Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightമുതലാളിത്തം Vs...

മുതലാളിത്തം Vs കമ്യൂണിസം കളത്തിലെ ഒരു ജർമൻ യുദ്ധം

text_fields
bookmark_border
german battle
cancel
camera_alt

പശ്ചിമ ജർമനിയും കിഴക്കൻ ജർമനിയും ഗ്രൂപ്പ് റൗണ്ടിൽ ഏറ്റുമുട്ടും മുമ്പ് ഇരു ടീം ക്യാപ്റ്റൻമാർ ഹസ്തദാനം ചെയ്യുന്നു

പെലെ പടിയിറങ്ങിയതോടെ, കേളീ ശൈലിയും പ്രതാപവും നഷ്ടമായ ബ്രസീലും, യൂറോപ്യൻ ക്ലബ് ഫുട്ബാളിന് പുതിയ ചമയങ്ങൾ തീർത്ത അയാക്സിന്‍റെയും ബയേൺ മ്യൂണികിന്‍റെയും വരവും, അവരുടെ നായകരായ കൈസർ എന്ന ഫ്രാൻസ് ബെക്കൻ ബോവറും യൊഹാൻ ക്രൈഫും ലോകഫുട്ബാളിലെ പുതുപ്പിറവികളായി ഉദിച്ചുയർന്നതുമെല്ലാമായിരുന്നു 1974 ലോകകപ്പിന്‍റെ വിശേഷങ്ങൾ. എന്നാൽ, കളിയുടെ ചന്തത്തേക്കാൾ കളം ഒരു നെരിപ്പോടായി മാറിയ പോരാട്ടത്തിനും പശ്ചിമ ജർമനി ലോകകപ്പ് സാക്ഷ്യം വഹിച്ചു.

കളിയേക്കാൾ, രാഷ്ട്രീയവും പകയും സമാസമം ചേർന്ന ഒരുപോരാട്ട കഥയായിരുന്നു അത്. ലോകകപ്പിന്‍റെ ഗ്രൂപ്പ് റൗണ്ടിൽ കിഴക്കൻ ജർമനിയും പശ്ചിമയ ജർമനിയും ഒന്നിച്ചു വന്നപ്പോൾ തന്നെ ഈ കുടിപ്പകയുടെ കണക്കുകൾ പറഞ്ഞു കേട്ടിരുന്നു. നേരത്തെ ഒരു രാജ്യമായി മാറുകയും, പിന്നെ ഹിറ്റ്ലറെ കീഴടക്കി സഖ്യരാജ്യങ്ങൾ യൂറോപ്പ് വിടും മുമ്പേ തീരുമാനിച്ചുറപ്പിച്ചതിന്‍റെ ഫലമായി പിറന്ന ഒരു രാഷ്ട്രീയ കാരണം. രണ്ടാം ലോകയുദ്ധാനന്തരം ജർമനിയെ പലചീന്തുകളാക്കിമാറ്റിയാണ് സഖ്യസൈനികർ യൂറോപ്പു വിട്ടത്. അങ്ങനെ, ബ്രിട്ടൻ, ഫ്രാൻസ്, അമേരിക്ക മേധാവിത്വമുള്ള ഭാഗങ്ങൾ പശ്ചിമ ജർമനിയായി. വ്യവവസായവും, സമ്പത്തും കളിയുമെല്ലാം സ്വന്തമായുള്ള പശ്ചിമ ജർമനി സമ്പന്നതയിലായി.

സോവിയറ്റ് റഷ്യയുടെ അധീനതയിലായിരുന്നു കിഴക്കൻ ജർമനി. കമ്യൂണിസ്റ്റ് ആധിപത്യത്തിലുള്ള നാടായി ഈ ഭാഗം മാറി. പിന്നീട് ഉയർന്നുവന്ന ശീതയുദ്ധം രാജ്യാന്തര തലത്തിൽ രണ്ടുചേരികളാക്കിയപ്പോൾ ഇരു ശക്തികളുടെയും നേരിട്ടുള്ള ഇടപെടലുകൾക്ക് വിധേയരായ ഇരു ജർമനിയുമായിരുന്നു അതിന്‍റെ വിലയ ബലിയാടുകൾ.

