ബാബർ ഒന്നാമതും ഗിൽ മൂന്നാമതും, ആരാണ് ഇതൊക്കെ തീരുമാനിക്കുന്നത്?; ഐ.സി.സി റാങ്കിങ്ങിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പാക് താരം
text_fieldsഇസ്‍ലാമാബാദ്: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) റാങ്കിങ് രീതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ പാക് താരം ബാസിത് അലി. പുതുതായി പുറത്തുവന്ന ഏകദിന റാങ്ക് പട്ടികയെയാണ് താരം ചോദ്യം ചെയ്ത് രംഗത്തെത്തിയത്. പാകിസ്താൻ താരം ബാബർ അസമാണ് ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തിയത്. രണ്ടും മൂന്നും നാലും സ്ഥാനത്ത് യഥാക്രമണം ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ, ശുഭ്മൻ ഗിൽ, വിരാട് കോഹ്‍ലി എന്നിവരായിരുന്നു.
എന്തടിസ്ഥാനത്തിലാണ് ബാബർ അസമും ശുഭ്മാൻ ഗില്ലും ഉൾപ്പെട്ടതെന്ന് ചോദിച്ച ബാസിത്, ആസ്ട്രേലിയയുടെ ട്രാവിസ് ഹെഡ്, ന്യൂസിലാൻഡിന്റെ രചിൻ രവീന്ദ്ര, ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡി കോക്ക് എന്നിവർ ആദ്യ റാങ്കുകളിൽ ഇല്ലാത്തതിനെയും ചോദ്യം ചെയ്തു.
‘ഐ.സി.സി ഏകദിന റാങ്കിങ് വന്നപ്പോൾ, ബാബർ അസം ഒന്നാം സ്ഥാനത്തും രോഹിത് ശർമ, ശുഭ്മൻ ഗിൽ, വിരാട് കോഹ്‌ലി എന്നിവർ രണ്ടും മൂന്നും നാലും സ്ഥാനത്തും ഉണ്ടായിരുന്നു. ട്രാവിസ് ഹെഡിനെയും രചിൻ രവീന്ദ്രയെയും കാണാൻ കഴിയാത്തതിനാൽ ബാക്കിയുള്ള പേരുകൾ വായിക്കേണ്ട ആവശ്യമില്ലെന്ന് എനിക്ക് തോന്നി. ബാബർ നന്നായി പെർഫോം ചെയ്യേണ്ടതില്ലെന്ന് ഐ.സി.സി ആഗ്രഹിക്കുന്നുവെന്ന് ഞാൻ കരുതുന്നു. ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയതിൽ അദ്ദേഹം സന്തോഷവാനായിരിക്കും. ആരാണ് ഈ റാങ്കിങ് നൽകുന്നത്? എന്തടിസ്ഥാനത്തിലാണ് ബാബർ അസമും ശുഭ്മാൻ ഗില്ലും ഉൾപ്പെട്ടത്. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിലാണ് ബാബർ അവസാനമായി ഏകദിനം കളിച്ചത്. രചിൻ രവീന്ദ്രയും ക്വിന്റൺ ഡി കോക്കും ട്രാവിസ് ഹെഡും വിരാട് കോഹ്‍ലിയുമെല്ലാം മൂന്നും നാലും സെഞ്ച്വറികൾ ടൂർണമെന്റിൽ നേടിയിരുന്നു. പാകിസ്താന് വേണ്ടി മുഹമ്മദ് റിസ്‍വാൻ, ഫഖർ സമാൻ എന്നിവർ ഓരോ സെഞ്ച്വറി നേടി. എന്ത് തരം റാങ്കാണ് അവർ നൽകുന്നത്’ -എന്നിങ്ങനെയായിരുന്നു ബാസിത് അലിയുടെ പ്രതികരണം. ശ്രീലങ്കക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് രോഹിത് ശർമയെ രണ്ടാം സ്ഥാനത്തെത്തിച്ചത്. മൂന്ന് ഏകദിനങ്ങളിൽ 52.33 ശരാശരിയിൽ 157 റൺസാണ് ഇന്ത്യൻ നായകൻ നേടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.