ഷൂട്ടിങ്ങിൽ ഇന്ത്യയുടെ സ്വർണ വരൾച്ച തുടരുന്നു
text_fieldsനഗോയ: ഏഷ്യൻ ഗെയിംസിന്റെ മൂന്നാം ദിവസവും ഷൂട്ടിങ്ങിൽ ഇന്ത്യയുടെ സ്വർണ മെഡൽ വരൾച്ച അവസാനിച്ചില്ല. വലിയ പ്രതീക്ഷയുണ്ടായിരുന്ന 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം ഇനത്തിൽ ഇളവേനിൽ വാളറിവൻ - പാർഥ് രാകേഷ് മാനെ സഖ്യം നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആദ്യ രണ്ട് ദിവസങ്ങളിൽ ഇന്ത്യ നേടിയ ആറിൽ അഞ്ച് മെഡലുകളും ഷൂട്ടർമാരുടെ വകയായിരുന്നെങ്കിലും 2023നെ അപേക്ഷിച്ച് പ്രകടനം താഴോട്ടാണ്.
യോഗ്യതാ റൗണ്ടിൽ 634.6 എന്ന മികച്ച സ്കോറോടെ രണ്ടാം സ്ഥാനക്കാരായാണ് ഇളവേനിലും പാർഥും നാല് ടീമുകൾ മാറ്റുരക്കുന്ന ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഒടുവിൽ 376.3 എന്ന ആകെ സ്കോറോടെ നാലാം സ്ഥാനക്കാരായി ഇന്ത്യ മെഡൽ പോരാട്ടത്തിൽ നിന്ന് ആദ്യം തന്നെ എലിമിനേറ്റ് ചെയ്യപ്പെടുകയായിരുന്നു.
ഈയിനത്തിൽ ചൈന ലോക റെക്കോർഡ് സ്കോറോടെ (507.1) സ്വർണവും ദക്ഷിണ കൊറിയ വെള്ളിയും ആതിഥേയരായ ജപ്പാൻ വെങ്കലവും നേടി. ആദ്യ ദിനം ഇരട്ട മെഡൽ സ്വന്തമാക്കിയിരുന്നു ഇളവേനിൽ.
2023 ഹാങ്ഷൂ ഏഷ്യൻ ഗെയിംസിലെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ ഷൂട്ടിങ് ടീമിന് ഇത്തവണ പ്രതീക്ഷിച്ചത്ര മികച്ച തുടക്കം ലഭിച്ചിട്ടില്ല. കഴിഞ്ഞ തവണ ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ഷൂട്ടിങ്ങിൽ സ്വർണ വേട്ട ആരംഭിച്ചിരുന്നു. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഇനത്തിലും ജേതാക്കളായി. ടൂർണമെന്റ് അവസാനിച്ചപ്പോൾ ഏഴ് സ്വർണമടക്കം ആകെ 22 മെഡലുകളാണ് ഷൂട്ടിങ് ടീം അന്ന് നേടിയത്. സെഞ്ച്വറി കടന്ന മെഡൽവേട്ടയിൽ ഏറ്റവും വലിയ സംഭാവനകളിലൊന്നും ഇവരുടെ വകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

