ചൈന മാസ്റ്റേഴ്സ്; സാത്വിക്-ചിരാഗ് സഖ്യം റണ്ണറപ്പ്
text_fieldsഷെൻസെൻ (ചൈന): ലോകത്തെ മുനയിൽ നിർത്തി ഇടക്കാലത്ത് ബാഡ്മിന്റണിൽ ഇന്ത്യ വെട്ടിപ്പിടിച്ച മഹാനേട്ടങ്ങളിലേക്ക് പതിയെ വീണ്ടും ചുവടുവെക്കുന്നുവെന്ന സൂചന നൽകിയ സാത്വിക്- ചിരാഗ് ഷെട്ടി കൂട്ടുകെട്ടിന് ഫൈനലിൽ വീണ്ടും തോൽവി. ചൈന മാസ്റ്റേഴ്സ് സൂപ്പർ 750 ടൂർണമെന്റ് കലാശപ്പോരിൽ ലോക ഒന്നാം നമ്പർ ജോടിയായ കൊറിയയുടെ കിം വോൻ ഹോയോടും സൂ സ്യൂങ് ജെയിയോടുമാണ് ടീം തോൽവി സമ്മതിച്ചത്. കിരീടവരൾച്ചക്ക് ചൈനീസ് മണ്ണിൽ അവസാനം തേടി ഇറങ്ങിയവർക്ക് നേരിട്ടുള്ള സെറ്റുകളിലായിരുന്നു തോൽവി. സ്കോർ 19-21, 15-21.
ഹോങ്കോങ് ഓപണിനു പിന്നാലെ തുടർച്ചയായ രണ്ടാം ടൂർണമെന്റിലും ഉജ്ജ്വല ഫോമുമായി അവസാന പോരിലേക്ക് കുതിപ്പു നടത്തിയ ഏഷ്യൻ ഗെയിംസ് ചാമ്പ്യൻമാർ ഞായറാഴ്ച ഇഞ്ചോടിച്ച് പോരാട്ടവുമായി ഒപ്പംനിന്നു കളിച്ചാണ് ആദ്യ സെറ്റ് കൈവിട്ടത്. ലോകത്തെ ഏറ്റവും മികച്ച ആക്രമണവും പ്രതിരോധവും മുഖാമുഖം നിന്ന പോരിൽ കൊറിയക്കാർ 3-0ന് ആദ്യം ലീഡെടുത്തെങ്കിലും 6-6ന് ഇന്ത്യക്കാർ തുല്യത പിടിച്ചു.
അതിമനോഹരമായി കളിച്ച ചിരാഗിന്റെ കരുത്തിൽ ഒരു ഘട്ടത്തിൽ 11-7നും 14-8നും ലീഡ് പിടിച്ച ശേഷമായിരുന്നു വെറുതെ കളി കൈവിട്ടത്. ഇതിന്റെ ക്ഷീണം പക്ഷേ, അടുത്ത സെറ്റിലും സാത്വികിനെയും ചിരാഗിനെയും വേട്ടയാടി. തുടക്കം ഗംഭീരമാക്കിയവർ അവസാന ഭാഗത്ത് എതിരാളികൾക്ക് ജയം തളികയിലെന്ന പോലെ വിട്ടുനൽകി. മറ്റു താരങ്ങൾക്കൊപ്പം കളിച്ചതിനൊടുവിൽ ഒരിക്കലൂടെ സഖ്യമായ കൊറിയക്കാർ സീസണിൽ ഒമ്പതാമത് ഫൈനലാണ് കളിക്കുന്നത്. ലോക ചാമ്പ്യൻഷിപ്, ഓൾ ഇംഗ്ലണ്ട് ഓപൺ, ഇന്തോനേഷ്യ ഓപൺ അടക്കം ആറുകിരീടങ്ങളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

