അറേബ്യൻ വിശ്വമേളക്ക് വർണാഭമായ തുടക്കം
text_fieldsദോഹ: അറേബ്യൻ രാജ്യങ്ങളുടെ വീറുറ്റ ഫുട്ബാൾ പോരാട്ടമായ ഫിഫ അറബ് കപ്പിന് കായിക ലോകത്തിന്റെ തലസ്ഥാനമായ ഖത്തറിന്റെ മണ്ണിൽ വർണാഭമായ തുടക്കം.
ഫിഫ അറബ് കപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം അൽ ഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നിർവഹിച്ചു. വർണാഭമായ ആഘോഷങ്ങളോടെയും ആർപ്പുവിളികളോടെയുമാണ് നിറഞ്ഞുകവിഞ്ഞ അൽ ബെയ്ത് സ്റ്റേഡിയം ഉദ്ഘാടന പരിപാടികളെ വരവേറ്റത്. ഉദ്ഘാടന മഹാമഹം ഖത്തറിന്റെ സാങ്കേതിക സൗന്ദര്യത്തിന്റെ പ്രകടനം കൂടിയായി. ലേസർ ഷോയും വെടിക്കെട്ടുകൾ ഉയർന്നും അൽ ബെയ്തിനെ അക്ഷരാർഥത്തിൽ വിസ്മയ നഗരിയാക്കി. അറബ് ഐക്യത്തിന്റെ പ്രാധാന്യമുറപ്പാക്കിയും സമ്പന്നമായ അറബ് സംസ്കാരത്തെ പ്രദർശിപ്പിച്ചും മേഖലയുടെ കായിക ഉത്സവമായിരിക്കും ഇനിയുള്ള നാളുകളെന്ന് ഉറപ്പാക്കുന്നതായിരുന്നു ഉദ്ഘാടനച്ചടങ്ങിലെ പൊലിമ. ഫിഫ അണ്ടർ 17 ലോകകപ്പ് വിജയകരമായി സമാപിച്ചതിനു പിന്നാലെയാണ് മേഖലയുടെ ആവേശകരമായ അറബ് കപ്പ് ഉത്സവങ്ങൾക്ക് കഴിഞ്ഞ ദിവസം തുടക്കമായത്.
അറബ് ഫുട്ബാൾ താരങ്ങളെയും ആരാധകരെയും വീണ്ടും ഒന്നിപ്പിച്ചുകൊണ്ടുവരുന്ന അറബ് കപ്പിന് തുടർച്ചയായി രണ്ടാം തവണയാണ് ഖത്തർ ആതിഥ്യമരുളുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഫുട്ബാൾ ആരാധകർ ഇതിനകം ഖത്തറിലെത്തിയിട്ടുണ്ട്. സൂഖ് വാഖിഫും ഓൾഡ് ദോഹ പോർട്ടും കതാറ പരിസരവുമെല്ലാം ആരാധകരുടെ ആഹ്ലാദവും ആഘോഷവും പൊടിക്കുകയാണ്. ലുസൈൽ ബൊളെവാഡിൽ 16 ടീമുകളുടെയും ആരാധകർക്കായി കൾച്ചറൽ പരിപാടികളും ലൈവ് ഷോകളും അരങ്ങേറും. ഇന്നലെ വൈകീട്ട് നടന്ന ഖത്തർ-ഫലസ്തീൻ ഉദ്ഘാടന മത്സരത്തെ ആർപ്പുവിളികളോടെയും കൈയടികളോടെയുമാണ് ആരാധകർ സ്വീകരിച്ചത്. ഗാലറിയിൽ നിന്ന് ഹയാ...വിളികളുയർന്നു. ഇഷ്ട ടീമുകൾക്ക് ഗാലറിയിൽനിന്ന് നിലക്കാത്ത ബാൻഡ് അടിയും കൈയടിയും ഊർജമേകി.
ഇന്നത്തെ മത്സരം
3.00: മൊറോക്കോ
-കോമറോസ്
5.30: ഈജിപ്ത്-
കുവൈത്ത്
8.00: സൗദി അറേബ്യ
-ഒമാൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

