സി.ബി.എസ്.ഇ കുവൈത്ത് ക്ലസ്റ്റർ അത്ലറ്റിക് മീറ്റ്: ഇന്ത്യ ഇന്റർനാഷനൽ സ്കൂളിന് തിളക്കമാർന്ന നേട്ടം
text_fieldsഇന്ത്യ ഇന്റർനാഷനൽ സ്കൂൾ അത്ലറ്റിക് ടീം
കുവൈത്ത് സിറ്റി: 25ാമത് സി.ബി.എസ്.ഇ കുവൈത്ത് ക്ലസ്റ്റർ അത്ലറ്റിക് മീറ്റിൽ മംഗഫിലെ ഇന്ത്യ ഇന്റർനാഷനൽ സ്കൂളിന് ശ്രദ്ധേയ നേട്ടം. മൂന്നു ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ ഇരുപതോളം സി.ബി.എസ്.ഇ വിദ്യാലയങ്ങളിലെ കായികപ്രതിഭകൾ മാറ്റുരച്ചു. അണ്ടർ 19 പെൺകുട്ടികളുടെ ജാവലിൻത്രോയിൽ പുതിയ മീറ്റ് റെക്കോഡോടുകൂടി സീഫ ജിലാനി ഒന്നാം സ്ഥാനം നേടി. അണ്ടർ 19 ആൺകുട്ടികളുടെ 4x400 മീറ്റർ റിലേയിൽ ഷയാൻ അഫ്സൽ, മിലൻ ടിജു, ഡിയോൺ, ഇർഫാദ് എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനത്തെത്തി.
അണ്ടർ 17 ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ നോയൽ രാജും ലോങ്ജംപിൽ ശ്രീഹരിയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ട്രിപ്ൾ ജംപിൽ മുഹമ്മദ് അലി രണ്ടാം സ്ഥാനം നേടി. അണ്ടർ 19 ആൺകുട്ടികളുടെ ഹൈജംപിൽ ഡിയോൺ ജിജുവും 5000 മീറ്റർ ഓട്ടത്തിൽ മിലൻ ടിജുവും അണ്ടർ 14 പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ ആയുർദയും രണ്ടാം സ്ഥാനത്തെത്തി. ഫിസിക്കൽ എജുക്കേഷൻ മേധാവി ഡോ. രമേശ് കുമാറിന്റെയും സംഘത്തിന്റെയും നേതൃത്വത്തിലാണ് പരിശീലനം നൽകിയത്. സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ, പ്രിൻസിപ്പൽ കെ.വി. ഇന്ദുലേഖ, വൈസ് പ്രിൻസിപ്പൽ ഡോ. സലീം എന്നിവർ വിദ്യാർഥികളെ അഭിനന്ദിച്ചു. ഛത്തിസ്ഗഢിലെ റായ്പുരിൽ നടക്കുന്ന സി.ബി.എസ്.ഇ നാഷനൽ അത്ലറ്റിക്സ് മീറ്റിലും സ്കൂളിലെ വിദ്യാർഥികൾ പങ്കെടുക്കും. ഇതിനായി വിദ്യാർഥികൾ പുറപ്പെട്ടു.

