ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മലേഷ്യയെ വീഴ്ത്തി ഇന്ത്യ
text_fieldsവനിത ഡബിൾസിൽ മലേഷ്യയെ പരാജയപ്പെടുത്തിയ ട്രീസ ജോളി-ഗായത്രി സഖ്യം
ദുബൈ: ഏഷ്യൻ മിക്സഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മലേഷ്യയെ വീഴ്ത്തി ഇന്ത്യ. വ്യാഴാഴ്ച നടന്ന മത്സരത്തിൽ 4-1നാണ് മലേഷ്യയെ ഇന്ത്യ തോൽപിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളിലും ജയിച്ചാണ് ഇന്ത്യയുടെ പ്രയാണം. നേരത്തേ കസാഖ്സ്താനെയും യു.എ.ഇയെയും തോൽപിച്ചിരുന്നു. മലയാളി താരം പ്രണോയിയിലൂടെയാണ് ഇന്ത്യ വിജയത്തുടക്കമിട്ടത്.
ആദ്യ മത്സരത്തിൽ ലീ സി ജിയായെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് പ്രണോയ് കീഴടക്കിയത്. ആദ്യ സെറ്റ് കൈമോശം വന്ന പ്രണോയ് അടുത്ത രണ്ട് സെറ്റുകളിലും വൻ തിരിച്ചുവരവ് നടത്തുകയായിരുന്നു (സ്കോർ: 18-21, 21-13, 25-23). അടുത്ത മത്സരത്തിൽ പി.വി. സിന്ധു വോങ് ലിങ് ചിങ്ങിനെ തോൽപിച്ചു (21-13, 21-17). എന്നാൽ, പുരുഷ ഡബിൾസിൽ ദ്രുവ് കപില-ചിരാജ് ഷെട്ടി സഖ്യം പരാജയപ്പെട്ടു. ആരോൺ ചിയ-സോഹ് വൂയ് ജോഡികൾ 21-16, 21-10 എന്ന സ്കോറിനാണ് ഇന്ത്യയെ തോൽപിച്ചത്. വനിത ഡബിൾസിൽ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം ടാൻ പേർലി-തിനാ മുരളീധരൻ ടീമിനെ 23-21, 21-15 എന്ന സ്കോറിന് തോൽപിച്ചു.