ചലഞ്ചർ കപ്പ് വോളി; വിജയ സ്മാഷുതിർത്ത് ഖത്തർ
text_fieldsചലഞ്ചർ കപ്പ് വോളിയിൽ തായ്ലൻഡിനെ തോൽപിച്ച് സെമിയിൽ കടന്ന ഖത്തർ ടീം അംഗങ്ങളുടെ ആഹ്ലാദം
ദോഹ: രണ്ടര മീറ്റർ ഉയരമുള്ള നെറ്റിനേക്കാൾ ഉയരത്തിൽ പറന്നിറങ്ങുന്ന സ്മാഷുകളുമായി എതിർകോട്ടകൾ പിളർത്തുന്ന വമ്പൻ താരങ്ങൾ. എതിരാളിയുടെ അടിതെറ്റിക്കുന്ന സർവുകൾ, മൂളിപ്പറക്കുന്ന സ്മാഷുകളുടെ കനത്തിൽ പോയൻറുകൾ നിറയുന്ന സ്കോർ ബോർഡ്... ഫുട്ബാളിനെ പ്രണയിച്ച ഖത്തറിലെ കാണികൾക്ക് സുന്ദരമായൊരു വോളിബാൾ പോരാട്ടദിനങ്ങൾ സമ്മാനിച്ച് വേൾഡ് ചലഞ്ചർ കപ്പ് വോളിബാൾ ചാമ്പ്യൻഷിപ്പിന് വെള്ളിയാഴ്ച തുടക്കമായി.
ലോക വോളിബാൾ അസോസിയേഷൻ നേതൃത്വത്തിൽ, ഖത്തർ വോളി അസോസിയേഷൻ ആതിഥേയരാവുന്ന നാലാമത് ചലഞ്ചർ കപ്പ് വോളി പോരാട്ടത്തിലെ ആദ്യ അങ്കങ്ങളിൽ ചിലിക്കും യുക്രെയ്നും ആതിഥേയരായ ഖത്തറിനും തകർപ്പൻ ജയം. ആസ്പയർ സ്പോർട്സ് ഹാളിൽ ആരംഭിച്ച ടൂർണമെന്റിന്റെ മൂന്നാം അങ്കത്തിൽ നാട്ടുകാരുടെ പിന്തുണയിൽ നിറഞ്ഞാടിയായിരുന്നു ഖത്തർ എതിരാളികളായ തായ്ലൻഡിനെ കീഴടക്കിയത്.
ചൈനക്കെതിരെ യുക്രെയ്ൻ താരത്തിന്റെ സ്മാഷ്
നേരിട്ടുള്ള മൂന്നു സെറ്റിന് ജയിച്ചുവെങ്കിലും പോരാട്ടം ഇഞ്ചോടിഞ്ചായി. രണ്ടു സെറ്റുകളും ടൈബ്രേക്കർ കടമ്പയിലേക്ക് നീങ്ങിയതിനു പിന്നാലെയായിരുന്നു വിജയം പിടിച്ചെടുത്തത്. സ്കോർ: 26-24, 25-23, 26-24. വെള്ളിയാഴ്ച രാവിലെ നടന്ന ഉദ്ഘാടന മത്സരത്തിൽ തെക്കനമേരിക്കൻ പവർഹൗസായ ചിലി തുനീഷ്യയെ 3-0ത്തിന് തരിപ്പണമാക്കി.
വീറും വാശിയും അവസാനം മൂന്നാം സെറ്റിന്റെ അവസാനം വരെ നീണ്ടുനിന്ന മത്സരത്തിൽ നേരിട്ടുള്ള മൂന്നു സെറ്റിനായിരുന്നു ചിലി അങ്കം ജയിച്ചത്. 25-19, 25-23, 25-23 എന്ന സ്കോറിനായിരുന്നു ടീമിന്റെ വിജയം. തൊട്ടുപിന്നാലെ നടന്ന മത്സരത്തിൽ ചൈനീസ് വെല്ലുവിളിയെ നാലു സെറ്റ് മത്സരത്തിൽ കീഴടക്കി യുക്രെയ്നും സെമിയിലേക്ക് ജൈത്രയാത്ര നടത്തി.
ആസ്പയർ സ്പോർട്സ് ഹാളിൽ നടന്ന ചലഞ്ചർ കപ്പ് വോളിയിൽ ചിലിയും തുനീഷ്യയും ഏറ്റുമുട്ടുന്നു
25-19, 25-22 എന്ന സ്കോറിന് ആദ്യ രണ്ടു സെറ്റും യുക്രെയ്ൻ വിജയിച്ചെങ്കിലും മൂന്നാം സെറ്റിൽ ചൈന തിരികെയെത്തി. എന്നാൽ, ഉയരക്കൂടുതലും കരുത്തുറ്റ സ്മാഷുകളും ആയുധമാക്കിയ യുക്രെയ്ൻ 25-19ന് നാലാം സെറ്റ് അനായാസം പിടിച്ച് 3-1ന് കളി ജയിച്ചു. ശനിയാഴ്ചത്തെ സെമി ഫൈനലിൽ ഖത്തർ ചിലിയെ നേരിടും. വൈകീട്ട് നാലിനാണ് മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

