കോമൺവെൽത്ത് ഗെയിംസിന് കൊടിയേറി
text_fieldsഗ്ലാസ്ഗോ: കോമൺവെൽത്ത് രാജ്യങ്ങളുടെ ‘ഒളിമ്പിക്സാ’യ കോമൺവെൽത്ത് ഗെയിംസിന് സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമായി. ഗ്ലാസ് ഗോയിലെ പ്രശസ്തമായ ഹൈഡ്രോ ഇൻഡോർ സ്റ്റേഡിയത്തിൽ പ്രൗഢമായ ഉദ്ഘാടന ചടങ്ങുകളോടെയായിരുന്നു ഗെയിംസിന് കൊടിയേറിയത്. മത്സരങ്ങളിൽ ചിലത് ഇന്നലെ തന്നെ തുടങ്ങി. ഇന്ന് കൂടുതൽ മത്സരങ്ങൾ അരങ്ങേറും. ആഗസ്റ്റ് രണ്ടുവരെയാണ് ഗെയിംസ്.
ആസ്ട്രേലിയയിലെ വിക്ടോറിയയും ഗോൾഡ്കോസ്റ്റും സാമ്പത്തിക ബാധ്യതയുടെ കാരണത്താൽ നടത്തിപ്പിൽനിന്ന് പിന്മാറിയതിനെത്തുടർന്നാണ് ഗ്ലാസ്ഗോ ആതിഥേയരായത്. അതിനാൽ തന്നെ ചെലവുചുരുക്കിയാണ് മത്സരങ്ങൾ. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മത്സരയിനങ്ങളുമായാണ് കോമൺവെൽത്ത് ഗെയിംസ് നടക്കുന്നത്. വെറും 10 ഇനങ്ങളിലാണ് മത്സരങ്ങൾ. 2022ൽ ബർമിങ്ഹാമിൽ 19 ഇനങ്ങളുണ്ടായിരുന്നിടത്താണിത്. ഇന്ത്യക്ക് ഏറെ മെഡലുകൾ സമ്മാനിച്ചിരുന്ന ഗുസ്തി, ബാഡ്മിന്റൺ, ഷൂട്ടിങ്, ഹോക്കി, ക്രിക്കറ്റ് തുടങ്ങിയവയൊന്നും ഇത്തവണയില്ല. അത്ലറ്റിക്സ്, നീന്തൽ, ബോക്സിങ്, ട്രാക്ക് സൈക്ലിങ്, വെയ്റ്റ് ലിഫ്റ്റിങ്, 3x3 ബാസ്കറ്റ്ബാൾ, ജൂഡോ, ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്, നെറ്റ് ബാൾ, ബൗൾസ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. ആറിനങ്ങളിൽ പാര ഗെയിംസും മത്സരങ്ങളും നടക്കും. 74 രാജ്യങ്ങളിൽനിന്ന് 3000 അത്ലറ്റുകൾ മാത്രമാണ് ഗ്ലാസ്ഗോയിൽ എത്തുക.
126 അംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത്. ഒളിമ്പിക് സ്വർണ ജേതാവ് ജാവലിൻ ത്രോയിലെ നീരജ് ചോപ്രയാണ് ഇന്ത്യൻ പ്രതീക്ഷയുടെ അമരത്ത്. മലയാളി ലോങ്ജമ്പർ എം. ശ്രീശങ്കർ അടക്കമുള്ളവർക്കും മെഡൽ പ്രതീക്ഷയുണ്ട്.
ബോക്സിങ്: ആദ്യ റൗണ്ടിൽ ബൈ; മെഡലുറപ്പിച്ച് ലവ്ലീന
ഗ്ലാസ്ഗോ: കോമൺവെൽത്ത് വനിത ബോക്സിങ്ങിൽ ആദ്യ റൗണ്ടിൽ ബൈ ലഭിച്ച് സെമിഫൈനലിലെത്തിയതോടെ മെഡലുറപ്പിച്ച് ഇന്ത്യൻ ബോക്സർ ലവ്ലീന ബോർഗോഹൈൻ. അഞ്ചുപേർ മാത്രം മത്സര രംഗത്തുള്ള 75 കി. വിഭാഗത്തിലാണ് ലവ്ലീനക്ക് റിങ്ങിലിറങ്ങാതെ അവസാന നാലിലേക്ക് പ്രവേശനം ലഭിച്ചത്. സെമിയിൽ തോറ്റാലും വെങ്കല മെഡൽ ലഭിക്കും.
ഈമാസം 31ന് നടക്കുന്ന സെമിയിൽ ടുവുലുവിന്റെ തരോണ തഫാക്കിയാണ് 31കാരിയുടെ എതിരാളി. ടോക്യോ ഒളിമ്പിക്സ് വെങ്കല മെഡലുകാരിയുടെ ആദ്യ കോമൺവെൽത്ത് ഗെയിംസ് മെഡൽനേട്ടമാണിത്. ഒളിമ്പിക്സിനുപുറമെ ലോക ചാമ്പ്യൻഷിപ്, ഏഷ്യൻ ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ് എന്നിവയിലെല്ലാം മെഡൽ സ്വന്തമാക്കിയിട്ടുണ്ട് അസംകാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

