ജർമൻ ഓപൺ: ലക്ഷ്യ സെൻ ഫൈനലിൽ തോറ്റു
text_fieldsബർലിൻ: ഇന്ത്യയുടെ പുതുമുഖ സൂപ്പർ താരം ലക്ഷ്യ സെന്നിന് ജർമൻ ഓപൺ കലാശപ്പോരിൽ കാലിടറി. തായ്ലൻഡിന്റെ കുൻലവട്ട് വിറ്റിഡ്സണിനു മുന്നിലാണ് താരം 18-21, 15-21ന് അടിയറവ് പറഞ്ഞത്. സെമിയിൽ ലോക ഒന്നാം നമ്പർ താരം വിക്ടർ അക്സൽസണെ പരാജയപ്പെടുത്തി കരുത്തുകാട്ടിയ ലക്ഷ്യ താരതമ്യേന ദുർബലനായ എതിരാളിക്കെതിരെ പലപ്പോഴും പതറി.
കാലിലേറ്റ പരിക്ക് വില്ലനായെന്നാണ് സംശയം. പരിക്ക് ഭേദമായില്ലെങ്കിൽ വൈകാതെ നടക്കാനിരിക്കുന്ന ഓൾ ഇംഗ്ലണ്ട് ഓപണിൽ ഇറങ്ങാനാകുമോയെന്നാണ് ആശങ്ക. ജൂനിയർ ലോക ചാമ്പ്യനായിരുന്ന വിറ്റിഡ്സൺ ആദ്യമായാണ് സീനിയർ താരമെന്ന നിലക്ക് വലിയ പോരിടത്തിൽ കിരീടം തൊടുന്നത്. ആദ്യവസാനം തായ് താരം മുന്നിൽനിന്ന കളിയിൽ കാലിലെ വേദനമൂലം ലക്ഷ്യ ഡോക്ടറുടെ സഹായവും തേടി.