ഏഷ്യൻ കായികമേള: ഇന്ത്യക്ക് തലയെടുപ്പോടെ മടക്കം
text_fieldsകായികമേളയിൽ ഒന്നാം സ്ഥാനം നേടിയ ഇന്ത്യൻ സംഘം
കുവൈത്ത്സിറ്റി: നാലാമത് ഏഷ്യൻ കൗമാര കായികമേളയിൽനിന്ന് ഇന്ത്യ മടങ്ങുന്നത് വൻകരയുടെ ജേതാക്കളെന്ന തലയെടുപ്പോടെ. ആറ് സ്വർണം, 11 വെള്ളി, എഴ് വെങ്കലം എന്നിങ്ങനെ 24 മെഡലുമായാണ് ഇന്ത്യ ഒന്നാമതെത്തിയത്. ആറ് സ്വർണം നേടിയ ചൈന തായ്പേയ് ഇന്ത്യക്ക് കനത്ത വെല്ലുവിളി ഉയർത്തിയെങ്കിലും അവസാനം നടന്ന ആൺകുട്ടികളുടെ റിലേയിൽ സ്വർണം നേടി ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു. 2019ലെ മേളയിൽ ചൈന തായ്പേയ്ക്ക് പിറകിൽ രണ്ടാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന ഇന്ത്യക്ക് കുവൈത്തിലെ നേട്ടം മധുര പ്രതികാരമായി.
പെൺകുട്ടികളുടെ മിഡ്ലേ റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീം
35 അംഗ സംഘമാണ് കായികമേളക്കായി കുവൈത്തിലെത്തിയത്.ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ ആകാശ് യാദവ്, 1500 മീറ്ററിൽ അമിത് ചൗധരി, പെൺകുട്ടികളുടെ 800 മീറ്ററിൽ ആശാകിരൺ ബാർല, ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ അതുൽ എന്നിവർക്കൊപ്പം പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും റിലേ ടീമും ഇന്ത്യക്കായി സ്വർണം നേടി.
വെള്ളി നേട്ടം
പെൺകുട്ടികളുടെ ലോങ്ജംപിൽ മുബസിന മുഹമ്മദ്, 400 മീറ്ററിൽ ഇഷ ജാദവ്, ആൺകുട്ടികളുടെ ജാവലിങ് ത്രോയിൽ അർജുൻ, പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ സബിത തോപ്പോ, ആൺകുട്ടികളുടെ ഹാമർ ത്രോയിൽ മുഹമ്മദ് അമാൻ, പെൺകുട്ടികളുടെ ജാവലിങ് ത്രോയിൽ ദീപിക, 3000 മീറ്ററിൽ സുനിത ദേവി, ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ സർവൻ, പെൺകുട്ടികളുടെ പോൾവാൾട്ടിൽ വൻഷിക ഗംഗാസ്, പെൺകുട്ടികളുടെ 2000 മീറ്റർ സ്റ്റീപൽചേസിൽ എക്ത പ്രതീപ് ദേവ്, പെൺകുട്ടികളുടെ ഹെപ്താതണലിൽ മുബസ്സിന മുഹമ്മദ് എന്നിവർ വെള്ളി നേടി.
ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ വെള്ളി നേടിയ മലയാളി സർവൻ
വെങ്കലമെഡൽ നേട്ടം
ആൺകുട്ടികളുടെ പോൾവാൾട്ടിൽ കുൽദീപ് കുമാർ, ഷോട്ട് പുട്ടിൽ സിദ്ദാർഥ് ചൗധരി, പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ നിഖിത കുമാരി, 400 അനുഷ്ക കുംബ, ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ ഹിമാൻഷു മിശ്ര, 400 മീറ്റർ ഹഡിൽസിൽ മുറാദ് സിർമാൻ, പെൺകുട്ടികളുടെ ട്രിപ്പിൾ ജംമ്പിൽ ദിവശ്രീ എന്നിവർ വെങ്കലമെഡൽ നേടി.
അഭിമാനമായി മലയാളികൾ
കുവൈത്ത് സിറ്റി: ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മൂന്ന് മലയാളികളും അഭിമാന നേട്ടവുമായാണ് കുവൈത്തിൽനിന്ന് മടങ്ങിയത്. 35 അംഗ ഇന്ത്യൻ സംഘത്തിൽ മൂന്ന് മലയാളികളാണ് ഉൾപ്പെട്ടിരുന്നത്. മൂന്നുപേർക്കും മെഡൽ നേടാനായി എന്നത് കേരളത്തിനും അഭിമാനമായി. നാലാം ദിവസം 400 മീറ്റർ റിലേയിൽ അഭിരാം, ആഷ്ലിൻ അലക്സാണ്ടർ എന്നിവർ സ്വർണം നേടി.
ആൺകുട്ടികളുടെ 400 മീറ്റർ റിലേയിൽ സ്വർണം നേടിയ മലയാളികളായ അഭിരാം, ആഷ്ലിൻ അലക്സാണ്ടർ എന്നിവരടങ്ങിയ സംഘം
ഡിസ്കസ് ത്രോയിൽ സർവൻ ഇന്ത്യക്കായി വെള്ളി നേടി. 55. 91 മീറ്റർ എന്ന മികച്ച ദൂരം കണ്ടെത്തിയാണ് സർവൻ വെള്ളിമെഡൽ നേടിയത്. പാലക്കാട് സ്വദേശിയാണ് അഭിരാം. കാസർകോട് സ്വദേശിയാണ് സർവൻ, ആലപ്പുഴയിൽ നിന്നുള്ള താരമാണ് ആഷ്ലിൻ അലക്സാണ്ടർ. അഭിരാം 400 മീറ്റർ ഓട്ടത്തിലും പങ്കെടുത്തിരുന്നുവെങ്കിലും മെഡൽ നേടാനായില്ല.