ഐ.പി.എൽ ലേല ടേബിളിൽ 11 മലയാളി താരങ്ങൾ; കൂടുതൽ അടിസ്ഥാന വില ഈ താരത്തിന്...
text_fieldsമുംബൈ: ഐ.പി.എൽ 2026ന് മുന്നോടിയായുള്ള മിനി താര ലേലത്തിനുള്ള അന്തിമ പട്ടികയിൽ 350 പേരാണ് ഇടംപിടിച്ചത്. പ്രാഥമിക പട്ടികയിൽനിന്ന് 1005 പേരെ ഒഴിവാക്കി. അന്തിമ പട്ടികയിലെ 240 പേർ ഇന്ത്യൻ താരങ്ങളാണ്. നേരത്തേ രജിസ്റ്റർ ചെയ്യാതിരുന്ന 35 പേരെക്കൂടി ഉൾപ്പെടുത്തിയാണ് ബി.സി.സി.ഐ പുതിയ പട്ടിക അംഗീകരിച്ചത്.
കേരള ക്രിക്കറ്റിനും ഇത് സന്തോഷ നിമിഷമാണ്. 11 മലയാളി താരങ്ങളാണ് ലേല പട്ടികയിലുള്ളത്. സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്‍റിൽ തിളങ്ങിയ പേസർ കെ.എം. ആസിഫാണ് കൂടുതൽ അടിസ്ഥാനവിലയുള്ള താരം -40 ലക്ഷം രൂപ. മലപ്പുറം സ്വദേശിയായ പേസർ സയ്യിദ് മുഷ്താഖ് ടൂർണമെന്‍റിൽ 15 വിക്കറ്റാണ് വീഴ്ത്തിയത്. ബാക്കി 10 താരങ്ങളുടെ അടിസ്ഥാന വില 30 ലക്ഷമാണ്. ഓപ്പണർ രോഹൻ കുന്നുമ്മൽ, മധ്യനിരബാറ്റർമാരായ സൽമാൻ നിസാർ, അഹമ്മദ് ഇംറാൻ, പേസർ ഏദൻ ആപ്പിൾ ടോം, ചൈനാമെൻ ബൗളർ വിഘ്‌നേഷ് പുത്തൂർ, ഇടംകൈയൻ സ്പിന്നർ ശ്രീഹരി നായർ, ഓൾറൗണ്ടർമാരായ അബ്ദുൽ ബാസിത്, അഖിൽ സ്‌കറിയ, മുഹമ്മദ് ഷറഫുദ്ദീൻ, കേരള സീനിയർ ടീമിൽ ഇതുവരെ കളിക്കാത്ത ജിക്കു ബ്രൈറ്റ് എന്നിവരാണ് മറ്റു താരങ്ങൾ.
കഴിഞ്ഞസീസണിൽ മുംബൈ ഇന്ത്യൻസിന്റെ നെറ്റ് ബൗളറായിരുന്ന ജിക്കു അപ്രതീക്ഷിതമായാണ് പട്ടികയിലെത്തുന്നത്. പ്രാദേശിക ക്രിക്കറ്റിൽ തിളങ്ങിയ ജിക്കുവിന്റെ വിഡിയോ കണ്ടാണ് മുംബൈ നെറ്റ് ബൗളിങ്ങിനായി വിളിക്കുന്നത്. മുംബൈ ഇന്ത്യൻസ് ബാറ്റർമാർക്കെതിരേ മികച്ച രീതിയിൽ താരം പന്തെറിഞ്ഞിരുന്നു. ടെന്നീസ് ബാൾ ക്രിക്കറ്റിലെ സൂപ്പർതാരമാണ്.
ആഭ്യന്തരക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയ പേസർ എം.ഡി. നിധീഷ്, കേരള ടീമിന്റെ മുൻ നായകൻ സചിൻ ബേബി എന്നവർക്കൊന്നും ഇടംനേടാനായില്ല. മുംബൈ താരമായ വിഘ്‌നേഷിനെ ഇത്തവണ ഒഴിവാക്കുകയായിരുന്നു.
അതേസമയം, ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്‍റൻ ഡി കോക്ക് ലേലത്തിനായി തിരിച്ചെത്തി. അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ച തീരുമാനം പിൻവലിച്ച് ഇന്ത്യക്കെതിരെ കളിച്ചതോടെയാണ് താരത്തിന് വീണ്ടും ലീഗിലേക്ക് അവസരം ലഭിച്ചത്. ഒരുകോടി രൂപയാണ് അടിസ്ഥാന വില. ശ്രീലങ്കയുടെ ത്രവീൺ മാത്യു, ബിനുറ ഫെർണാണ്ടോ, കുശാൽ പെരേര, ദുനിത് വെല്ലാലഗെ എന്നിവരും പട്ടികയിലുണ്ട്. അഫ്ഗാനിസ്താന്റെ അറബ് ഗുൽ, വെസ്റ്റിൻഡീസിന്റെ അകീം അഗസ്റ്റെ എന്നിവർ അവരുടെ കരിയറിൽ ആദ്യമായി ലേലപട്ടികയിൽ ഇടംപിടിച്ചു. ആഭ്യന്തര താരങ്ങളിൽ വിഷ്ണു സോളങ്കി, പരീക്ഷിത് വൽസാങ്കർ, സദക് ഹുസൈൻ, ഇസാസ് സവാരിയ എന്നിവരെയും തുടക്കത്തിൽ ഇല്ലാതിരുന്ന മലയാളി താരങ്ങളായ ആരോൺ ജോർജും ശ്രീഹരി നായരുൾപ്പെടെ മറ്റു 20 പേരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 16 ചൊവ്വാഴ്ച ഇന്ത്യൻ സമയം ഉച്ചക്ക് 2.30 മുതൽ അബൂദബിയിലെ ഇത്തിഹാദ് അരീനയിലാണ് ലേലം.
മുംബൈക്ക് ബാക്കി 2.75 കോടി രൂപ; കൊൽക്കത്തക്ക് 64.3
ഇന്ത്യൻ പ്രീമിയർ ലീഗിൽ താരങ്ങളെ നിലനിർത്തലും കൈമാറ്റവും കഴിഞ്ഞ് 10 ടീമുകൾക്കും ലേലത്തിൽ ചെലവഴിക്കാൻ ആകെ ബാക്കിയുള്ളത് 237.55 കോടി രൂപയാണ്. കൂടുതൽ പണം പഴ്സിലുള്ളത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്, 64.3 കോടി. ഇക്കാര്യത്തിൽ ഏറ്റവും പിന്നിലുള്ള മുംബൈ ഇന്ത്യൻസിന് ഇനി 2.75 കോടി മാത്രമേ ചെലവിടാൻ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

