കോമൺവെൽത്ത് ഗെയിംസിന് ഇന്ന് തുടക്കം; ഇത്തവണ പത്തിനങ്ങൾ മാത്രം
text_fieldsഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസിന് ഇന്ന് സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കം. ആഗസ്റ്റ് രണ്ടുവരെ മത്സരങ്ങൾ നീളും. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മത്സരയിനങ്ങളുമായാണ് കോമൺവെൽത്ത് ഗെയിംസ് നടക്കുന്നത്. സംഘാടനവും ചെലവ് ചുരുക്കിത്തന്നെ. ആസ്ട്രേലിയയിലെ വിക്ടോറിയയും ഗോൾഡ്കോസ്റ്റും സാമ്പത്തിക ബാധ്യതയുടെ കാരണത്താൽ നടത്തിപ്പിൽ നിന്ന് പിന്മാറിയതിനെത്തുടർന്നാണ് ഗ്ലാസ്ഗോ ആതിഥേയരായത്. അതിനാൽ,തട്ടിക്കൂട്ട് സംഘാടനമാണ് ഇത്തവണ. 2014ൽ ഗെയിംസ് വിജയകരമായി നടത്തിയ ഗ്ലാസ്ഗോ നിലവിലുള്ള വേദികളെയും അടിസ്ഥാന സൗകര്യങ്ങളെയും ആശ്രയിച്ചാണ് സംഘടിപ്പിക്കുന്നത്. ഏകദേശം 160 ദശലക്ഷം പൗണ്ടിന്റെ ബജറ്റാണ് ഇത്തവണ. 2022നെ അപേക്ഷിച്ച് ഏകദേശം 60 ശതമാനം കുറവാണിത്.
കോമൺവെൽത്ത് ഗെയിംസിന് മുന്നോടിയായി പരിശീലനത്തിനെത്തിയ ഇന്ത്യയുടെ പാരാ വെയ്റ്റ്ലിഫ്റ്റിംഗ് ടീം അംഗങ്ങൾ
2022ൽ ബർമിങ്ഹാമിൽ 19 ഇനങ്ങളിൽ മത്സരമുണ്ടായിരുന്നു. ഇത്തവണ 10 ഇനങ്ങളിലായി ഒതുങ്ങി.ഇന്ത്യക്ക് ഏറെ മെഡലുകൾ സമ്മാനിച്ചിരുന്ന ഗുസ്തി, ബാഡ്മിന്റൺ, ഷൂട്ടിങ് , ഹോക്കി, ക്രിക്കറ്റ് തുടങ്ങിയവ ഒഴിവാക്കി. ഈയിനങ്ങളിൽ നിന്ന് ഇന്ത്യ ബെർമിങ്ഹാമിൽ വാരിയത് 28 മെഡലുകളാണ്; ആകെ നേടിയത് 61 മെഡലുകളും.
അത്ലറ്റിക്സ്, നീന്തൽ, ബോക്സിങ്, ട്രാക്ക് സൈക്ലിങ്, വെയ്റ്റ് ലിഫ്റ്റിങ്, 3x3 ബാസ്ക്കറ്റ്ബാൾ, ജൂഡോ, ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്, നെറ്റ് ബാൾ, ബൗൾസ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. ആറിനങ്ങളിൽ പാര ഗെയിംസും മത്സരങ്ങളും നടക്കും. 74 രാജ്യങ്ങളിൽനിന്ന് 3000 അത്ലറ്റുകൾ മാത്രമാണ് ഗ്ലാസ്ഗോയിൽ എത്തുക. 30 വർഷത്തിനിടെ ആദ്യമായാണ് ഇത്രയും കുറഞ്ഞ എണ്ണം താരങ്ങൾ പങ്കെടുക്കുക . 12 കിലോമീറ്റർ ചുറ്റളവിലായി നാലു വേദികളിലാണ് മത്സരങ്ങൾ. ഗ്ലാസ് ഗോയിലെ പ്രശസ്തമായ ഹൈഡ്രോ ഇൻഡോർ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ. ഇന്ത്യയിൽ നിന്ന് 120 ഓളം താരങ്ങൾ എത്തും.