കളിക്കളത്തിൽ പശ്ചിമ-പൂർവ ജർമനികൾ കളത്തിലിറങ്ങുമ്പോൾ അത് ലോകം മുതലാളിത്തവും കമ്യുണിസവും തമ്മിലെ പോരാട്ടമായി വിശേഷിപ്പിച്ചു. ബയേൺ മ്യൂണിക്, ലൈപ്സിഷ്, ഫോർച്യൂണ ഡസൽഡോഫ്, ഡൈനാമോ ഡ്രെസ്ഡൻ ഉൾപ്പെടെ ക്ലബു തലത്തിൽ ഇരു ജർമനിയിലെയും ടീമുകൾ പലപ്പോഴും ഏറ്റുമുട്ടിയെങ്കിലും അതൊന്നും വലിയ രാഷ്ട്രീയ ചർച്ചകളിലേക്കും മറ്റും നയിച്ചിരുന്നില്ല. എന്നാൽ, ഒരു തവണ മാത്രം ഏറ്റുമുട്ടിയ ദേശീയ ടീമുകളുടെ പോരാട്ടം ചരിത്രപ്രധാനമായി. 1974 ലോകകപ്പിന്‍റെ ഗ്രൂപ്പ് റൗണ്ടിലായിരുന്നു അത്.



ഹാംബർഗിലെ ജർമൻ പോരാട്ടം

ജർമൻ മണ്ണിൽ ലോകകപ്പ് എത്തുന്നതിനും മുമ്പേ കാൽപന്ത് ലോകത്ത് തങ്ങളുടെ മികവ് അടയാളപ്പെടുത്തിയവരായിരുന്നു പശ്ചിമ ജർമനി. യുദ്ധാനന്തരം 1950ൽ ആദ്യരാജ്യാന്തര മത്സരം കളിച്ച പശ്ചിമ ജർമനി 1954ൽ ബേണിലെ മിറാക്ക്ൾ പ്രകടനത്തിലൂടെ കിരീടം ചൂടി കാൽപന്തു ലോകത്തെ കരുത്തരായി മാറി. 1958ൽ നാലാം സ്ഥാനക്കാരും, 1966ൽ റണ്ണേഴ്സ് അപ്പുമായി. മികച്ച ക്ലബുകളും പ്രമുഖ താരങ്ങളുമെല്ലാം അവർക്കൊപ്പമുണ്ടായിരുന്നു. എന്നാൽ, കിഴക്കൻ ജർമനിയുടെ ആദ്യ ലോകകപ്പ് പ്രവേശനമായിരുന്നു 1974. ഗ്രൂപ്പ് റൗണ്ടിൽ നറുക്ക് വീണപ്പോൾ ആതിഥേയരായ പശ്ചിമ ജർമനിയും, അയൽക്കാരായ കിഴക്കൻ ജർമനിയും ഒരേ ഗ്രൂപ്പിൽ. ഇരു ടീമുകളും തങ്ങളുടെ രണ്ടു മത്സരം വീതം പൂർത്തിയാക്കിയ ശേഷമായിരുന്നു മുഖമുഖമെത്തിയത്. ജൂൺ 22ന് ഹാംബർഗിലെ 60,000കാണികൾക്ക് ഇരിപ്പിട സൗകര്യമൊരുക്കിയ ഗാലറി തിങ്ങിനിറഞ്ഞു.

