Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യ-ബ്രസീൽ മത്സരം വെറും 'സർക്കസ്'; കോടികൾ മുടക്കുന്നതിൽ യാതൊരു യുക്തിയുമില്ലെന്ന് ബൈചുങ് ബൂട്ടിയ

text_fields
bookmark_border
ഇന്ത്യ-ബ്രസീൽ മത്സരം വെറും സർക്കസ്; കോടികൾ മുടക്കുന്നതിൽ യാതൊരു യുക്തിയുമില്ലെന്ന് ബൈചുങ് ബൂട്ടിയ
cancel

കൊൽക്കത്ത: സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഇന്ത്യ-ബ്രസീൽ ഫുട്ബാൾ സൗഹൃദ മത്സരത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ നായകൻ ബൈചുങ് ബൂട്ടിയ. ഇന്ത്യ-ബ്രസീൽ മത്സരം ഒരു 'സർക്കസ്' ആണെന്നും, കോടികൾ മുടക്കി ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുന്നതിൽ യാതൊരു യുക്തിയുമില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്ത് ഫുട്ബാൾ വികസിപ്പിക്കുകയാണോ അതോ കളിക്കാർക്ക് ബ്രസീലിനെതിരെ കളിക്കാൻ അവസരമൊരുക്കുകയാണോ ഫെഡറേഷന്റെ ലക്ഷ്യമെന്നും അദ്ദേഹം ചോദിച്ചു.

കളിക്കാർക്കും ആരാധകർക്കും ഈ മത്സരം വലിയൊരു അനുഭവമായിരിക്കാം. ഒരു ഫുട്ബാൾ താരം എന്ന നിലയിൽ ബ്രസീലിനെതിരെ കളിക്കാൻ താനും ആഗ്രഹിച്ചിരുന്നു. എന്നാൽ അർഹതയുടെ അടിസ്ഥാനത്തിലാകണം ഇന്ത്യ കരുത്തരായ ബ്രസീലിനെ നേരിടേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. ജൂലൈ 30-ന് ഈ സൗഹൃദ മത്സരം പ്രഖ്യാപിച്ചതുമുതൽ ഇതിനെതിരെ ശബ്ദമുയർത്തുന്ന വ്യക്തിയാണ് ബൂട്ടിയ. ആരാധകരോട് ഈ മത്സരം ബഹിഷ്കരിക്കാനും അദ്ദേഹം മുൻപ് ആവശ്യപ്പെട്ടിരുന്നു.

"ഈ മത്സരത്തിനായി ബ്രസീലിന് 50-60 കോടി രൂപ നൽകാനാണ് ഫെഡറേഷന്റെ തീരുമാനം. ഇത് തീർത്തും യുക്തിരഹിതമായ കാര്യമാണ്. അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ്റെ (എ.ഐ.എഫ്.എഫ്) എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഞാനുമുണ്ട്. കഴിഞ്ഞ ബജറ്റിൽ 14 മുതൽ 16 കോടി രൂപയുടെ വരെ കുറവുണ്ടായിരുന്നു. സ്പോൺസർമാരെ ലഭിക്കാതെ ഐ ലീഗിലെയും ഐ.എസ്.എല്ലിലെയും (ഇന്ത്യൻ സൂപ്പർ ലീഗ്) പല ക്ലബ്ബുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്"- ബൂട്ടിയ ചൂണ്ടിക്കാട്ടി.

ബ്രസീലിനെതിരായ സൗഹൃദ മത്സരത്തിനായി ഇന്ത്യ ഫിഫ ആസിയാൻ കപ്പിൽ നിന്ന് പിന്മാറിയ തീരുമാനത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. നിലവിൽ 138-ാം സ്ഥാനത്തുള്ള ഇന്ത്യക്ക് റാങ്കിങ്ങിൽ അടുത്തുനിൽക്കുന്ന ഇന്തോനേഷ്യ, സിംഗപ്പൂർ, മലേഷ്യ എന്നിവർക്കെതിരെ കളിക്കാൻ ലഭിച്ച മികച്ച അവസരമായിരുന്നു ആസിയാൻ കപ്പ്. കുറഞ്ഞത് മൂന്ന് മത്സരങ്ങളെങ്കിലും ലഭിക്കുമായിരുന്ന ആ മികച്ച അവസരം ഉപേക്ഷിച്ച്, നിലവിൽ ആറാം റാങ്കിലുള്ള ബ്രസീലിനെതിരെ ഇത്രയും പണം ചിലവാക്കി ഒരു സൗഹൃദ മത്സരം സംഘടിപ്പിച്ചതിൽ യാതൊരു അർത്ഥവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജപ്പാൻ ഫുട്ബാൾ വികസിപ്പിച്ച മാതൃകയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ബ്രസീലിയൻ താരങ്ങളെയും സിക്കോയെപ്പോലുള്ള കോച്ചുമാരെയും കൊണ്ടുവന്ന് തങ്ങളുടെ കളിക്കാരെ വളർത്തിയെടുക്കാനാണ് ജപ്പാൻ ശ്രദ്ധിച്ചത്. ബ്രസീലിയൻ ശൈലിയുമായി സഹകരിച്ച് ഇന്ത്യയും അത്തരം മാറ്റങ്ങളാണ് കൊണ്ടുവരേണ്ടത്.

"ഒന്നിനെക്കുറിച്ചും ധാരണയില്ലാത്ത ഒരാൾ പ്രസിഡന്റാകുമ്പോൾ എല്ലാം ഒരു സർക്കസായി മാറും. അതാണ് ഇപ്പോൾ ഇന്ത്യൻ ഫുട്ബാളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ ഫിഫ റാങ്കിങ് നോക്കൂ, നൂറിനുള്ളിൽ നിന്നാണ് നമ്മൾ 140-നടുത്തേക്ക് കൂപ്പുകുത്തിയത്. ഏഷ്യൻ കപ്പിൽ പോലും സ്വന്തം മികവിലായിരുന്നില്ല നമ്മൾ കളിച്ചത്"- എ.ഐ.എഫ്.എഫ് നേതൃത്വത്തെ നിശിതമായി വിമർശിച്ചുകൊണ്ട് ബൂട്ടിയ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bhaichung Bhutia Calls India-Brazil Match a 'Circus'
Next Story