
ലപ്പോർട്ട ബാഴ്സലോണ പ്രസിഡന്‍റ്
text_fieldsമഡ്രിഡ്: സാമ്പത്തിക തട്ടിപ്പ് കുരുക്കിൽ പ്രസിഡന്‍റ് ബർതോമിയോ രാജിവെക്കുകയും അറസ്റ്റിലാകുകയും ചെയ്ത ബാഴ്സലോണയെ നയിക്കാൻ പിൻഗാമിയായി ലപ്പോർട്ട എത്തുന്നു. ഞായറാഴ്ച നടന്ന വോട്ടെടുപ്പിൽ 54 ശതമാനം വോട്ടോടെയാണ് ലപ്പോർട്ട ഇടവേളക്കു ശേഷം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. പെപ് ഗാർഡിയോളയെ പരിശീലക പദവിയിലും റൊണാൾഡീഞ്ഞോ, സാമുവൽ എറ്റൂ തുടങ്ങിയവരെ താരനിരയിലും എത്തിച്ച് കറ്റാലൻമാരെ തുല്യതയില്ലാത്ത നേട്ടങ്ങളിലേക്ക് വഴിനടത്തിയ 2003-10 കാലയളവിനു ശേഷം ബർതോമിയോ ആയിരുന്നു ക്ലബ് പ്രസിഡന്റ്്. ലയണൽ െമസ്സിയെ ബാഴ്സലോണയിൽ നിലനിർത്തുമെന്ന പ്രഖ്യാപനത്തോടെയാണ് ലപ്പോർട്ട അങ്കത്തട്ടിൽ സജീവമായിരുന്നത്. അതിന് അംഗങ്ങൾ നൽകിയ അംംഗീകാരമായി വേണം വിജയത്തെ കാണാൻ.
ഒക്ടോബറിലാണ് ജോസപ് ബർതോമിയോ രാജിവെച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ക്ലബിൽ ബർതോമിയോക്കെതിരെ കലാപം രൂക്ഷമായിരുന്നു. അടുത്തിടെ അറസ്റ്റിലാകുകയും ചെയ്തു.
വോട്ടെടുപ്പിൽ വിക്ടർ ഫോണ്ട് 30 ശതമാനം വോട്ടുകളുമായി രണ്ടാമതെത്തി. 109,531 അംഗങ്ങളുള്ള തെരഞ്ഞെടുപ്പിൽ 55,611 അംഗങ്ങളാണ് വോട്ടെടുപ്പിനെത്തിയത്. ജനുവരിയിൽ നടക്കേണ്ടതായിരുന്നുവെങ്കിലും കാറ്റലോണിയയിൽ കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കിയതോടെ നീട്ടുകയായിരുന്നു.
നേരത്തെ, ലപ്പോർട്ട ടീം പ്രസിഡന്‍റായിരിക്കെയാണ് ലയണൽ മെസ്സി ലോക ഫുട്ബാളിൽ വലിയ വിലാസങ്ങൾ കുറിക്കുന്നത്. സുവാരസിനെയുൾപെടെ നഷ്ടമായെങ്കിലും പുതിയ ഭാരവാഹിക്കു കീഴിൽ മെസ്സിയും സംഘവും യഥാർഥ ഫോം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ.
ബുധനാഴ്ച ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിക്കെതിരെയാണ് ടീമിന്‍റെ അടുത്ത മത്സരം.