ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ്: സീമ കുമാരി ഓടിയടുത്തത് ഇന്ത്യയുടെ 16 വർഷത്തെ സ്വപ്നത്തിലേക്ക്
text_fieldsഏഷ്യൻ ഗെയിംസ് വനിതകളുടെ 10,000 മീറ്ററിലെ ഇന്ത്യയുടെ നീണ്ട മെഡൽ കാത്തിരിപ്പിന് വിരാമമിട്ടാണ് ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുത്ത സീമ കുമാരി വെങ്കല മെഡൽ നേടിയത്., ഈ ഇനത്തിൽ 16 വർഷത്തിനു ശേഷമാണ് ഇന്ത്യക്ക് ഒരു മെഡൽ ലഭിക്കുന്നത്.
കടുത്ത പോരാട്ടത്തിന് സാക്ഷ്യം വഹിച്ച മത്സരത്തിൽ 32:50.05 മിനിറ്റിൽ ഫിനിഷ് ചെയ്താണ് സീമ മൂന്നാമതെത്തിയത്. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ വനിതകളുടെ 10,000 മീറ്ററിൽ ഇന്ത്യ നേടുന്ന മൂന്നാമത് മെഡലാണിത്. ബഹ്‌റൈന്‍റെ വിൻഫ്രെഡ് യാവി 32:39.18 മിനിറ്റിൽ സ്വർണ്ണവും ജപ്പാന്റെ നോസോമി തനാക്ക 32:41.54 മിനിറ്റിൽ വെള്ളിയും നേടി.
അവസാന ഘട്ടത്തിൽ യാവിയും തനാക്കയും തമ്മിൽ ഒന്നാം സ്ഥാനത്തിനായി വാശിയേറിയ പോരാട്ടം നടന്നുവെങ്കിലും ബഹ്‌റൈൻ താരം മുന്നിലെത്തുകയായിരുന്നു. അതേസമയം, മറ്റ് താരങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങാതെ ധൈര്യത്തോടെ ഓടിയ സീമ ഇന്ത്യക്ക് പോഡിയം ഫിനിഷ് ഉറപ്പാക്കി. ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ അത്‌ലറ്റിക്‌സിന്റെ ആദ്യ മെഡൽ നേട്ടം കൂടിയാണിത്.
ആത്മവിശ്വാസത്തോടെ പോരാടി സീമ
ക്ഷമയും സഹനശക്തിയും പരീക്ഷിക്കപ്പെടുന്ന മത്സരത്തിൽ യാവിയും തനാക്കയും സ്വർണ്ണത്തിനായി പോരാടുന്ന ചിത്രത്തിലേക്ക് മത്സരം മാറി. മുൻനിരയിലെ ഇരുവരുടെയും വേഗതക്കൊപ്പം എത്താൻ കഴിഞ്ഞില്ലെങ്കിലും, വെങ്കല മെഡൽ ഉറപ്പാക്കാൻ തക്ക ശക്തമായ സ്ഥാനത്ത് തുടരാൻ സീമയ്ക്ക് കഴിഞ്ഞു. ഫിനിഷിങ് ലൈൻ വരെ പോരാട്ടം തുടർന്ന താരം 32:50.05 മിനിറ്റിൽ ഫിനിഷ് ചെയ്ത് ഇന്ത്യയ്ക്കായി ഓർമയിൽ സൂക്ഷിക്കാവുന്നൊരു മെഡൽ സ്വന്തമാക്കി.
വനിതകളുടെ 10,000 മീറ്റർ ഫൈനൽ ഫലം:
വിൻഫ്രെഡ് യാവി (ബഹ്‌റൈൻ) - 32:39.18
നോസോമി തനാക്ക (ജപ്പാൻ) - 32:41.54
സീമ കുമാരി (ഇന്ത്യ) - 32:50.05
ആരാണ് സീമ?
2001 ജനുവരി 10ന് ഹിമാചൽ പ്രദേശിൽ ജനിച്ച സീമ കുമാരി, ഇന്ത്യയുടെ 5,000 മീറ്റർ, 10,000 മീറ്റർ ഇനങ്ങളിൽ തന്റേതായ ഇടം കണ്ടെത്തിയ ദീർഘദൂര ഓട്ടക്കാരിയാണ്. സീമയുടെ വളർച്ച ഈ രണ്ട് വിഭാഗങ്ങളിലെയും സ്ഥിരതയാർന്ന പ്രകടനത്തിലൂടെയായിരുന്നു. ഹോങ്കോങ്ങിൽ നടന്ന 2024 ഏഷ്യൻ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ സീനിയർ വനിതാ വിഭാഗത്തിൽ സ്വർണ്ണം നേടിയ താരം, 2025ലെ FISU വേൾഡ് യൂനിവേഴ്‌സിറ്റി ഗെയിംസിൽ 5,000 മീറ്ററിൽ വെള്ളി നേടി.
2026ൽ, 65ാമത് നാഷണൽ ഇന്റർ-സ്റ്റേറ്റ് സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 10,000 മീറ്ററിൽ സ്വർണ്ണം നേടി സീമ തന്റെ മുന്നേറ്റം തുടർന്നു. ഈ വർഷം രണ്ട് ഇനങ്ങളിലും താരം സ്വന്തം റെക്കോർഡുകൾ മെച്ചപ്പെടുത്തി. മാർച്ച് മാസം കാലിഫോർണിയയിലെ 'ദി ടെൻ' (The TEN) ടൂർണമെന്റിൽ 10,000 മീറ്ററിൽ 32:02.43 മിനിറ്റിൽ ഫിനിഷ് ചെയ്ത് താരം തന്റെ വ്യക്തിഗത മികച്ച സമയം കുറിക്കുകയും അന്താരാഷ്ട്ര തലത്തിലെ കരുത്തുറ്റ താരങ്ങൾക്കിടയിൽ അഞ്ചാം സ്ഥാനം നേടുകയും ചെയ്തു. ഒരു മാസത്തിന് ശേഷം 5,000 മീറ്ററിലും 15:16.20 മിനിറ്റിൽ ഫിനിഷ് ചെയ്ത് താരം പുതിയ വ്യക്തിഗത റെക്കോർഡ് കുറിച്ചു.
2018 ജൂലൈ മുതൽ ഖേലോ ഇന്ത്യ പ്രോഗ്രാമിന്‍റെ ഭാഗമായ സീമക്ക്, 2026 ഏഷ്യൻ ഗെയിംസിന് മുന്നോടിയായുള്ള നാഷണൽ കോച്ചിങ് ക്യാമ്പിലെ പരിശീലനത്തിന് പിന്തുണ ലഭിച്ചിരുന്നു. ടാർഗറ്റ് ഒളിമ്പിക് പോഡിയം സ്കീമിനും, ആനുവൽ കലണ്ടർ ഫോർ ട്രെയിനിങ് ആന്‍റ് കോമ്പറ്റിഷനും (ACTC) കീഴിൽ താരത്തിന് സാമ്പത്തിക സഹായവും ലഭിച്ചിട്ടുണ്ട്. 25ാം വയസ്സിൽ വളർന്നുവരുന്ന തന്‍റെ നേട്ടങ്ങളുടെ പട്ടികയിലേക്ക് ഒരു ഏഷ്യൻ ഗെയിംസ് വെങ്കലം കൂടി കൂട്ടിച്ചേർത്ത സീമ, ഇന്ത്യയിലെ മികച്ച ദീർഘദൂര ഓട്ടക്കാരിൽ ഒരാളായി സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

