ഓൾ ഇംഗ്ലണ്ട് ഓപൺ: ലക്ഷ്യ സെൻ ലക്ഷ്യത്തിനരികെ വീണു
text_fieldsഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യനായ വിക്ടർ അക്സൽസൺ ട്രോഫിയുമായി. റണ്ണറപ്പ് ലക്ഷ്യ സെൻ സമീപം
ലണ്ടൻ: ഓൾ ഇംഗ്ലണ്ട് ഓപൺ ബാഡ്മിന്റണിൽ കലാശപ്പോരിൽ വീണ് ഇന്ത്യയുടെ യുവപ്രതീക്ഷയായ ലക്ഷ്യ സെൻ. ലോക ഒന്നാം നമ്പർ താരം വിക്ടർ അക്സൽസണിനോടാണ് നേരിട്ടുള്ള സെറ്റുകളിൽ തകർന്നത്. സ്കോർ: 21-10, 21-15.
ജർമൻ ഓപൺ സെമിയിലെ അട്ടിമറിക്ക് കണക്കുചോദിക്കാനെത്തിയ ലോക ഒന്നാം നമ്പർ താരത്തിനുമുന്നിൽ ഒരു ഘട്ടത്തിലും ലക്ഷ്യക്ക് പിടിച്ചുനിൽക്കാനായില്ല. ഇരുസെറ്റുകളിലും തുടക്കം മുതൽ ആധിപത്യം നേടിയ ഡെന്മാർക്ക് താരം ഡ്രോപ്പുകളും ഷോട്ടുകളും ഒരേ മികവോടെ ഉപയോഗിച്ചാണ് ഇന്ത്യൻ താരത്തെ തളച്ചത്.
പ്രകാശ് പദുകോണിനും പുല്ലേല ഗോപിചന്ദിനും ശേഷം ഓൾ ഇംഗ്ലണ്ട് ഓപണിൽ ഇന്ത്യൻ മുത്തം പ്രതീക്ഷിച്ച ലക്ഷ്യ അതിവേഗം തോൽവി സമ്മതിച്ചു. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻ സീ ജിയയെ സെമിയിൽ മുട്ടുകുത്തിച്ചായിരുന്നു ലക്ഷ്യ ഫൈനലിലെത്തിയത്.
വനിതകളിൽ ജപ്പാൻ താരം അകാനെ യമാഗുച്ചിക്കാണ് കിരീടം. ദക്ഷിണ കൊറിയയുടെ ആൻ സിയോങ്ങിനെ നേരിട്ടുള്ള സെറ്റുകളിലാണ് വീഴ്ത്തിയത്. സ്കോർ: 21-15, 21-15.