‘ഇനി കളിക്കാനാകില്ല, നിർത്തുന്നു...’; ഒടുവിൽ വിരമിക്കൽ സ്ഥിരീകരിച്ച് ബാഡ്മിന്‍റൺ സൂപ്പർതാരം സൈന നെഹ്‌വാൾ
text_fieldsസൈന നെഹ്‌വാൾ
മുംബൈ: ബാഡ്മിന്റൺ കോർട്ടിൽ വിസ്മയങ്ങൾ തീർത്ത ഇന്ത്യൻ ഇതിഹാസം സൈന നെഹ്‌വാൾ ഒടുവിൽ വിരമിക്കൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കടുത്ത മുട്ടുവേദനയും ശാരീരിക ബുദ്ധിമുട്ടുകളും കാരണം രണ്ടു വർഷമായി മത്സരങ്ങളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇനി കളിക്കാനാകില്ലെന്നും പരിശീലനം നടത്താനുള്ള കായികക്ഷമത ഇല്ലെന്നും പറഞ്ഞാണ് റാക്കറ്റ് താഴെവെക്കുന്ന വിവരം താരം വെളിപ്പെടുത്തിയത്.
2012 ലണ്ടൻ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവായ സൈന, 2023 സിംഗപ്പൂർ ഓപ്പണിലാണ് അവസാനമായി ഒരു മത്സര ടൂർണമെന്‍റ് കളിച്ചത്. ‘രണ്ടു വർഷം മുമ്പ് കളിക്കുന്നത് നിർത്തിയിരുന്നു. എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ബാഡ്മിന്‍റണിലേക്ക് വന്നത്, അതുപോലെ തന്നെയാണ് നിർത്തുന്നതും. അതിനാൽ തന്നെ ഔദ്യോഗിക പ്രഖ്യാപനത്തിന്‍റെ ആവശ്യമില്ല’ -സൈന ഒരു പോഡ്കാസ്റ്റിൽ പറഞ്ഞു. നിങ്ങൾക്ക് ഇനി കളിക്കാനാകില്ലെന്ന് തോന്നിയാൽ നിർത്തുന്നതാണ് നല്ലതെന്നും താരം കൂട്ടിച്ചേർത്തു.
കഠിനമായ ശാരീരിക പരിശീലനങ്ങൾ താങ്ങാൻ തന്റെ ശരീരത്തിന് ഇനി കഴിയില്ലെന്ന് മനസ്സിലാക്കിയാണ് ബാഡ്മിന്‍റണിനോട് വിട പറയുന്നത്. ബാഡ്മിന്റണിൽ ലോക ഒന്നാം നമ്പർ പദവിയിലെത്തിയ ആദ്യ ഇന്ത്യൻ വനിതാ താരം കൂടിയാണ്. മുട്ടിലെ തരുണാസ്ഥി (കാർട്ടിലേജ്) പൂർണമായും നശിച്ചെന്നും തനിക്ക് ആർത്രൈറ്റിസ് (വാതം) ബാധിച്ചെന്നും സൈന വെളിപ്പെടുത്തി. എട്ടു മണിക്കൂറോളം നീണ്ട പരിശീലനത്തിലൂടെയാണ് ബാഡ്മിന്‍റണിലെ ഏറ്റവും മികച്ച താരമായത്. ഇപ്പോൾ ഒന്നോ രണ്ടോ മണിക്കൂർ പരിശീലിക്കുമ്പോഴേക്കും മുട്ട് വീർക്കുകയും കടുത്ത വേദന കാരണം പരിശീലനം തുടരാൻ പറ്റാത്ത അവസ്ഥയിൽ എത്തുകയാണെന്നും താരം വ്യക്തമാക്കി.
2016ലെ റിയോ ഒളിമ്പിക്സിലാണ് സൈനക്ക് കാൽമുട്ടിന് പരിക്കേൽക്കുന്നത്. പിന്നാലെ പരിക്കിൽനിന്ന് മോചിതയായ കൂടുതൽ കരുത്തോടെ ബാഡ്മിന്‍റൺ കോർട്ടിലേക്ക് മടങ്ങിയെത്തിയ താരം, 2017ൽ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും 2018ൽ കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും നേടി. പരിക്ക് വീണ്ടും വീണ്ടും വേട്ടയാടിയതോടെയാണ് കളി നിർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

