ന്യൂഡൽഹി: കോവിഡിൽ കുടുങ്ങി ഏറെയായി വീട്ടിലിരിക്കുന്ന താരങ്ങൾ വീണ്ടും റാക്കറ്റേന്താൻ ഒരുങ്ങുന്ന ബാഡ്മിൻറൺ കോർട്ടിൽ പുതിയ ആധി. ഡെന്മാർക്കിൽ അടുത്തമാസം നടക്കുന്ന തോമസ്, ഊബർ കപ്പിനായി തിങ്കളാഴ്ച ആരംഭിക്കേണ്ട പരിശീലന ക്യാമ്പാണ് ആശങ്കകൾക്കൊടുവിൽ റദ്ദാക്കിയത്.
സായ് ഗോപിചന്ദ് ബാഡ്മിൻറൺ അക്കാദമിയിലായിരുന്നു ക്യാമ്പ് നിശ്ചയിച്ചത്. അക്കാദമിയിലെത്തുന്ന താരങ്ങൾ കോവിഡ് പി.സി.ആർ ടെസ്റ്റ് നെഗറ്റിവ് റിസൽട്ട് ഹാജരാക്കണമെന്നും ഒരാഴ്ച ക്വാറൻറീനിലിരിക്കണമെന്നുമാണ് ചട്ടം. ആറാംദിവസം വീണ്ടും ടെസ്റ്റ് ചെയ്ത് നെഗറ്റിവാകണം. പരിശോധന കാലയളവ് കൂടി പരിഗണിച്ച് ചുരുങ്ങിയത് എട്ടുമുതൽ 10 വരെ ദിവസം ക്വാറൻറീലിരുന്ന ശേഷമേ അക്കാദമിയിൽ പരിശീലനത്തിൽ ചേരാനാകൂ എന്നുവന്നതോടെ പലരും പിന്മാറി.
വിഷയം തീരുമാനമാകുംവരെ പങ്കെടുക്കൽ നിർബന്ധമില്ലെന്ന് അധികൃതരും പറഞ്ഞു. ഇതിനു പിന്നാലെയായിരുന്നു റദ്ദാക്കൽ. ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. തോമസ് കപ്പിനുള്ള താരങ്ങൾ സെപ്റ്റംബർ 27ന് പുറപ്പെടണം. അവിടെയും ടെസ്റ്റും ക്വാറൻറീനും കഴിഞ്ഞാലേ കോർട്ടിലിറങ്ങാനാകൂ. ഒക്ടോബർ മൂന്നുമുതൽ 11 വരെയാണ് ഡെന്മാർക്കിലെ മത്സരങ്ങൾ.
തോമസ് കപ്പ്: കിഡംബി ശ്രീകാന്ത്, പാരുപ്പള്ളി കശ്യപ്, ലക്ഷ്യ സെൻ, സുഭാങ്കർ ഡെ, സിറിൽ വർമ, മനു അത്രി, സുമിത് റെഡ്ഡി, എം.ആർ അർജുൻ, ധ്രുവ് കപില, കൃഷ്ണ പ്രസാദ് ഗരഗ.
ഊബർ കപ്പ്: പി.വി സിന്ധു, സൈന നെഹ്വാൾ, ആകർശി കശ്യപ്, മാളവിക ബൻസോദ്, അശ്വിനി പൊന്നപ്പ, സിക്കി റെഡ്ഡി, പൂജ ദണ്ഡു, പൂർവിശ റാം, ജക്കംപുഡി മെഘന.