ഏഷ്യൻ യൂത്ത് അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് ഇന്ന് കുവൈത്തിൽ തുടക്കം
text_fieldsഏഷ്യൻ യൂത്ത് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായികസംഘം
കുവൈത്ത് സിറ്റി: നാലാമത് ഏഷ്യൻ യൂത്ത് അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് വ്യാഴാഴ്ച കുവൈത്ത് കൈഫാൻ ഏരിയയിലെ ട്രാക്ക് ആൻഡ് ഫീൽഡ് സ്റ്റേഡിയത്തിൽ തുടക്കമാകും. 33 ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള 400ഓളം കായികതാരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കാൻ കുവൈത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. നാലു ദിവസം നീളുന്ന മത്സരങ്ങൾ രാജ്യത്തെ കായിക മേഖലക്കും ഉണർവ് നൽകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കുവൈത്ത്, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, ഒമാൻ, സിറിയ, ലബനാൻ, ജോർഡൻ, ഫലസ്തീൻ, യമൻ, ഇറാഖ്, ഇറാൻ, ബംഗ്ലാദേശ്, പാകിസ്താൻ, ബ്രൂണെ, ചൈനീസ് തായ്പേയ്, ഹോങ്കോങ്, ഇന്ത്യ, ഇന്തോനേഷ്യ, കസാഖ്സ്താൻ, ദക്ഷിണ കൊറിയ, കിർഗിസ്താൻ, ലാവോസ്, തായ്ലൻഡ്, മലേഷ്യ, നേപ്പാൾ, മാലദ്വീപ്, ഫിലിപ്പീൻസ്, സിംഗപ്പൂർ, താജികിസ്താൻ, വിയറ്റ്നാം, ഉസ്ബകിസ്താൻ തുടങ്ങിയ രാജ്യങ്ങൾ പങ്കെടുക്കും. 26 ഇനങ്ങളിലായി 29 പുരുഷന്മാരും എട്ടു വനിതകളും അടങ്ങുന്ന 37 കായികതാരങ്ങൾ കുവൈത്തിനെ പ്രതിനിധാനംചെയ്ത് മത്സരത്തിൽ പങ്കെടുക്കും. ഇന്റർനാഷനൽ അസോസിയേഷൻ നിയോഗിച്ച 30 ഒഫീഷ്യലുകൾ മത്സരങ്ങൾ നിയന്ത്രിക്കും. ചാമ്പ്യൻഷിപ്പിനായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി കുവൈത്ത് അറിയിച്ചു.
നേട്ടം തുടരാൻ ഇന്ത്യ; 35 താരങ്ങൾ മത്സരിക്കും
കുവൈത്ത് സിറ്റി: ഏഷ്യൻ യൂത്ത് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 35 അംഗ ഇന്ത്യൻ അത്ലറ്റിക്സ് ടീം മത്സരിക്കും. അണ്ടർ 18 ദേശീയ റെക്കോഡ് ജേതാക്കളായ ജാവലിൻത്രോ താരം ദീപിക, പോൾവാൾട്ടർ വൻഷിക ഗംഗാസ് എന്നിവർ ടീമിലെ മിന്നുംതാരങ്ങളാണ്.
കഴിഞ്ഞ മാസം നടന്ന ദേശീയ യൂത്ത് അത്ലറ്റിക്സിൽ 51.84 മീറ്റർ എറിഞ്ഞ് പുതിയ മീറ്റ് റെക്കോഡോടെ ദീപിക സ്വർണം നേടിയിരുന്നു. ദേശീയ യൂത്ത് ചാമ്പ്യൻഷിപ്പിൽ ലോങ്ജംപിലും ഹെപ്റ്റാത്ലണിലും സ്വർണം നേടിയ മുബ്സിന മുഹമ്മദും ഇന്ത്യയുടെ പ്രതീക്ഷയാണ്. 2019ൽ നടന്ന അവസാന മേളയിൽ ചൈനക്കു പിന്നിൽ ഇന്ത്യ രണ്ടാം സ്ഥാനം നേടിയിരുന്നു. ഇത്തവണയും മികച്ച പ്രകടനം നടത്താനാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.