Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണിക്കൂറുകളോളം കാത്തുനിൽപ്പ്; ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഷൂട്ടർമാർക്ക് യാത്രാസൗകര്യമൊരുക്കുന്നതിൽ വീഴ്ച

text_fields
bookmark_border
മണിക്കൂറുകളോളം കാത്തുനിൽപ്പ്; ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഷൂട്ടർമാർക്ക് യാത്രാസൗകര്യമൊരുക്കുന്നതിൽ വീഴ്ച
cancel

നഗോയ: ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടങ്ങിയെങ്കിലും ഇന്ത്യൻ ഷൂട്ടിങ് താരങ്ങളുടെ ദുരിതം തീരുന്നില്ല. സംഘാടകരുടെ ഭാഗത്തുനിന്നുള്ള വൻ വീഴ്ചകൾ കാരണം കൃത്യമായ യാത്രാസൗകര്യങ്ങളില്ലാതെ ഏറെ ബുദ്ധിമുട്ടുകയാണ് ഇന്ത്യൻ താരങ്ങളും പരിശീലകരും.

ഞായറാഴ്ച നടന്ന വനിതാ വിഭാഗം 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ ഇളവേണിൽ വാളറിവൻ, സോനം ഉത്തം മസ്‌കർ, വിദർശ കെ. വിനോദ് എന്നിവരടങ്ങിയ സഖ്യം ഇന്ത്യക്കായി വെള്ളി മെഡൽ നേടിയിരുന്നു. വ്യക്തിഗത ഇനത്തിൽ ഇളവേണിൽ മറ്റൊരു വെള്ളി മെഡൽ കൂടി സ്വന്തമാക്കി. ഐച്ചി പ്രിഫെക്ചറൽ ജനറൽ ഷൂട്ടിങ് റേഞ്ചിൽ ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും, യാത്രാസൗകര്യങ്ങളിലെ അപര്യാപ്തത വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ജപ്പാനിലെ ഐച്ചി-നഗോയയിൽ എത്തിയത് മുതൽ ഇന്ത്യൻ ഷൂട്ടർമാർക്കും പരിശീലകർക്കും നിരന്തരം ഇത്തരം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സെപ്റ്റംബർ 15ന് ജപ്പാനിലെ വിമാനത്താവളത്തിൽ വന്നിറങ്ങിയ ഷൂട്ടിങ് സംഘത്തിന് തങ്ങളുടെ ഹോട്ടലിലേക്കുള്ള വാഹനത്തിനായി മൂന്ന് മണിക്കൂറോളമാണ് കാത്തുകിടക്കേണ്ടി വന്നത്. പിറ്റേദിവസമായ സെപ്റ്റംബർ 16ന് താരങ്ങൾക്ക് വിശ്രമ ദിനമായിരുന്നു.

എന്നാൽ യാത്രാപ്രതിസന്ധി തുടർന്നുള്ള ദിവസങ്ങളിലും ആവർത്തിച്ചു. സെപ്റ്റംബർ 17ന് പരിശീലനത്തിനായി ഷൂട്ടിങ് റേഞ്ചിലേക്ക് പോകാൻ വാഹനം സമയത്ത് എത്താതിരുന്നതിനാൽ താരങ്ങളും പരിശീലകരും വീണ്ടും മൂന്ന് മണിക്കൂറോളം ഹോട്ടലിൽ കാത്തുനിൽക്കേണ്ടി വന്നു. തുടർന്ന് സെപ്റ്റംബർ 18, 19 തീയതികളിൽ അധികമായി ഒരു ബസ് കൂടി അനുവദിച്ചെങ്കിലും ടീമംഗങ്ങൾക്ക് ഒന്നിച്ച് ഷൂട്ടിങ് റേഞ്ചിലേക്ക് യാത്ര ചെയ്യാൻ ഇത് പര്യാപ്തമായിരുന്നില്ല.

ഇന്ത്യ രണ്ട് വെള്ളി മെഡലുകൾ നേടിയ സെപ്റ്റംബർ 20നും ഈ ദുരിതത്തിന് യാതൊരു കുറവുമുണ്ടായിരുന്നില്ല എന്നതാണ് ഏറെ നിരാശാജനകം. ബസിൽ താരങ്ങൾക്കും പരിശീലകർക്കും ഇരിക്കാൻ ആവശ്യമായ സീറ്റുകൾ ഉണ്ടായിരുന്നില്ല. ഒടുവിൽ താരങ്ങൾക്ക് കൃത്യസമയത്ത് റേഞ്ചിലെത്താൻ വേണ്ടി പരിശീലകർക്ക് ബസിൽ നിന്ന് ഇറങ്ങിക്കൊടുക്കേണ്ട അവസ്ഥയാണുണ്ടായത്. പിന്നീട് മറ്റൊരു വാഹനത്തിൽ പരിശീലകർ എത്തിയ ശേഷമാണ് താരങ്ങൾക്ക് മത്സരത്തിനുള്ള അവസാനവട്ട ഒരുക്കങ്ങൾ തുടങ്ങാനായത്.

മത്സരങ്ങളുടെ മൂന്നാം ദിനമായ ഇന്നും (സെപ്റ്റംബർ 21) താരങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമായിട്ടില്ല. ഇന്ന് രാവിലെ ബസിൽ കയറാൻ വലിയ വരിയിൽ ഇരുപത് മിനിറ്റോളമാണ് താരങ്ങൾക്ക് കാത്തുനിൽക്കേണ്ടി വന്നത്. മാത്രമല്ല, ഹോട്ടലിൽ നിന്ന് ഷൂട്ടിങ് റേഞ്ചിലേക്ക് 80 മിനിറ്റ് യാത്രാസമയമാണ് സംഘാടകർ പറഞ്ഞിരുന്നതെങ്കിലും വാഹനസൗകര്യത്തിലെ അപര്യാപ്തത കാരണം രണ്ട് മണിക്കൂറിലധികമെടുത്താണ് സംഘം വേദിയിലെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Asian Games: Travel Woes Haunt Indian Shooters
Next Story