ഇന്ത്യൻ പ്രതീക്ഷ അത്ലറ്റിക്സിൽ
ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസിൽ രണ്ട് പതിറ്റാണ്ടായി തുടരുന്ന ആദ്യ അഞ്ച് സ്ഥാനമെന്ന കുതിപ്പ് നിലനിർത്താൻ ഇന്ത്യ ഇത്തവണ വിയർക്കും. അത്ലറ്റിക്സ്, ബോക്സിങ്, ഭാരോദ്വഹനം എന്നിവയിലാണ് ആശ്രയം. 22 മെഡൽ ഇനങ്ങളിൽ മത്സരിക്കാൻ 32 അംഗ അത്ലറ്റിക്സ് ടീമിനെയാണ് ഇന്ത്യ ഇറക്കുന്നത്. രണ്ടുതവണ ഒളിമ്പിക് മെഡൽ ജേതാവായ ജാവലിൻത്രോ താരം നീരജ് ചോപ്രയാണ് ടീമിനെ നയിക്കുന്നത്. കഴിഞ്ഞ മാസം റോം ഡയമണ്ട് ലീഗിൽ 92.62 മീറ്റർ എറിഞ്ഞ ശ്രീലങ്കയുടെ റുമേഷ് തരംഗയാണ് നീരജിന് പ്രധാന വെല്ലുവിളി. പാകിസ്താന്റെ ഒളിമ്പിക് ചാമ്പ്യൻ അർഷാദ് നദീമും മത്സരിക്കാനുണ്ട്. ലോങ് ജമ്പിൽ മലയാളി താരം എം. ശ്രീശങ്കർ, ട്രിപ്പിൾ ജമ്പിൽ പ്രവീൺ ചിത്രവേൽ, സെൽവ പ്രഭു, ഹൈജമ്പിൽ തേജസ്വിൻ ശങ്കർ, സർവേശ് കുഷാരെ എന്നിവരും മെഡൽ പ്രതീക്ഷകളാണ്. 8.38 മീറ്ററാണ് ഇന്റർസ്റ്റേറ്റ് മീറ്റിൽ ശ്രീശങ്കർ ചാടിയത്. ഫെഡറേഷൻ കപ്പിലും സ്വർണം നേടി. 2024ൽ പരിക്കിൽ നിന്ന് മോചിതനായി സജീവമായ ഈ പാലക്കാട്ടുകാരന്റെ മികച്ച വ്യക്തിഗത പ്രകടനം 8.41 മീറ്ററാണ്. മൊണാക്കോ ഡയമണ്ട് ലീഗിൽ 2.26 മീറ്റർ ഉയർന്ന് മൂന്നാം സ്ഥാനം നേടി അത്ഭുതപ്പെടുത്തിയ സർവേശ് 2.31 ചാടി ദേശീയ റെക്കോഡും കുറിച്ചിരുന്നു. ദീർഘദൂര ഓട്ടത്തിൽ ഗുൽവീർ സിങ്ങും പരുൾ ചൗധരിയും ഇന്ത്യൻ പ്രതീക്ഷകളാണ്. പുരുഷ, വനിതാ 4x400 മീറ്റർ റിലേ ടീമുകളും മെഡൽ നേടാൻ സാധ്യതയുള്ള സംഘമാണ്. ബെർമിങ്ഹാമിൽ അത്ലറ്റിക്സ് സംഘം എട്ട് മെഡലുകൾ നേടിയിരുന്നു.പരമ്പരാഗതമായി ഇന്ത്യയുടെ പ്രധാന മെഡൽ ഖനിയായ ഭാരോദ്വഹനത്തിൽ ഒളിമ്പിക് വെള്ളി മെഡൽ ജേതാവ് മീരാഭായ് ചാനുവാണ് മുഖ്യപ്രതീക്ഷ. 31 കാരിയായ മീരാഭായ് ഹാട്രിക് സ്വർണമാണ് ലക്ഷ്യമിടുന്നത്. നിരവധി താരങ്ങൾ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് 11 അംഗങ്ങളായി ഭാരദ്വോഹന ടീമിനെ ചുരുക്കിയതിനാൽ മെഡൽ വേട്ട ദുഷ്കരമാകും. ബിന്ദ്യാറാണി ദേവിയും ഗ്യാനേശ്വരി യാദവുമാണ് വെയ്റ്റ്ലിഫ്റ്റിങ്ങിലെ മറ്റ് പ്രധാന താരങ്ങൾ. ബോക്സിങ്ങിൽ എല്ലാ കണ്ണുകളും ടോക്യോ ഒളിമ്പിക് വെങ്കല മെഡൽ ജേതാവായ ലവ്ലിന ബോർഗോഹൈനിലായിരിക്കും. 75 കിലോയിലാണ് ലവ്ലിന മത്സരിക്കുന്നത്.
57 കിലോ വിഭാഗത്തിൽ നിലവിലെ ലോക ചാമ്പ്യൻ ജാസ്മിൻ ലംബോറിയ ബെർമിങ്ഹാമിൽ നേടിയ വെങ്കലം ഇവിടെ സ്വർണമാക്കാനുള്ള ശ്രമത്തിലാകും. ഏഷ്യൻ ചാമ്പ്യൻ പ്രീതി പവാർ (54 കിലോ), സാക്ഷി ചൗധരി (51 കിലോ), അരുന്ധതി ചൗധരി (70 കിലോ) എന്നിവരും ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളാണ്. പുരുഷ വിഭാഗത്തിൽ പരിചയസമ്പന്നരായ ഹെവിവെയ്റ്റ് നരേന്ദർ ബെർവാൾ (90 പ്ലസ് കിലോ), ലോകകപ്പ് മെഡൽ ജേതാവ് സച്ചിൻ സിവാച്ച് (60 കിലോ) എന്നിവരാണ് മത്സരിക്കുന്നത്. ബെർമിങ്ഹാമിൽ ലോൺ ബൗൾസിൽ വനിതകൾ സ്വർണവും പുരുഷന്മാർ വെള്ളിയും നേടിയിരുന്നു. രൂപ റാണി തിർക്കി, പിങ്കി, ദിനേശ് കുമാർ തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങൾ ഇത്തവണ സിംഗിൾസ്, പെയർ വിഭാഗങ്ങളിൽ മത്സരിക്കുന്നുണ്ട്. ജൂഡോയിൽ തുലിക മാൻ, അസ്മിത ഡേ എന്നിവരാണ് പ്രതീക്ഷ. പാരാ അത്ലറ്റുകളും മികച്ച പ്രകടനം പ്രതീക്ഷിക്കുന്നുണ്ട്.
അൻസ ബാബു അത്ലറ്റിക്സ് (400 മീറ്റർ), സാജൻ പ്രകാശ് (നീന്തൽ), മുഹമ്മദ് ബാസിൽ (പാരാ അത്ലറ്റികസ്), .പി. സ്വാതിഷ് (ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്) എന്നീ മലയാളികളാണ് ഇന്ത്യൻ ടീമിലുള്ളത്. അത്ലറ്റിക്സ് ടീമിന്റെ ചീഫ് കോച്ചായ മലയാളി പി. രാധാകൃഷ്ണൻ നായരും ഈ സംഘത്തോടൊപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