എന്നാൽ, കിഴക്കൻ ജർമനിക്കു വേണ്ടി ആരവം മുഴക്കാൻ ആ ഗാലറിയിൽ 1500പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പരസ്പരം യാത്രാ വിലക്കുള്ളതിനാൽ, കിഴക്കു നിന്നു തെരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രം ഹാംബർഗിലേക്ക് യാത്രക്ക് അനുവാദം നൽകി. കൗമാരകാലത്ത് കിഴക്കൻ ജർമനിയിൽ നിന്നും അതിർത്തി കടന്നു വന്ന അഭയം തേടിയ ഹെൽമറ്റ് ഷോൺ ആയിരുന്നു പടിഞ്ഞാറുകാരുടെ പരിശീലകൻ. തങ്ങളുടെ കോച്ചിനു വേണ്ടി കിഴക്കൻ ജർമനിക്കെതിരെ വിജയം നേടും എന്ന് ശപഥം ചെയ്തായിരുന്നു ബെക്കൻബോവറും ഗെർഡ് മുള്ളറും ഉൾപ്പെടെയുള്ള സംഘം കളത്തിലിറങ്ങിയത്. അവർക്കായി ഗാലറിയും ആരവം മുഴക്കി. എന്നാൽ, കണക്കുകൂട്ടിയ പോലൊയിരുന്നില്ല കളത്തിലെ സംഭവവികാസങ്ങൾ. കളത്തിലെയും പുറത്തെയും ബഹളമൊന്നും കിഴക്കൻ പടയെ വിറപ്പിച്ചില്ല. അവർ, ധൈര്യത്തോടെ പോരാടിയപ്പോൾ ഫലം മാറി. 77ാം മിനിറ്റിൽ മുന്നേറ്റ നിരക്കാരൻ യുർഗൻ സ്പാർവാസർ നേടിയ ഗോളിലൂടെ കിഴക്കൻ ജർമനി മുന്നിലെത്തി. അങ്ങനെ, കിരീട ഫേവറിറ്റുകളായ ആതിഥേയരെ അട്ടിമറിച്ച് കമ്യൂണിസ്റ്റ് ജർമനി വിജയം കുറിച്ചു.

ലോകകപ്പിന്‍റെ ചരിത്രത്തിലെ തന്നെ അതിവൈകാരികമായി അട്ടിമറിയായാണ് ഈ മത്സര ഫലത്തെ അടയാളപ്പെടുത്തിയത്. എന്നാൽ, ആ തോൽവി പശ്ചിമ ജർമനിയെ രക്ഷപ്പെടുത്തിയെന്നതാണ് സത്യം. അപ്രതീക്ഷിത അട്ടിമറിയിൽ ടീം ഉണർന്നതിനൊപ്പം, രണ്ടാം ഗ്രൂപ്പ് റൗണ്ടിലെ യാത്ര കൂടുതൽ അനായാസമായി. ഗ്രൂപ്പിൽ ഒന്നാമതായി കിഴക്കൻ ജർമനി അടുത്ത റൗണ്ടിൽ ഇടം പിടിച്ചത് നെതർലൻഡ്സ്, ബ്രസീൽ എന്നിവർക്കൊപ്പമായിരുന്നു. പശ്ചിമ ജർമനിക്കാവട്ടെ, രണ്ടാം റൗണ്ടിലെ എതിരാളികൾ പോളണ്ട്, സ്വീഡൻ, യൂഗോസ്ലാവ്യ എന്നിവരുമായി. അനായാസ ജയത്തോടെ കുതിച്ചവർ പിന്നെ കിരീടവുമായാണ് കളം വിട്ടത്. കിഴക്കൻ ജർമനിയാവട്ടെ ക്രൈഫിന്‍റെ നെതർലൻഡ്സിനോടും, കരുത്തരായ ബ്രസീലിനോടും കീഴടങ്ങി പുറത്തായി. കിഴക്കൻ ജർമനിയോട് തോറ്റ മത്സരത്തെ കുറിച്ച് ഗെർഡ് മുള്ളർ പിന്നീട് പറഞ്ഞത് ഇങ്ങനെയായിരുന്നു -'ആ തോൽവിയോടെ ഞങ്ങളുടെ പരിശീലന ക്യാമ്പ് ഒരു നരകം പോലെയായി. ആ തോൽവിയുടെ ആഘാതം ഞങ്ങളെ രാത്രി മുഴുവൻ ഉലച്ചു. പക്ഷേ, കോച്ച് ഹെൽമറ്റ് ഷോൺ മാത്രം നല്ല മൂഡിലായിരുന്നു. തോറ്റത് നന്നായെന്നായിരുന്നു അദ്ദേഹത്തിന്‍റെ ഉള്ളിലിരിപ്പ്. അല്ലെങ്കിൽ ബ്രസീലും നെതർലൻഡ്സുമുള്ള ഗ്രൂപ്പിൽ രണ്ടാം റൗണ്ടി കളിക്കേണ്ടി വന്നേനെ'.

