് ആദ്യം നഷ്ടമായത്. ടീം സ്കോർ 430ൽ നിൽക്കെ 147 റൺസെടുത്ത ഗിൽ ശുഐബ് ബഷീറിന്‍റെ പന്തിൽ ജോഷ് ടോങ്ങിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. ഏറെ പ്രതീക്ഷയോടെയെത്തിയ കരുൺ നായർ ഡക്കായി മടങ്ങി. പന്തിനോടൊപ്പം രവീന്ദ്ര ജഡേജയാണ് ക്രീസിൽ.
യശ്വസി ജയ്സ്വാൾ (101), കെ.എൽ. രാഹുൽ (42), സായി സുദർശൻ (പൂജ്യം) എന്നിവരുടെ വിക്കറ്റായിരുന്നു ഇന്നലെ നഷ്ടമായത്. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് മൂന്ന് വിക്കറ്റ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

