പരിക്ക്, മരുന്നടി, മോശം പ്രകടനം; ഇന്ത്യൻ സംഘത്തിൽനിന്ന് ഇതുവരെ പുറത്തായത് 20ഓളം താരങ്ങൾ
text_fieldsന്യൂഡൽഹി: ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസ് പടിവാതിൽക്കൽ എത്തിനിൽക്കെ ഇന്ത്യൻ സംഘത്തിൽനിന്ന് ഇതിനകം പുറത്തായത് 20ഓളം കായിക താരങ്ങൾ. പരിക്ക്, മോശം പ്രകടനം, ഉത്തേജക മരുന്ന് ഉപയോഗം തുടങ്ങിയ കാരണങ്ങളാലാണ് ഇവരെ ഒഴിവാക്കിയത്. നിലവിലെ ഏഷ്യൻ ഗെയിംസ് വനിത ജാവലിൻ ത്രോ ചാമ്പ്യനും ഒളിമ്പ്യനുമായ അന്നു റാണി, പുരുഷ ലോങ് ജംപ് താരം ഷാനവാസ് ഖാൻ എന്നിവർ കഴിഞ്ഞ ദിവസം പുറത്തായി. മുൻ ഒളിമ്പിക്-ലോക ചാമ്പ്യൻഷിപ് ജേതാവ് നീരജ് ചോപ്ര പരിക്ക് കാരണം ഏതാനും ആഴ്ചകൾക്കു മുമ്പേ പിന്മാറിയിരുന്നു.
അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ നിശ്ചയിച്ച നിർബന്ധിത യോഗ്യതാ മാർക്ക് (57.62 മീറ്റർ) മറികടക്കാൻ കഴിയാത്തതാണ് അന്നുവിന് തിരിച്ചടിയായത്. മോശം പ്രകടനവും ഫിറ്റ്നസ് പ്രശ്നങ്ങളും ഷാനവാസിനും വിനയായി. കോമൺവെൽത്ത് ഗെയിംസിനിടെയുണ്ടായ പരിക്ക് ഭേദമാകാത്തതിനാൽ 110 മീറ്റർ ഹർഡ്ൽസ് താരം തേജസ് ഷിർസെ പുറത്തായി. കാൽമുട്ടിൽ ഗുരുതര പരിക്ക് കണ്ടെത്തിയതിനെത്തുടർന്ന് വുഷു ദേശീയ ചാമ്പ്യൻ ദിവ്യാൻഷി ചൗധരിയെ മാറ്റി. ഇന്ത്യയുടെ ഏക പുരുഷ വെയ്റ്റ്‌ലിഫ്റ്ററായ ചാനമ്പം ഋഷികാന്ത സിങ്ങും സമാന കാരണത്താൽ പുറത്തായി. ഇതോടെ ഭാരോദ്വഹനത്തിൽ ഇന്ത്യക്ക് പുരുഷ പ്രതിനിധികളില്ല.
ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) നടത്തിയ പരിശോധനകളിൽ നിരോധിത മരുന്നുകൾ ഉപയോഗിച്ചതായി കണ്ടെത്തുകയോ പരിശോധനക്ക് വിലാസം ലഭ്യമാക്കാതിരിക്കുകയോ ചെയ്തതിനെ തുടർന്ന് 14 താരങ്ങളെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ദീർഘദൂര ഓട്ടക്കാരൻ അഭിഷേക് പാൽ, ഗുസ്തി താരങ്ങളായ മുകുൾ ദാഹിയ, ദീപാൻഷു, ദീപക്, ഭാരോദ്വഹന സംഘത്തിലുണ്ടായിരുന്ന എൻ. അജിത്, സായ്‌രാജ് പർദേശി, ഹർചരൺ സിങ്, വംശിത വർമ, ജൂഡോയിലെ അരുൺ കുമാർ, തുലിക മാൻ, വുഷുവിലെ സൂര്യ ഭാനുപ്രതാപ് സിങ്, ഷൂട്ടർമാരായ ഗൗരവ് കുമാർ മസൂരി, തുഴച്ചിലിലെ ലക്ഷ്യ, 17 വയസ്സുള്ള നീന്തൽ താരം എന്നിവർക്കാണ് വിലക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

