വൈഭവിന് രാഷ്ട്രീയ ബാലപുരസ്കാർ; രാഷ്ട്രപതിയിൽനിന്ന് ഏറ്റുവാങ്ങും
text_fieldsവൈഭവ് സൂര്യവംശി
ന്യൂഡൽഹി: ഇന്ത്യയുടെ കൗമാര ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിക്ക് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം നൽകുന്ന പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാർ. രാജ്യതലസ്ഥാനത്ത് വെള്ളിയാഴ്ച നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്ന് പുസ്കാരം ഏറ്റുവാങ്ങും. 14കാരനായ വൈഭവിനൊപ്പം പുരസ്കാര ജേതാക്കളായ മറ്റു കുട്ടികളും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ഡൽഹിയിലെ ചടങ്ങിൽ പങ്കെടുക്കേണ്ടതിനാൽ വിജയ് ഹസാരെ ട്രോഫിയിൽ ഇന്ന് വൈഭവ് ഇല്ലാതെയാണ് ബിഹാർ ടീം കളിക്കുന്നത്. ആദ്യ മത്സരത്തിൽ 84 പന്തിൽ 190 റൺസടിച്ച് വമ്പൻ പ്രകടനമാണ് വൈഭവ് കാഴ്ചവെച്ചത്.
ബുധനാഴ്ച അരുണാചൽ പ്രദേശിനെതിരെ റാഞ്ചിയിൽ നടന്ന മത്സരത്തിൽ വൈഭവ് സൂര്യവംശിയുടെ അതിവേഗ സെഞ്ച്വറിയോടെയായിരുന്നു ബിഹാറിന്റെ തുടക്കം. പിന്നാലെ ക്യാപ്റ്റൻ സകീബുൽ ഗനി (40 പന്തിൽ 128), വിക്കറ്റ് കീപ്പർ ബാറ്റർ ആയുഷ് ലോഹരുക (56 പന്തിൽ 116) എന്നിവരും തകർത്താടിയതോടെ പിറന്നത് ലിസ്റ്റ് ‘എ’ ക്രിക്കറ്റിലെ അപൂർവ റെക്കോഡ്. 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 574 റൺസുമായാണ് ബിഹാർ ആഭ്യന്തര ക്രിക്കറ്റിൽ ലോകറെക്കോഡ് കുറിച്ചത്. ഒരു ലിസ്റ്റ് ‘എ’ മാച്ചിൽ ടീമിന്റെ ഏറ്റവും ഉയർന്ന സ്കോർ ഇതോടെ ബിഹാർ സ്വന്തം പേരിൽ കുറിച്ചു.
രാഷ്ട്രീയ ബാല പുരസ്‌കാർ
അഞ്ച് മുതൽ 18 വയസ്സുവരെയുള്ള, കല, ധീരത, പരിസ്ഥിതി, ശാസ്ത്രം, സാമൂഹ്യസേവനം, കായികം, നവീകരണം തുടങ്ങി വിവിധ മേഖലകളിൽ അസാധാരണ കഴിവ് തെളിയിക്കുന്ന കുട്ടികൾക്ക് വനിതാ-ശിശു വികസന മന്ത്രാലയം നൽകുന്ന ഏറ്റവും വലിയ പുരസ്കാരമാണിത്. ജേതാക്കൾക്ക് മെഡലും ലക്ഷം രൂപയും സർട്ടിഫിക്കറ്റും ലഭിക്കും. പുരസ്‌കാരം ഇന്ത്യയിലെ യുവതലമുറയുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും അവരെ ദേശീയ തലത്തിൽ ഉയർത്തിക്കാണിക്കാനും സഹായിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

