ഏഷ്യൻ ഗെയിംസിൽ മലയാളിത്തിളക്കം
text_fieldsനഗോയ (ജപ്പാൻ): തിരശ്ശീല വീഴാൻ നാളുകൾ ബാക്കി നിൽക്കെ ഇന്ത്യയുടെ മെഡൽ സ്വപ്നങ്ങളിൽ വീണ്ടും മലയാളിത്തിളക്കം. സെയിലിങ്ങിൽ മനു ഫ്രാൻസിസും പ്രിൻസ് നോബിളുമാണ് വെള്ളി സ്വന്തമാക്കിയത്. പുരുഷന്മാരുടെ സ്കിഫ് വിഭാഗത്തിൽ ഒമ്പത് റേസുകളിൽ 23 പോയിന്റുമായാണ് ഇവർ രണ്ടാമതെത്തിയത്. ചൈന സ്വർണവും ഹോങ്കോങ് വെങ്കലവും നേടി. ഒരു ഘട്ടത്തിൽ നാലാമതായിരുന്ന ഇവർ അവസാനത്തിൽ നടത്തിയ ഗംഭീര തിരിച്ചുവരവാണ് വെള്ളിത്തിളക്കം സമ്മാനിച്ചത്.
ഗ്ലാമർ ഇനങ്ങളായ ക്രിക്കറ്റ്, ഹോക്കി ഇനങ്ങളിൽ ഇന്ത്യ സ്വർണത്തിനരികെയാണ്. പുരുഷ ക്രിക്കറ്റിൽ കാണികൾ കാത്തിരുന്ന സൂപ്പർ അങ്കത്തിന് അവസരമൊരുക്കി ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യ ഫൈനലിലെത്തി. ഹോക്കി സെമിയിൽ മലേഷ്യക്കെതിരെയായിരുന്നു പുരുഷ ടീമിന്റെ തേരോട്ടം. 28 വർഷത്തിനിടെ ആദ്യമായി ഇന്ത്യൻ പുരുഷ- വനിത ടീമുകൾ ഏഷ്യൻ ഗെയിംസ് ഹോക്കി ഫൈനലിലെത്തിയെന്ന സവിശേഷതയുമുണ്ട്. പുരുഷന്മാർ പാകിസ്താനെ മറികടന്നാണ് കലാശപ്പോരുറപ്പിച്ചതെങ്കിൽ ദക്ഷിണ കൊറിയക്കെതിരെയായിരുന്നു വനിതകളുടെ തേരോട്ടം.
ഗ്രീക്കോ- റോമൻ ഗുസ്തിയിൽ നിതേഷ് സിവാച്ചും വെള്ളി നേടിയപ്പോൾ കോമ്പൗണ്ട് ആർച്ചറിയിൽ ഗണേഷ് മണി, രത്നം തിരുമുറു എന്നിവർ വെങ്കലം നേടി. ടീം ഇനത്തിൽ ഇന്ത്യയുടെ പുരുഷ വനിത ടീമുകളും വെങ്കലം നേടി. ജൂഡോ വെങ്കല പോരാട്ടത്തിൽ ഇനുംഗാംബി ടഖെല്ലംബാം, മാൻസി അഹ്ളാവത് എന്നിവർ പരാജയപ്പെട്ടു. ടെന്നിസിൽ അവസാന പ്രതീക്ഷയായിരുന്ന സുമിത് നഗലും പരാജയപ്പെട്ടതോടെ മെഡൽ പ്രതീക്ഷകൾ അസ്തമിച്ചു. വോളിബാളിൽ പാകിസ്താനോടും തോൽവിയറിഞ്ഞു. പോയിന്റ് നിലയിൽ എട്ടാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ. 10 സ്വർണം, 22 വെള്ളി, 32 വെങ്കലം എന്നിങ്ങനെയാണ് സമ്പാദ്യം.
154 സ്വർണം, 71 വെള്ളി, 63 വെങ്കലം എന്നിവ പിടിച്ച് ചൈനയും 59 സ്വർണം, 79 വെള്ളി, 79 വെങ്കലം എന്നിവയുമായി ഒന്നും രണ്ടും സ്ഥാനങ്ങളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