പിന്നീട് ഒളിമ്പിക്സിൽ തമ്മിൽ കളിച്ചെങ്കിലും കിഴക്ക്-പടിഞ്ഞാറൻ ജർമനികളുടെ ആദ്യത്തെയും അവസാനത്തെയും അങ്കമായി അത്. തുടർന്ന് 1990ലെ ജർമൻ ഏകീകരണത്തോടെ ഇരു ജർമനിയും ഒന്നായി ലോക ഫുട്ബാളിലെ പവർഹൗസായി മാറിയ കഥ മറ്റൊരു ചരിത്രം.



ടോട്ടൽ ഫുട്ബാളിന്‍റെ ആശാൻ

ടോട്ടൽ ഫുട്ബാൾ എന്ന് കേൾക്കുമ്പോൾ വെട്ടിയൊഴിഞ്ഞ് നീങ്ങുന്ന പരൽമീനിനെ പോലെ, ഏത് നിമിഷവും ഗതിമാറി, എതിരാളിയെ കബളിപ്പിക്കുന്ന യൊഹാൻ ക്രൈഫിന്‍റെ നീക്കമാവും ഓർമയിലെത്തുന്നത്. കളത്തിൽ ഇത്രമേൽ സുന്ദരമായി ഈ കളി തന്ത്രത്തെ അവതരിപ്പിച്ച മറ്റൊരു താരമില്ല. അതുകൊണ്ടു തന്നെ, കിരീടമില്ലെങ്കിലും 1974 ലോകകപ്പ് ഈ നീളൻ മുടിക്കാരൻ ടോട്ടൽ ഫുട്ബാളിന്‍റെ ബ്രാൻഡ് ഇമേജായി മാറി.

എന്നാൽ, ഒരു കളത്തിലെ താരങ്ങളെയെല്ലാം എല്ലാ പൊസിഷനിലെയും മികച്ച കളിക്കാരാക്കി മാറ്റിയ ടോട്ടൽ ഫുട്ബാളിന്‍റെ ആചാര്യനായി വിശേഷിപ്പിക്കപ്പെടുന്നത് അയാക്സിന്‍റെയും പിന്നെ നെതർലൻഡ്സിന്‍റെയും പരിശീലകനായ റിനസ്മൈക്കിൾസാണ്. ആംസ്റ്റർഡാമിലെ ഒരു കായികാധ്യാപകനായിരുന്നു റിനസ് മൈക്കിൾസ്. ജിംനാസ്റ്റിക്സ് പരിശീലനത്തിൽ മിടുക്കനായ അധ്യാപകൻ. എന്നാൽ, ഒരുവേളയിൽ നെതർലൻഡ്സ് ദേശീയ ടീമിനായി അഞ്ചു മത്സരങ്ങളിൽ കളിച്ച പരിചയവുമുണ്ടായിരുന്നു. ഇടവേളയിൽ വിവിധ അമേച്വർ ക്ലബുകളുടെ പരിശീലകനായി. ഫുട്ബാളിനെയും ജിംനാസ്റ്റിക്സിനെയും ഒരുപോലെ കൊണ്ടുപോയ റിനസിന്‍റെ ചിന്തകളിൽ നിന്നാണ് ടോട്ടൽ ഫുട്ബാൾ എന്ന ആശയം പിറക്കുന്നത്. 1965 അയാക്സ് തോൽവികളിൽ പതറുമ്പോഴാണ് റിനസിനെ പരിശീലകനായി വിളിക്കുന്നത്. ജയിച്ചില്ലെങ്കിൽ തരംതാഴ്ത്തപ്പെടും എന്ന നിലയിൽ ഒരു മത്സരത്തിന് മുന്നിൽ നിക്കെയാണ് പരിശീലകനായെത്തുന്നത്. ക്ലബിലെ ജൂനിയർ താരങ്ങളെയെല്ലാം വിളിച്ച്, മുൻനിരയിലേക്കിറക്കി പോരാടിയ ടീം 9-3ന് എതിരാളികളെ വീഴ്ത്തി പുതിയൊരു തുടക്കത്തിന് കളം കുറിച്ചു. ആരീഹാൻ, റെപ്, നീസ്കെൻസ് എന്നിവർക്കൊടുവിൽ യൊഹാൻ ക്രൈഫും ആ നിരയിൽ സ്ഥാനം പിടിച്ചു.

