മധുര മനോജ്ഞം! ചൈന മാസ്റ്റേഴ്സിൽ സാത്വിക്-ചിരാഗ് സഖ്യം ജേതാക്കൾ
text_fieldsഷെൻജെൻ: ചൈന മാസ്റ്റേഴ്സ് സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റിൽ കന്നിക്കിരീടം സ്വന്തമാക്കി ഇന്ത്യയുടെ സൂപ്പർ സഖ്യം. ആവേശം അവസാന നിമിഷം വരെ നീണ്ടുനിന്ന പുരുഷ ഡബ്ൾസ് ഫൈനലിൽ ചൈനയുടെ ഹീ ജി ടിങ്-റെൻ സിയാങ് യു ജോടിയെയാണ് സാത്വിക് സായിരാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് പരാജയപ്പെടുത്തിയത്. ഒരു മണിക്കൂറും 10 മിനിറ്റും നീണ്ടുനിന്ന കടുത്ത പോരാട്ടത്തിൽ, ആദ്യ ഗെയിം നഷ്ടമായ ശേഷം 11-21, 21-13, 21-17 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ തകർപ്പൻ വിജയം. ചൈന മാസ്റ്റേഴ്സിൽ മൂന്നാം തവണ ഫൈനലിൽ കളിച്ച സാത്വിക്-ചിരാഗ് ജോടി ഒടുവിൽ കിരീട വരൾച്ചക്ക് വിരാമമിട്ടു. 2023, 2025 വർഷങ്ങളിൽ ഇവർ റണ്ണേഴ്സ് അപ് ആയിരുന്നു. ഈ സീസണിൽ ഇന്ത്യൻ സഖ്യം നേടുന്ന രണ്ടാമത്തെ വലിയ കിരീടമാണിത്. നേരത്തേ ഇവർ സിംഗപ്പൂർ ഓപൺ സൂപ്പർ 750 കിരീടവും സ്വന്തമാക്കിയിരുന്നു.
ഒന്നാം ഗെയിമിൽ ചൈനീസ് താരങ്ങളുടെ സമ്പൂർണ ആധിപത്യമാണ് കണ്ടത്. തുടക്കം മുതൽ വേഗമേറിയ ആക്രമണങ്ങളുമായി ടിങ്-റെൻ ജോടി 5-0 ത്തിന് മുന്നിലെത്തി. ചൈനയുടെ കരുത്തുറ്റ സ്മാഷുകൾക്ക് മുന്നിൽ ഇന്ത്യൻ പ്രതിരോധം പാളി. ആദ്യ പകുതിയിൽ 14-7നും പിന്നീട് ചിരാഗിന്റെ സർവിസ് പിഴവുകൾ കൂടിയായപ്പോൾ 17-9നും ആതിഥേയർക്ക് ലീഡ്. ഒടുവിൽ 21-11ന് ടിങ്-റെൻ സഖ്യം ഒന്നാം ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിൽ സാത്വിക്കും ചിരാഗും ശക്തമായി തിരിച്ചുവന്നു. സാത്വിക്കിന്റെ ഫ്ലിക് സർവിസുകൾ ചൈനീസ് താരങ്ങളെ ആശയക്കുഴപ്പത്തിലാക്കി. റാലികളുടെ നീളം കൂട്ടി കളി നിയന്ത്രിച്ച ഇന്ത്യ 7-6ന് ലീഡെടുത്തു. തുടർന്ന് ചിരാഗിന്റെ ബോഡി സ്മാഷിലൂടെ ലീഡ് 9-6 ആക്കി ഉയർത്തി. മത്സരത്തിലെ ഏറ്റവും നീളമേറിയ 45 ഷോട്ടുകളുടെ റാലി ജയിച്ചതോടെ ഇന്ത്യ 12-8നും പിന്നീട് 17-11നും മുന്നിൽ. ഒടുവിൽ സാത്വിക്കിന്റെ ആക്രമണാത്മക റിട്ടേണിലൂടെ 21-13ന് ഇന്ത്യ രണ്ടാം ഗെയിം പിടിച്ചെടുത്തു.
നിർണായകമായ മൂന്നാം ഗെയിമിൽ ചൈനീസ് സഖ്യം ആദ്യം 4-0ത്തിനും പിന്നീട് 7-3നും ലീഡെടുത്തിരുന്നു. എന്നാൽ, ചിരാഗിന്റെ സ്മാഷിലൂടെയും എതിർ താരങ്ങളുടെ പിഴവുകളിലൂടെയും ഇന്ത്യ 7-7ന് ഒപ്പമെത്തി. ആദ്യ പകുതിയിൽ ചൈന രണ്ട് പോയന്റ് ലീഡ് നേടി (11-13). പിന്നീട് ഇരുവിഭാഗവും നെറ്റിന് മുകളിലൂടെയുള്ള ഫ്ലാറ്റ് എക്സ്ചേഞ്ചുകളുമായി കളം നിറഞ്ഞപ്പോൾ സ്കോർ 16-16 ആയി. തുടർന്ന് 18-17ന് ഇന്ത്യ മുന്നിലേക്ക്. കളി അവസാന ഘട്ടത്തിലേക്ക് നീങ്ങിയപ്പോൾ ലഭിച്ച മാച്ച് പോയന്റിൽ ചിരാഗിന്റെ തകർപ്പൻ സ്മാഷിലൂടെ ഇന്ത്യ 21-17ന് ഗെയിമും ചാമ്പ്യൻഷിപ്പും സ്വന്തമാക്കി. വിലക്കിന് ശേഷം കോർട്ടിലേക്ക് തിരിച്ചെത്തിയ ചൈനീസ് സഖ്യത്തിനെതിരെ സാത്വിക്കും ചിരാഗും നേടുന്ന തുടർച്ചയായ മൂന്നാമത്തെ വിജയമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

