ചാമ്പ്യൻ സതീശൻ ഇപ്പോൾ ഓടുന്നത് ജീവിക്കാൻ
text_fieldsസതീശൻ ലോട്ടറി
വിൽപനക്കിടെ
വീടിനടുത്തുള്ള ഒരു ക്ലബ് സംഘടിപ്പിച്ച ഓട്ടമത്സരത്തിൽ പങ്കെടുത്തപ്പോൾ പരിഹാസമാണ് സതീശനെ പിന്നീട് 'ചാമ്പ്യൻ സതീശനാക്കിയത്. തന്നെ കൂകിവിളിച്ചാക്ഷേപിച്ചവർക്ക് ഇതേവേദിയിൽ മറുപടി നൽകണമെന്ന ആഗ്രഹത്തിൽ തീവ്ര പരിശീലനം തുടങ്ങി. അതിരാവിലെ റോഡിലൂടെ ഓടിക്കിതച്ചെത്തുന്ന ഈ അഞ്ചടി പത്തിഞ്ചുകാരനെ ചേർത്തല ഗവ. ബോയ്സ് ഹൈസ്കൂളിലെ കായികാധ്യാപകനായിരുന്ന ആർ. ശശി ശ്രദ്ധിച്ചതോടെ സതീശൻ ട്രാക്കുകൾ ഓടിക്കയറി. ക്രോസ് കൺട്രി പ്രധാന മത്സരമായി തെരഞ്ഞെടുക്കുകയും ചെയ്തു.
ദരിദ്ര കർഷകകുടുംബത്തിലെ അംഗമായിരുന്ന സതീശൻ ഒന്നാം സ്ഥാനത്തിനായാണ് ആദ്യം മത്സരത്തിനിറങ്ങിയത്. എന്നാൽ, സാമ്പത്തിക പരാധീനത ഏറിയപ്പോൾ സമ്മാനത്തുക ലക്ഷ്യമാക്കി ഓടി. 1986ൽ മദ്രാസ് സെൻട്രലിൽ നടന്ന റെയിൽവേ മീറ്റിൽ പങ്കെടുത്ത സതീശൻ 1500 മീറ്ററിൽ ഒന്നാമതെത്തി. സ്വർണമെഡലിനൊപ്പം 5000 രൂപ സമ്മാനത്തുകയും ലഭിച്ചു. കേരള സംസ്ഥാന യൂത്ത് വെൽഫെയർ ബോർഡ് 1987-ൽ സംഘടിപ്പിച്ച യുവജനമേളയിൽ 5000, 1500 മീറ്ററുകളിൽ സതീശൻ രണ്ടാം സ്ഥാനം നേടി. 1957 മുതൽ 1989 വരെ നടന്ന ആലപ്പുഴ ജില്ല അേമച്വർ അത്ലറ്റിക് മീറ്റിലും ജില്ല മേയ്ദിന കായികമേളയിലും ജില്ല ചാമ്പ്യനായി ഹാട്രിക് വിജയവും കരസ്ഥമാക്കി.
5000, 1500, 800 മീറ്റർ ഇനങ്ങളിൽ ഒന്നാമനായി. ജില്ല തലത്തിൽ ചാമ്പ്യനായതോടെ സതീശൻ ചാമ്പ്യൻ സതീശൻ എന്ന പേര് വീണു.1985 ൽ ഇടക്കൊച്ചിയിൽനിന്ന് പള്ളുരുത്തി വരെയുള്ള ഏഴ് കിലോമീറ്റർ ദൂരം 19 മിനിറ്റ് കൊണ്ട് ഓടിയെത്തി സതീശൻ സ്ഥാപിച്ച റെക്കോഡ് ഇതുവരെ ആരും തകർത്തിട്ടില്ല. ട്രാക്കിൽ ഇത്രയേറെ മികവുകൾ നേടിയിട്ടും സർക്കാർ തലത്തിൽ സഹായമൊന്നും ലഭിച്ചില്ല. റെയിൽവേയിൽ ജോലിക്ക് അവസരമുണ്ടായെങ്കിലും നിർഭാഗ്യവശാൽ നഷ്ടമായി. ദൂരദേശങ്ങളിൽ നടന്ന മത്സരങ്ങളിൽ അവസരം ലഭിച്ചെങ്കില്ലും യാത്രാച്ചെലവ് കണ്ടെത്താനാകാതെ സതീശൻ തളർന്നു. ട്രോഫികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സതീശെൻറ വീട്. തനിക്ക് ലഭിച്ച ട്രോഫികൾക്ക് വില പറഞ്ഞ് ഒരാൾ എത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. കായിക രംഗത്ത് ചാമ്പ്യനാണെങ്കിലും ജീവിതത്തിൽ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ സതീശന് കഴിഞ്ഞില്ല. പ്രമേഹവും പക്ഷാഘാതവും വില്ലനായി. കാൽ വിരലുകൾ മുറിച്ചുമാറ്റി. ഒരു വിധം ജീവിതത്തിലേക്ക് തിരിച്ചെത്തിയപ്പോൾ 2005ൽ ലോട്ടറി വിൽപനയിലേക്ക് തിരിഞ്ഞു. രാവിലെ വീട്ടിൽനിന്നിറങ്ങും. ചേർത്തല താലൂക്കാശുപത്രിക്ക് മുന്നിൽ കൈയിലുള്ള ലോട്ടറികൾ തീർന്നാൽ ഉടൻ വീട്ടിലേക്ക് മടങ്ങും. മകൾ സ്നേഹ വിഹാഹിതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

