കാൻഡിഡേറ്റ്സ് ചെസ്: ഗുകേഷിന് തോൽവി; പ്രഗ്നാനന്ദക്ക് സമനില
text_fieldsടോറന്റോ: കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിൽ ഒന്നാം സ്ഥാനത്തായിരുന്ന ഗുകേഷിന് തോൽവിയോടെ താഴോട്ടിറക്കം. ഫ്രഞ്ച് താരം അലിറിസ ഫൈറൂസ്ജക്ക് മുന്നിൽ ടൂർണമെന്റിലെ ആദ്യ തോൽവി വഴങ്ങിയാണ് 17കാരനായ ഗുകേഷ് പോയിന്റ് നഷ്ടപ്പെടുത്തിയത്.
അതേസമയം, ആർ. പ്രഗ്നാനന്ദ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ സമനിലയിൽ തളച്ചു. ഇതോടെ, കരുവാന, പ്രഗ്നാനന്ദ, ഗുകേഷ് എന്നിവർ നാലു പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. അമേരിക്കയുടെ ഹികാരു നകാമുറയോട് സമനിലയിൽ കുരുങ്ങിയ റഷ്യയുടെ ഇയാൻ നെപ്പോംനിയാഷി 4.5 പോയിന്റുമായി ഒറ്റക്ക് ലീഡ് തുടരുകയാണ്. മറ്റൊരു കളിയിൽ നിജാത് അബാസോവിനെ സമനിലയിൽ പിടിച്ച് വിദിത് ഗുജറാത്തി 3.5 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്കു കയറി.
വനിതകളിൽ ആർ. വൈശാലി മൂന്നാം തോൽവി സമ്മതിച്ചു. ചൈനയുടെ ടിങ്ജി ലീയാണ് വൈശാലിയെ വീഴ്ത്തിയത്. കൊനേരു ഹംപി, അന്ന മുസിചുകുമായി സമനിലയിൽ പിരിഞ്ഞു. നിലവിൽ വനിതകളിൽ ഇന്ത്യയുടെ കിരീട പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ച നിലയിലാണ്.

