1340 ക്രിക്കറ്റ് ബാളുകൾക്ക് ഒരുകോടി രൂപ! 11.85 ലക്ഷത്തിന് എ.സി; വൻ ക്രമക്കേട്, ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് അറസ്റ്റിൽ
text_fieldsഹൈദരാബാദ്: ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്ന പരാതിയിൽ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എ. ജഗൻ മോഹൻ റാവുവിനെ തെലങ്കാന ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്‌മെന്റ് (സി.ഐ.ഡി) അറസ്റ്റ് ചെയ്തു. ഒരു കോടി രൂപക്ക് 1340 ക്രിക്കറ്റ് ബാളുകൾ വാങ്ങിയെന്നും 11.85 ലക്ഷം രൂപക്ക് എയർ കണ്ടീഷനർ വാങ്ങിയെന്നുമുൾപ്പെടെ തെറ്റായ രീതിയിൽ കണക്കുകാണിച്ചാണ് സാമ്പത്തിക കുറ്റകൃത്യം നടത്തിയതെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
അസോസിയേഷന്റെ ട്രഷറർ സി.ജെ ശ്രീനിവാസ റാവു, ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ സുനിൽ കാന്ത് എന്നിവരുടെ അറിവോടെ ഫണ്ട് 'ദുരുപയോഗം' ചെയ്തെന്ന് ജൂൺ ഒമ്പതിന് തെലങ്കാന ക്രിക്കറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡി. ഗുരുവ റെഡ്ഡി നൽകിയ പരാതിയിൽ പറയുന്നു. കായിക താരങ്ങൾക്കുള്ള വസ്ത്രങ്ങൾ, പ്ലംബിംഗ് ചെലവുകൾ, കാറ്ററിങ് സർവീസുകളുടെ 'അനുമതി', ഇലക്ട്രിക്കൽ മെറ്റീരിയൽ 'വാങ്ങൽ' എന്നിവയുടെ പേരിലും പണം വകമാറ്റിയെന്ന് സി.ഐ.ഡി പറയുന്നു. കുറഞ്ഞത് 2.32 കോടി രൂപയുടെ ദുരുപയോഗം നടന്നതാണ് ആരോപണം.
2024-25ലെ ബി.സി.സി.ഐ ആഭ്യന്തര സീസണിനായി ക്രിക്കറ്റ് ബാളുകൾ വാങ്ങുന്നതിനായി ജഗൻ മോഹൻ റാവുവും ക്രിക്കറ്റ് അസോസിയേഷൻ ഉന്നത സമിതിയിലെ മറ്റംഗങ്ങളും ചേർന്ന് 1.03 കോടിരൂപ ദുരുപയോഗം ചെയ്തു. ഇത്രയും വലിയ തുകക്ക് വാങ്ങിയത് 1340 പന്തുകൾ മാത്രമായിരുന്നു. ഈ ഇടപാടിൽ, റാവു ടെൻഡർനടപടിക്രമം ലംഘിച്ചെന്നും സ്റ്റോക്ക് രജിസ്റ്റർ സൂക്ഷിച്ചിട്ടില്ലെന്നും എഫ്‌ഐആറിൽ പറയുന്നു. പുതിയ എയർ കണ്ടീഷനറുകൾക്കായി 11.85 ലക്ഷം രൂപ ചെലവഴിച്ചു.
ഐ.പി.എൽ 2023-24, 2024-25 വർഷങ്ങളിലേക്ക് പ്ലംബിംഗ് മെറ്റീരിയൽ വാങ്ങിയതിൽ 21.7 ലക്ഷം രൂപയുടെ അഴിമതി നടന്നതായും, ഐ.പി.എൽ 2024-25 ന്റെ 18-ാം പതിപ്പിനായി ഇലക്ട്രിക്കൽ മെറ്റീരിയൽ വാങ്ങിയതിൽ 6.85 ലക്ഷം രൂപയുടെ അഴിമതി നടന്നതായും എഫ്.ഐ.ആറിൽ പറയുന്നു. 2024-25 ബി.സി.സി.ഐ ആഭ്യന്തര സീസണിനായി കായിക വസ്ത്രങ്ങൾ വാങ്ങുന്നതിൽ അഴിമതി നടന്നു. കാറ്ററിങ് ജോലികൾ സ്വകാര്യ വ്യക്തിക്ക് 31.07 ലക്ഷം രൂപയ്ക്ക് അനുവദിച്ചുവെന്നും 56.84 ലക്ഷം രൂപ ദുരുപയോഗം ചെയ്‌തെന്നും എഫ്.ഐ.ആറിൽ ആരോപിക്കുന്നു.
ബുധനാഴ്ച ജഗൻ മോഹൻ റാവു, ശ്രീനിവാസ് റാവു, സുനിൽ കാന്ത് എന്നിവരെ സെക്ഷൻ 465 (വ്യാജരേഖ ചമയ്ക്കൽ), 468 (വഞ്ചനയ്ക്കായി വ്യാജരേഖ ചമയ്ക്കൽ), 471 (വ്യാജ രേഖയോ ഇലക്ട്രോണിക് രേഖയോ തെറ്റായ രീതിയിൽ ഉപയോഗിക്കുന്നത്), 403 (സ്വത്ത് ദുരുപയോഗം ചെയ്യുക), 409 (ക്രിമിനൽ വിശ്വാസ ലംഘനം), 420 (വഞ്ചന) എന്നീ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തു. 2023ലെ ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചതിന് ജഗൻ മോഹൻ റാവുവും മറ്റ് രണ്ട് പേരും പ്രതികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

