Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right‘ഈ കപ്പ് 140 കോടി...

‘ഈ കപ്പ് 140 കോടി ഇന്ത്യക്കാരുടേത്, ഒരു മതത്തിന്‍റെ മാത്രം വിജയമല്ല’; ട്വന്‍റി20 ലോകകപ്പ് കിരീടവുമായി സൂര്യയും ജയ് ഷായും ക്ഷേത്ര ദർശനം നടത്തിയതിൽ വ്യാപക വിമർശനം

text_fields
bookmark_border
‘ഈ കപ്പ് 140 കോടി ഇന്ത്യക്കാരുടേത്, ഒരു മതത്തിന്‍റെ മാത്രം വിജയമല്ല’; ട്വന്‍റി20 ലോകകപ്പ് കിരീടവുമായി സൂര്യയും ജയ് ഷായും ക്ഷേത്ര ദർശനം നടത്തിയതിൽ വ്യാപക വിമർശനം
cancel

മുംബൈ: ട്വന്‍റി20 ലോകകപ്പ് വിജയത്തിനു പിന്നാലെ ട്രോഫിയുമായി ഇന്ത്യൻ ടീം നായകൻ സൂര്യകുമാർ യാദവ് അഹ്മദാബാദിലെ ക്ഷേത്രത്തിൽ ദർശനം നടത്തിയതിൽ വിമർശനം ശക്തമാകുന്നു. ടീം പരിശീലകൻ ഗൗതം ഗംഭീർ, ഐ.സി.സി ചെയർമാൻ ജയ് ഷാ എന്നിവരും സൂര്യക്കൊപ്പം ക്ഷേത്ര ദർശനം നടത്തിയിരുന്നു.

ഈ കപ്പ് 140 കോടി ഇന്ത്യക്കാരുടേതാണെന്നും ഒരു മതത്തിന്‍റെ മാത്രം വിജയമല്ലെന്നും തൃണമൂൽ കോൺഗ്രസ് എം.പിയും 1983 ഏകദിന ലോകകപ്പ് നേടിയ ടീമിലെ അംഗവുമായിരുന്ന കീർത്തി ആസാദ് കുറ്റപ്പെടുത്തി. ‘എന്തുകൊണ്ട് ഒരു മസ്ജിദിൽ കൊണ്ടുപോയില്ല? എന്തുകൊണ്ട് ചർച്ചിൽ കൊണ്ടുപോയില്ല? എന്തുകൊണ്ട് ഒരു ഗുരുദ്വാരയിൽ കൊണ്ടുപോയില്ല?… ഈ ട്രോഫി എല്ലാ മതത്തിലും ഉൾപ്പെട്ട 140 കോടി ഇന്ത്യക്കാർക്ക് അവകാശപ്പെട്ടതാണ്. ഇത് ഒരു മതത്തിന്റെ മാത്രം വിജയമല്ല!’ -കീർത്തി ആസാദ് എക്സിൽ കുറിച്ചു. ഒരു മതത്തിന് മാത്രം മുൻഗണന നൽകിയത് ലജ്ജാകരമാണെന്നും അദ്ദേഹം വിമർശിച്ചു.

1983ൽ കപിൽ ദേവിന്റെ നേതൃത്വത്തിൽ തങ്ങൾ ലോകകപ്പ് ജയിച്ചപ്പോൾ ടീമിൽ ഹിന്ദുക്കളും മുസ്ലിംകളും സിഖുകാരും ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. ഞങ്ങൾ ട്രോഫി മാതൃരാജ്യമായ ഇന്ത്യ ഭാരത് ഹിന്ദുസ്ഥാനിലേക്കാണ് കൊണ്ടുവന്നത്. ലോകകപ്പ് നേടിയ ടീം, ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നത്. അല്ലാതെ സൂര്യകുമാർ യാദവിന്റെയോ ജയ് ഷായുടെയോ കുടുംബത്തെയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഹമ്മദ് സിറാജ് ഒരു മസ്ജിദിലും ട്രോഫി പ്രദർശിപ്പിച്ചില്ല. സഞ്ജു സാംസൺ ഒരു പള്ളിയിലും കൊണ്ടുപോയില്ല… ടൂർണമെന്റിൽ നിർണായക പങ്ക് വഹിച്ച സഞ്ജുവായിരുന്നു ടൂർണമെന്റിന്റെ താരമെന്നും ആസാദ് പ്രതികരിച്ചു.

ഞായാറാഴ്ച രാത്രി നടന്ന ഫൈനൽ മത്സരത്തിനു പിന്നാലെയാണ് സൂര്യയും ഗംഭീറും കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷായുടെ മകൻ ജയ് ഷാക്കൊപ്പം ട്രോഫിയുമായി അഹ്മദാബാദിലെ ഹനുമാൻ ക്ഷേത്രത്തിലെത്തി അനുഗ്രഹം തേടിയത്. ട്രോഫിയുമായി ക്ഷേത്ര ദർശനം നടത്തിയതിനെ വിമർശിച്ച് കോൺഗ്രസ് എം.പി താരീഖ് അൻവറും രംഗത്തുവന്നു. ട്രോഫിയുമായി ക്ഷേത്രത്തിൽ പോകുന്നത് നമ്മുടെ പാരമ്പര്യമല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. കീർത്തി ആസാദിന്റേത് ശരിയായ അഭിപ്രായ പ്രകടനാമാണെന്നും അദ്ദേഹം വ്യക്തമാക്കി. താരീഖ് അൻവറിന്‍റെ പരാമർശനം ലജ്ജാകരമാണെന്ന് ബിഹാർ കായിക മന്ത്രി ശ്രേയസി സിങ് ആരോപിച്ചു.

അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ ന്യൂസിലൻഡിനെ 96 റണ്ണിന് തോൽപ്പിച്ചാണ് ഇന്ത്യ തുടർച്ചയായ രണ്ടാം തവണയും ട്വന്‍റി20 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടത്. ഇന്ത്യയുടെ മൂന്നാം ട്വന്‍റി20 ലോകകപ്പ് കിരീടമാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jay shahICC T20 world cup 2026
News Summary - 1983 WC winner Kirti Azad on T20 trophy taken to temple by Suryakumar Yadav, Gambhir, Jay Shah
Next Story