വേഗം, കായിക ക്ഷമത, ആക്രമണ വൈവിധ്യം, കളിക്കാരുടെ ഏകോപനം എന്നിവ മുഖമുദ്രയാക്കി അദ്ദേഹം പുതിയൊരു കളിശൈലി വാർത്തെടുത്തു തുടങ്ങി. കളിക്കാർ 11 സെക്കൻഡിൽ 100 മീറ്റർ ഓടിയെത്തണം. ഏറ്റവും മികച്ച പ്രതിരോധം മറികടക്കാൻ ജിംനാസ്റ്റിക്സിലേതെന്ന പോലെ ശരീരം െഫ്ലക്സിബിളാക്കണം. എല്ലാവരെയും ഗോളിന്‍റെ ഭാഗമാക്കിമാറ്റി. കളിയിൽ എതിരാളിയുടെ മേഖലയിൽ ശൂന്യമായ ഇടങ്ങൾ ബോധപൂർവം സൃഷ്ടിക്കുകയും, പെട്ടന്ന് പന്ത് അവിടെ എത്തിക്കുകയും വേഗത്തിൽ പാഞ്ഞടുത്ത് വലകുലുക്കുകയും ചെയ്യുന്ന പഴയൊരു കളി രീതിക്ക് പുതുമ നൽകി അവതരിപ്പിച്ചു. അതിനുവേണ്ടി എല്ലാ കളിക്കാരെയും ഫോർവേഡുകളായി പരിശീലിപ്പിച്ചു. ഒപ്പം പ്രതിരോധ തന്ത്രങ്ങളും പകർന്നു നകൽകി. ഗോളിയിൽ നിന്ന് തുടങ്ങുന്ന ലോങ് ബാൾ അറ്റാക്കും ഒപ്പം ചേർന്നു.

ബഹുനിർമിതമായ ശൈലിയിലൂടെ ഉയർന്നുവന്ന അയാക്സ് ടീം അങ്ങനെ ലോകോത്തരമായി മാറി. യൂറോപ്യൻ കപ്പ് ജേതാക്കളും നെതർലൻഡ്സ് ജേതാക്കളുമെല്ലാമായി അവർ മാറി. പിന്നെ ബാഴ്സലോണയിലും മൂന്നുവർഷം പയറ്റി. അതിന്‍റെ തുടർച്ചയായി 1974ലോകകപ്പ് ടീമിന്‍റെ നായകനായി നെതർലൻഡ്സിലെത്തി ടോട്ടൽ ഫുട്ബാളിനെ ലോകത്തിന് മുന്നിൽ അതിശയത്തോടെ അവതരിപ്പിച്ചു.

പിന്നെ അയാക്സിലും ബാഴ്സയിലും നെതർലൻഡ്സിലുമെല്ലാമായി മാറി മാറി പരിശീലക വേഷമണിഞ്ഞ റിനസ് മൈക്കിൾസ് ലോകോത്തര പരിശീലകനായി മാറി. ലോകഫുട്ബാളിലെ എക്കാലത്തെയും മികച്ച പരിശീലകനായി ഫിഫയും ഫ്രാൻസെ ഫുട്ബാളും 'ദി ടൈംസും' ഉൾപ്പെടെ തെരഞ്ഞെടുത്തതും ഇദ്ദേഹത്തെയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsqatarworldcup 2022
News Summary - Capitalism Vs Communism A German battle in the field
Next Story